Sub Lead

ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെ സ്‌ഫോടക വസ്തുശേഖരം; സമഗ്രാന്വേഷണം നടത്തണമെന്ന് എഡ്‌സിപി ഐ

ആര്‍എസ്എസ് നേതാവിന്റെ വീട്ടിലെ സ്‌ഫോടക വസ്തുശേഖരം; സമഗ്രാന്വേഷണം നടത്തണമെന്ന് എഡ്‌സിപി ഐ
X

കണ്ണൂര്‍: സെന്‍ട്രല്‍ പൊയിലൂരില്‍ ആര്‍എസ്എസ് നേതാവിന്റെ വീട്ടില്‍ നിന്ന് ക്വിന്റല്‍ കണക്കിന് ഉഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കള്‍ പിടികൂടിയ സംഭവത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്നും മുഴുവന്‍ പ്രതികളെയും ഉടന്‍ പിടികൂടുണമെന്നും എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ കണ്ണാടിപറമ്പ് ആവശ്യപ്പെട്ടു. ജില്ലയെ ആകെ ചുട്ടുകരിക്കാനുള്ള സ്‌ഫോടകവസ്തു ശേഖരമാണ് കൊളവല്ലൂര്‍ പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ സെന്‍ട്രല്‍ പൊയിലൂര്‍ വടക്കേയില്‍ പ്രമോദിന്റെയും ബന്ധു വടക്കേയില്‍ ശാന്തയുടെയും വീട്ടില്‍ നിന്ന് പോലിസ് പിടികൂടിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ സ്‌ഫോടക വസ്തു ശേഖരിച്ചുവച്ചത് അധികൃതര്‍ ഗൗരവത്തോടെ കാണണം.

770 കിലോയോളം വരുന്ന സ്‌ഫോടക വസ്തുക്കള്‍ ലഭ്യമാക്കാനും അത് പൊയിലൂരില്‍ എത്തിക്കാനും രഹസ്യമായി സൂക്ഷിക്കാനും സഹായം ചെയ്തവരെ കൂടി അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം. ആര്‍എസ്എസ് ഉന്നത നേതാക്കളുടെ അറിവും നിര്‍ദേശവുമില്ലാതെ ഇത്രയും വലിയ അളവില്‍ സ്‌ഫോടക വസ്തു ശേഖരിച്ച് വയ്ക്കാന്‍ ഇടയില്ല. ഇക്കാര്യങ്ങളെല്ലാം പുറത്ത് കൊണ്ടുവരാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കാന്‍ ആഭ്യന്തര വകുപ്പ് തയ്യാറാവണം. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് കാക്കയങ്ങാട് ആയിച്ചോത്ത് അമ്പലമുക്ക് പന്നിയോട് മുക്കോലപറമ്പത്ത് വീട്ടില്‍ നിര്‍മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ എ കെ സന്തോഷ്, ഭാര്യ ലസിത എന്നിവര്‍ക്ക് പരിക്കേറ്റത്. ഇതിന് മുമ്പ് പയ്യന്നൂര്‍ പെരിങ്ങോത്തും നിര്‍മാണത്തിനിടെ ആര്‍എസ.എസ് നേതാവിന് സ്‌ഫോടനത്തില്‍ പരിക്കേറ്റിരുന്നു. മുഴപ്പിലങ്ങാട് വിവേകാനന്ദ നഗറില്‍ പരസ്യമായാണ് ബോംബ് നിര്‍മാണം നടത്തി പരീക്ഷണ സ്‌ഫോടനം നടത്തിയത്. ഇതൊക്കെ സമീപകാലത്ത് നടന്നതാണ്. ഇതിന് മുമ്പും സമാനമായ സഭവം ഉണ്ടായിരുന്നു. ജില്ലയില്‍ ആര്‍എസ്എസ് ശക്തികേന്ദ്രങ്ങളില്‍ ഇത്തരത്തില്‍ ബോംബ് നിര്‍മാണവും പരീക്ഷണ പൊട്ടിക്കലും നിര്‍ബാധം നടക്കുന്നുവെന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണ്. പോലിസ് ലാഘവത്തോടെയാണ് ഈ സംഭവങ്ങളിലൊക്കെയും അന്വേഷണം നടത്തിയിട്ടുള്ളത്. ഒരു സംഭവത്തില്‍ പോലും ഗുഢാലോചന പുറത്തുകൊണ്ടുവരുന്ന തരത്തില്‍ ആഴത്തിലുള്ള അന്വേഷണം നടക്കാറില്ല. ആര്‍എസ്എസിന്റെ ഫ്രാക്ഷന്‍ പോലിസില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് മാധ്യമങ്ങള്‍ തന്നെ മുമ്പ് പുറത്തുകൊണ്ട് വന്നിരുന്നു. സ്‌ഫോടന സംഭവങ്ങളിലെ അന്വേഷണം പാതിവഴിയില്‍ നിലച്ച് പോവുന്നത് ആര്‍എസ്എസ് ഫ്രാക്ഷന്റെ സ്വാധീനം കാരണമാണോയെന്നും സമഗ്ര അന്വേഷണത്തില്‍ കണ്ടെത്തണം. അതിനായി നീതിബോധവും നിഷ്പക്ഷതയുമുള്ള ഉദ്യോഗസ്ഥരെ അന്വേഷണച്ചുമതലയേല്‍പ്പിക്കണമെന്നും ബഷീര്‍ കണ്ണാടിപറമ്പ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it