kozhikode local

അന്താരാഷ്ട്ര വൈറ്റ്‌വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിന് ഇന്നു തുടക്കം

കോഴിക്കോട്: ആറാമത് മലബാര്‍ റിവര്‍ഫെസ്റ്റിനും ആദ്യ അന്താരാഷ്ട്ര വൈറ്റ് വാട്ടര്‍ കയാകിങ് ചാമ്പ്യന്‍ഷിപ്പിനും ബുധനാഴ്ച തുടക്കമാകും. രാവിലെ ഒമ്പതിന് ചക്കിട്ടപ്പാറ മീന്‍തുള്ളിപ്പാറയില്‍ നടക്കുന്ന ചടങ്ങില്‍ താരങ്ങള്‍ക്ക് തുഴ കൈമാറി ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് ബാബു പറശ്ശേരി  പരിപാടികള്‍ക്ക് തുടക്കം കുറിക്കും.
കോടഞ്ചേരി, തിരുവമ്പാടി പഞ്ചായത്തുകളിലെ ചാലിപ്പുഴ, ഇരുവഞ്ഞിപ്പുഴ ചക്കിട്ടപ്പാറ പഞ്ചായത്തിലെ മീന്‍തുള്ളിപ്പാറ എന്നിവിടങ്ങളില്‍ 18 മുതല്‍ 22 വരെയാണ് മലബാര്‍ റിവര്‍ഫെസ്റ്റിലെ മല്‍സരങ്ങള്‍ നടക്കുന്നത്. അഞ്ച് ദിവസങ്ങളിലായി 20 രാജ്യങ്ങളെ പ്രതിനിധീകരിച്ച് ടീമുകള്‍ പങ്കെടുക്കും. ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലും റാമ്പ് നിര്‍മാണം പുരോഗമിക്കുകയാണ്. മീന്‍തുള്ളിപ്പാറയടക്കം മൂന്ന് കേന്ദ്രങ്ങളിലും പവലിയനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. പുഴകളില്‍ മല്‍സരത്തിനാവശ്യമായ ട്രാക്കുകളും  സ്ഥാപിച്ചു.
ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് 5 മണിക്ക്  മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വ്വഹിക്കും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി മുഖ്യപ്രഭാഷണം നടത്തും. സമാപന സമ്മേളനവും സമ്മാനദാന വിതരണവും 22ന് വൈകിട്ട് അഞ്ച് മണിക്ക് പുല്ലൂരാംപാറയില്‍ മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
19ന് ഇന്റര്‍മീഡിയറ്റ് മല്‍സരങ്ങള്‍ കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍, 20ന് സ്ലാലോം, ബോട്ടോര്‍ ക്രോസ്സ് മല്‍സരങ്ങള്‍ പുല്ലൂരാംപാറ അരിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഇരുവഞ്ഞിപ്പുഴയില്‍, 21ന് ബോട്ടോര്‍ ക്രോസ്സ് ഫൈനല്‍,  22ന് സൂപ്പര്‍ ഫൈനല്‍ അരിപ്പാറയില്‍, 22ന് ഇന്റര്‍മീഡിയറ്റ് ഫൈനല്‍ പുലിക്കയം ചാലിപ്പുഴയില്‍ എന്നിങ്ങനെയാണ് മല്‍സരക്രമം. സംസ്ഥാന ടൂറിസം വകുപ്പിന് കീഴില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലാണ് സംഘാടകര്‍. മല്‍സരത്തില്‍ 15 ലക്ഷമാണ് സമ്മാനത്തുക. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മല്‍സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കുന്നത്. ചാംപ്യന്‍ഷിപ്പിലൂടെ സാഹസിക വിനോദസഞ്ചാര മേഖലയിലെ അവിഭാജ്യ ഘടകമായി കോഴിക്കോടിനെ മാറ്റാനുള്ള ശ്രമത്തിലാണ് സംഘാടകര്‍. ഫെസ്റ്റിന്റെ ഭാഗമായി ഓഗസ്റ്റ 12 വരെ വിവിധ ദിവസങ്ങളിലായി മൗണ്ടയിന്‍ ടെറൈന്‍ ബൈക്കിംഗ്, ഓഫ് റോഡ് ചാമ്പ്യന്‍ഷിപ്പ്് തുടങ്ങിയ സാഹസിക വിനോദ പരിപാടികളും നടക്കും.
Next Story

RELATED STORIES

Share it