World

ഇസ്രായേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങള്‍

ഇസ്രായേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു; നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങള്‍
X
ജെറുസലേം: ഇസ്രായേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ പ്രതിഷേധം കനക്കുന്നു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണം, ഇസ്രായേലില്‍ തിരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് തെല്‍ അവീവില്‍ പതിനായിരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയത്.

യുദ്ധം ആറ് മാസം പിന്നിട്ടിട്ടും ബന്ദി മോചനം സാധ്യമാക്കാന്‍ ഇസ്രായേല്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ശനിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാര്‍ തെരുവ് കീഴടിക്കിയത്. ഇനിയും 100ലധികം ബന്ദികളെ മോചിപ്പിക്കാന്‍ ഉണ്ടെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

അതിനിടെ, തെല്‍ അവീവില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പോലിസിന്റെ നടപടിക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പോലിസ് യഥാര്‍ത്ഥത്തില്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ഇസ്രായേലിന്റെ ദേശീയ സുരക്ഷാ മന്ത്രിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

തെല്‍ അവീവിന് പുറമേ ഇസ്രായേലിലെ മറ്റ് 50-ാളം സ്ഥലങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മാസങ്ങള്‍ മുതല്‍ ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്. വെടിനിര്‍ത്തല്‍ ചര്‍ച്ചകളും തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെടെ കെയ്റോയില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുക.


Next Story

RELATED STORIES

Share it