Latest News

സിപിഎമ്മിന്റെ ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങളിലെ (അ)രാഷ്ട്രീയം തുറന്നുകാട്ടപ്പെടുന്നു

സിപിഎമ്മിന്റെ ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനങ്ങളിലെ (അ)രാഷ്ട്രീയം തുറന്നുകാട്ടപ്പെടുന്നു
X

സമദ് കുന്നക്കാവ്

കേരളത്തിലെ പ്രമുഖ മാര്‍കിസ്റ്റ് സൈദ്ധാന്തികനായ കെ.ടി. കുഞ്ഞിക്കണ്ണന്‍ എഴുതിയ 'ഇസ്‌ലാമിക തീവ്രവാദം: ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനത്തിനൊരാമുഖം' എന്ന കൃതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പ്രമുഖ ഇസ്‌ലാമിക ചിന്തകനും എഴുത്തുകാരനുമായ ശൈഖ് മുഹമ്മദ് കാരക്കുന്ന് 25 ഭാഗങ്ങളായി വാട്ട്‌സാപ്പിലൂടെ നല്‍കിയ മറുപടി 'സി.പി.എമ്മിന്റെ ഇസ്‌ലാം വിമര്‍ശനം, ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍വിലാസത്തില്‍' എന്ന പേരില്‍ പുസ്തക രൂപമായി വായനാലോകത്തെത്തിയിരിക്കുന്നു. കെ.ടി. കുത്തിക്കണ്ണന്‍ രചിച്ച പുസ്തകം ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനത്തിന്റെ ചരിത്രത്തിലെ ആദ്യത്തേതുമൊന്നുമല്ല.മറിച്ച് മാര്‍ക്‌സിസത്തിന്റെ ക്ലാസിക്കല്‍ വര്‍ഗയുക്തികളെ കുടഞ്ഞെറിയാനാകാത്ത ഇടതുപക്ഷത്തിനകത്തെ സൈദ്ധാന്തികരില്‍ പലരും നേരത്തെ പടച്ചെടുത്തിട്ടുള്ള വൈജ്ഞാനിക ടൂളുകളുപയോഗിച്ചു തന്നെയാണ് കെ.ടി. കുഞ്ഞിക്കണ്ണനും തന്റെ രചന നിര്‍വഹിച്ചിട്ടുള്ളത്. ഇന്ത്യയിലും കേരളത്തിലും വ്യവസ്ഥാപിതമായി പ്രവര്‍ത്തിക്കുന്ന ജമാഅത്തെ ഇസ്‌ലാമി അതിന്റെതന്നെ സംഘടനാ സംവിധാനങ്ങളുപയോഗിച്ച് നടത്തുന്ന ആശയ പ്രചാരണ പ്രവര്‍ത്തനങ്ങളേക്കാളേറെയുള്ള വൈജ്ഞാനിക ഇടപെടലുകള്‍ ഇത്തരം വിമര്‍ശന സാഹിത്യത്തിന്റെ ഭാഗമായി രൂപപെട്ടിട്ടുണ്ട്. എന്നാല്‍ അങ്ങേയറ്റം ജനാധിപത്യവിരുദ്ധവും അന്ധമായ രാഷ്ട്രീയ വിരോധവും വംശീയ മുന്‍വിധികള്‍ ഉള്ളടങ്ങിയവയുമായിരുന്നു പ്രസ്തുത രചനകള്‍. വിവര്‍ത്തനം ചെയ്യപ്പെടുമ്പോള്‍ ചോര്‍ന്നുപോകുന്നതെന്താണോ അതാണ് കവിത എന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ ജമാഅത്തെ ഇസ്‌ലാമിയുടെയും സയ്യിദ് മൗദൂദിയുടെയും അടിസ്ഥാന സാഹിത്യങ്ങളില്‍ നിന്ന് തങ്ങള്‍ക്കാവശ്യമുളളത് മാത്രം സന്ദര്‍ഭത്തിനൊത്ത് അടര്‍ത്തിയെടുത്ത് അതിനെ സിദ്ധാന്തഭദ്രതക്ക് വേണ്ടി തിരുകിക്കയറ്റുന്നതാണ് ഈ ജമാഅത്തു വിമര്‍ശകരുടെ പതിവുരീതി. കെ.ടി.കുഞ്ഞിക്കണ്ണന്റെ പുസ്തകത്തിലടക്കം ശീലിച്ചവതരിപ്പിച്ചിട്ടുളള ഈ സാമ്പ്രദായിക ആഖ്യാന രീതിയെ പ്രമാണപരമായും യുക്തിഭദ്രമായും വിമര്‍ശനവിധേയമാക്കാനാണ് ശൈഖ് മുഹമ്മദ് കാരക്കുന്ന് തന്റെ കൃതിയിലൂടെ ശ്രമിക്കുന്നത്.

മതരാഷ്ട്ര വാദികള്‍, മതേതര വിരുദ്ധര്‍, ജനാധിപത്യവിരോധികള്‍, തീവ്രവാദാശയങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍, ജിസ്‌യ വാങ്ങുന്നവര്‍, മുര്‍തദ്ദുകളെ കൊല്ലുന്നവര്‍ എന്നിങ്ങനെ മുസ്‌ലിംകള്‍ക്കെതിരെ പൊതുവില്‍ സാമ്രാജ്യത്വവും സംഘ്പരിവാറുമെല്ലാം നിരന്തരമായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ തന്നെയാണ് കെ.ടി.കുഞ്ഞിക്കണ്ണനും ജമാഅത്തെ ഇസ്‌ലാമിക്കെതിരെ ഉന്നയിച്ചിട്ടുള്ളത്. ഇസ്‌ലാമോഫോബിയയുടെ വളക്കൂറുള്ള മണ്ണുപയോഗപെടുത്തി ജമാഅത്തെ ഇസ്‌ലാമിയുടെ മേല്‍വിലാസത്തില്‍ ഇസ്‌ലാമിനു നേര്‍ക്ക് പടച്ചുവിടുന്ന ഇത്തരം അപസര്‍പ്പക കഥകളെ വിമര്‍ശനാത്മകമായി അപഗ്രഥിക്കുന്നതിലും അതിന്റെ അന്തസാര ശൂന്യതയെ വെളിയില്‍ കൊണ്ടുവരുന്നതിലും ഗ്രന്ഥകാരന്‍ വിജയിച്ചിരിക്കുന്നു.

ഇന്ത്യയുടെയും കേരളത്തിന്റെയും പൊതുബോധത്തിലും പൊതുമണ്ഡലത്തിലും ആഴത്തില്‍ വേരുകളുള്ള ഒന്നാണ് മുസ്‌ലിം വിരുദ്ധത. മുസ്‌ലിം മൂലധനം, മുസ്‌ലിം ജനസംഖ്യ, മതംമാറ്റം, ന്യൂനപക്ഷ പ്രീണനം, സംവരണം മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ഈ മുസ്‌ലിംവിരുദ്ധത തേട്ടിക്കൊണ്ടേയിരിക്കും. പുറമെ പുരോഗമന മൂല്യങ്ങളുടെ അമരത്ത് നില്‍ക്കുന്നവര്‍ തന്നെ അകമേ ഹിന്ദുത്വത്തിന്റെ സാംസ്‌കാരിക മൂല്യങ്ങളുടെ കാവല്‍ക്കാരായി പെട്ടെന്ന് മാറിക്കൊണ്ടിരിക്കും. നവോത്ഥാന മൂല്യങ്ങളെ ഒരു ഭാഗത്ത് അഭിവാദ്യം ചെയ്തും മറുഭാഗത്ത് സവര്‍ണതയുടെ പുനരുദ്ധാന മൂല്യങ്ങളെ പ്രണമിച്ചും വഴുക്കല്‍ ജീവിതം നയിക്കുന്ന മതേതര വാദികളുടെ എണ്ണം ഇപ്പോള്‍ പെരുകിക്കൊണ്ടിരിക്കുന്നു.ഇസ്‌ലാം ഭീതിയുടെ അടിച്ചുവീശുന്ന ഈ വിഷക്കാറ്റിനനുസരിച്ച് തൂറ്റാനുള്ള കുബുദ്ധിയാണ് കെ.ടി.കുഞ്ഞിക്കണ്ണനടക്കമുള്ളവര്‍ ഈയടുത്തായി നടത്തിക്കൊണ്ടിരിക്കുന്നത്. ന്യൂനപക്ഷ വര്‍ഗീയത സമം ഭൂരിപക്ഷ വര്‍ഗീയത, ഹിന്ദുത്വ രാഷ്ട്രം സമം ഇസ്‌ലാമിക രാഷ്ട്രം എന്നിങ്ങനെയുളള സമീകരണ യുക്തി ഉപയോഗിച്ച് പുകമറ സൃഷ്ടിക്കാനാണ് മതേതര വാദികള്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ രാഷ്ട്രീയം നടത്തിപ്പുകാരായിട്ടുള്ള കേന്ദ്ര ഭരണകൂടത്തിന്റെ കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ യാഥാര്‍ഥ്യത്തിന്റെ മുന്നില്‍പോലും ഇസ്‌ലാമിക രാഷ്ട്രമെന്ന വാക്കിനെ ഭീതി പരത്തുന്ന വിധത്തില്‍ പ്രചരിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്‌തെടുക്കാനാണ് കമ്മ്യൂണിസ്റ്റുകള്‍ തിടുക്കപ്പെടുന്നത്. മുസ്‌ലിം രാഷ്ട്രീയ സംഘാടനത്തെക്കുറിച്ച ഉള്‍ഭീതി ജനഹൃദയങ്ങളില്‍ സൃഷ്ടിച്ചെടുത്ത് ഹിന്ദുത്വ ശബ്ദങ്ങള്‍ക്ക് മുഴക്കം നല്‍കുകയും സാമാന്യ ഹിന്ദു ജനതയെ ഭയപ്പെടുത്തുകയാണ് ഈ പ്രചാരണം കൊണ്ട് ലക്ഷ്യമാക്കുന്നത്. സിപിഎമ്മിന്റെ അധമമായ ഈ രാഷ്ട്രീയ തന്ത്രത്തിന് ബൗദ്ധികമായ പിന്തുണ ഒരുക്കിക്കൊടുക്കുന്ന കെ.ടി.കുഞ്ഞിക്കണ്ണനടക്കമുളളവരുടെ രചനാതന്ത്രങ്ങളെ ചരിത്രപരമായും സമകാലികമായും വിശകലനം ചെയ്ത് വസ്തുനിഷ്ഠമായ മറുപടി നല്‍കാന്‍ ശൈഖ് മുഹമ്മദ് കാരക്കുന്നിനാവുന്നുണ്ട്. ജമാഅത്തെ ഇസ്‌ലാമിയെ നാട്ടക്കുറിയാക്കി ഇസ്‌ലാം വിമര്‍ശനം നടത്തുന്നതിലൂടെ സാമുദായിക ധ്രുവീകരണം സൃഷ്ടിച്ച് ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ നേടലാണ് സിപിഎമ്മിന്റെ രാഷ്ട്രീയലക്ഷ്യമെന്ന് കാര്യകാരണസഹിതം ഗ്രന്ഥകര്‍ത്താവ് വ്യക്തമാക്കുന്നു.

മതേതര ആധുനികതയുടെ ഭാവുകത്വത്തില്‍ വികസിച്ചുവന്ന ഒരാശയ ലോകമാണ് മാര്‍ക്‌സിസം. പാശ്ചാത്യ ആധുനികതയില്‍ നിന്ന് വെള്ളവും വളവും വലിച്ചെടുത്താണ് അതിന്നും നിവര്‍ന്നു നില്‍ക്കാന്‍ പാടുപെടുന്നത്. എന്നാല്‍ ആധുനികതയുടെ പാകപ്പെടുത്തലിന് ഏറെയൊന്നും വഴിപ്പെടാത്ത പ്രത്യയശാസ്ത്രമാണ് ഇസ്‌ലാം. അതുകൊണ്ടുതന്നെ

ആധുനികത ഒറ്റപ്പേറിന് പ്രസവിച്ച ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായ ആശയങ്ങളോട് യോജിക്കുന്നതു പോലെ തന്നെ വിയോജിക്കുവാനും ഇസ്‌ലാമിന് സാധിക്കും. (ആധുനികതയുടെ കാലത്ത് രൂപപെട്ടുവന്ന പാശ്ചാത്യന്‍ ജനാധിപത്യത്തോട് വിയോജിച്ചപ്പോള്‍ തന്നെ അതിനെ മുഴുവന്‍ നിരാകരിച്ച് ഡെമോക്രസിക്ക് പകരം തിയോക്രസിയെ പകരം വെക്കുകയല്ല സയ്യിദ് മൗദൂദി ചെയ്തത്. മറിച്ച് ആ ജനാധിപത്യത്തില്‍ നിന്ന് ഉള്‍ക്കൊള്ളേണ്ട മൂല്യങ്ങളെ കൂടി സ്വാംശീകരിച്ച് തിയോ ഡെമോക്രസി എന്ന വിപുലമായ മറ്റൊരാശയത്തെ ഉയര്‍ത്തി കൊണ്ടുവരികയാണ് ചെയ്തത്.) സ്വാഭാവികമായും ആധുനിക പാശ്ചാത്യന്‍ മൂല്യ സങ്കല്‍പങ്ങളെ തൊണ്ടതൊടാതെ വിഴുങ്ങിയ കമ്മ്യൂണിസ്റ്റുകളും ഇസ്‌ലാമിന്റെ ആശയ പ്രതലത്തില്‍ നിന്നുകൊണ്ട് ആധുനികതയോട് മൂല്യാധിഷ്ഠിതമായ നിലപാട് സ്വീകരിച്ച ജമാഅത്തെ ഇസ്‌ലാമിയും തമ്മില്‍ ആശയ സംഘര്‍ഷത്തിലേര്‍പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ജമാഅത്തെ ഇസ്‌ലാമിയുടെ ശത്രുസ്ഥാനത്ത് ജനാധിപത്യം, മതേതരത്വം, ദേശീയത മുതലായ ആശയങ്ങളെ പ്രതിഷ്ഠിച്ചുകൊണ്ടുള്ള രചനാതന്ത്രങ്ങള്‍ കമ്മ്യൂണിസ്റ്റുകാര്‍ നടത്തിക്കൊണ്ടിരിക്കുന്നതും അതിനാലാണ്. കെ.ടി.കുഞ്ഞിക്കണ്ണന്റെ ജമാഅത്തെ ഇസ്‌ലാമി വിമര്‍ശന പുസ്തകത്തിലെയും കാര്യമായ ഉള്ളടക്കമെന്ന് പറയാവുന്നത് ഈ വിമര്‍ശനം തന്നെയാണ്. എന്നാല്‍ ജനാധിപത്യം, മതേതരത്വം, ദേശീയത പോലുളള പാശ്ചാത്യന്‍ മൂല്യങ്ങളോട് ജമാഅത്തെ ഇസ്‌ലാമി സ്വീകരിച്ച ചരിത്രപരമായ നയവും നിലപാടും ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രമാണബന്ധിതമായി തന്നെ അവതരിപ്പിക്കുന്നു. അതോടൊപ്പം ഇത്തരം പാശ്ചാത്യന്‍ മൂല്യങ്ങളുടെ വാഴ്ത്തുപാട്ടുകാരായ കമ്മ്യൂണിസ്റ്റുകള്‍ പ്രയോഗത്തില്‍ അതിനോട് സ്വീകരിച്ച വൈരുധ്യാത്മകമായ നിലപാടിനെയും തെളിവുസഹിതം എടുത്തുകാട്ടുന്നു.

കേരളത്തിലെ ഇടതുപക്ഷ പ്രയോഗങ്ങളില്‍ പ്രകടമാവുന്ന പ്രബലമായ വൈരുധ്യങ്ങളില്‍ ഒന്ന് പ്രാഥമികമായി അത് സവര്‍ണവും രണ്ടാമതായി ആധുനികവുമാണ് എന്നതാണ്. അതിനാല്‍ കമ്മ്യൂണിസ്റ്റുകാരുടെ ഇസ്‌ലാം വിമര്‍ശനങ്ങള്‍ക്ക് എപ്പോഴും ആധുനികതയുടെ നിലപാട് തറയുണ്ടാകും. ആധുനികവും സവര്‍ണോന്‍മുഖവുമായ ഈ ജലാശയത്തില്‍ ഒരു പരല്‍മീനെ പോലെ നീന്തിതുടിക്കുന്ന ഇവര്‍ക്ക് ഇസ്‌ലാമിന്റെ ചിഹ്നങ്ങളും സംസ്‌കാരങ്ങളും വെച്ചുപൊറുപ്പിക്കാന്‍ സാധിക്കുകയില്ല. മതേതരത്വമുദ്രാവാക്യങ്ങള്‍ക്ക് എത്രമാത്രം വീറു കൂടുന്നുവോ അതിനനുസൃതമായി അവരുടെ അകത്തിരിക്കുന്ന 'പൂന്താനം' പുറത്തുചാടും. അതിനാല്‍ മതനിരപേക്ഷതയുടെ നടത്തിപ്പുകാരായി സ്വയം പരിഗണിച്ചുവരുന്ന ഈ ഇടതുപക്ഷ ബുദ്ധിജീവികള്‍ക്ക് മതേതരത്വമെന്നത് ഇസ്‌ലാം വിമര്‍ശനത്തിനുള്ള ടൂള്‍ മാത്രമാണ്. ന്യൂനപക്ഷങ്ങളോടുള്ള മതേതര ഐക്യദാര്‍ഢ്യത്തോടു പോലും സഹിഷ്ണുതാപൂര്‍വം സംവദിക്കാന്‍ അവര്‍ക്ക് സാധിക്കാറില്ല.കേരളത്തിലെ ഇസ്‌ലാമിന്റെ സാമൂഹിക, രാഷ്ട്രീയ ജീവിതത്തിന് പ്രതിസന്ധികള്‍ തീര്‍ക്കുന്ന ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം ഈ ഭൂമികയിലാണ് തഴച്ചുവളരുന്നത്. ഹിന്ദുത്വ ഫാഷിസത്തിന് പ്രത്യക്ഷത്തില്‍ തോല്‍വി സംഭവിക്കുമ്പോഴും അതിന്റെ സാംസ്‌കാരിക മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടുകയും മുസ്‌ലിം രാഷ്ട്രീയപ്രകാശനങ്ങളെല്ലാം വര്‍ഗീയതയായി മുദ്രകുത്തി മാറ്റിനിര്‍ത്തുന്ന മതേതരത്വസമീപനം ഇതിന്റെ തന്നെ ഭാഗമാണ്. മുസ്‌ലിംവിരുദ്ധ രാഷ്ട്രീയത്തിന്റെ സൈദ്ധാന്തിക സംരക്ഷകരായ ഈ മധ്യവര്‍ഗ മതേതര ബുദ്ധിജീവികളുടെ സിദ്ധാന്തശാഠ്യങ്ങള്‍ക്ക് സി.പി.എമ്മിനകത്ത് അംഗീകാരം കിട്ടുന്നുവെന്നതിന്റെ തെളിവാണ് മുസ്‌ലിം രാഷ്ട്രീയസാമൂഹിക സംഘാടനത്തോട് അവര്‍ കാണിക്കുന്ന കലി. കെ.ടി.കുഞ്ഞിക്കണ്ണന്റെ പുസ്തകം പ്രതിനിധാനം ചെയ്യുന്നതും മുസ്‌ലിംവിരുദ്ധമായ ഈ ആശയസ്ഥലിയെത്തന്നെയാണ്.

'മതരാഷ്ട്ര വാദ' മെന്നത് ഇസ്‌ലാമോഫോബിയയുടെ അനുകൂലമായ മണ്ണില്‍ ഇടതുപക്ഷം ചെല്ലും ചെലവും കൊടുത്ത് വളര്‍ത്തിയെടുത്ത ആശയമാണ്. ആധുനികമല്ലാത്തതും മതത്തിന്റെ ഓരംചാരി നില്‍ക്കുന്നതുമായ മുഴുവന്‍ രാഷ്ട്രീയ സാമൂഹിക വ്യവഹാരങ്ങളും അത്യന്തം പ്രതിലോമപരമാണെന്നാണ് ഇടതുപക്ഷം വിശ്വസിച്ചതും പ്രചരിപ്പിച്ചതും. മതേതര ആധുനികതയുടെ തണലില്‍ വളര്‍ന്നു വികസിച്ച സവര്‍ണവും സുവര്‍ണവുമായ സാംസ്‌കാരിക ആഭിജാത്യം മൂലം തലക്കനം കൂടിയ ഇടതുപക്ഷം ഇസ്‌ലാമിന്റെ സാമൂഹിക സംഘടനകളെ അസ്പൃശ്യരാക്കി തീണ്ടാപാടകലത്തില്‍ മാറ്റി നിര്‍ത്തി. അതിനാല്‍ സാമൂഹിക മണ്ഡലങ്ങളില്‍ കാഴ്ചപ്പെടുന്ന ഇസ്‌ലാമിന്റെ മതാധിഷ്ഠിത ആക്ടിവിസങ്ങളെ 'മത വര്‍ഗീയത' എന്ന് നികൃഷ്ടവല്‍ക്കരിക്കാനാണ് സി.പി.എം തുനിഞ്ഞത്. ഇസ്‌ലാമും ജമാഅത്തെ ഇസ്‌ലാമിയും പ്രതിനിധാനം ചെയ്യുന്ന ആദര്‍ശാധിഷ്ഠിതവും മാനവികവുമായ ബഹുസ്വര രാഷ്ട്രത്തെ 'മതരാഷ്ട്ര വാദ'മെന്ന് ഭീകരവല്‍കരിച്ച് അരികുവല്‍ക്കരിക്കാനുള്ള കെ.ടി.കുഞ്ഞിക്കണ്ണനടക്കമുള്ളവരുടെ തൂലികാഭ്യാസങ്ങളെ യുക്തിദീക്ഷയോടെ ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രശ്‌നവല്‍ക്കരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രീയം വിഭാവനംചെയ്യുന്ന ആദര്‍ശാത്മകമായ ലോകവും സാമ്രാജ്യത്വവും സംഘ്പരിവാറും കമ്മ്യൂണിസ്റ്റുകളുമെല്ലാം ജമാഅത്തെ ഇസ്‌ലാമിക്കുനേരെ ആരോപിക്കുന്ന മതരാഷ്ട്ര വാദവും തറയും താരാപഥവും തമ്മിലുളള അന്തരം പോലാണെന്ന് ഗ്രന്ഥകാരന്‍ സമര്‍ഥിക്കുന്നു. 79 പേജില്‍ മികച്ച കെട്ടിലും മട്ടിലും തയ്യാറാക്കപെട്ട ഈ പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് വിചാരം ബുക്‌സാണ്.

'ഇസ്‌ലാമിക തീവ്രവാദം: ജമാഅത്തെ ഇസ്‌ലാമി വിമര്‍ശനത്തിനൊരാമുഖം'
ശൈഖ് മുഹമ്മദ് കാരക്കുന്ന്
പേജ് 79
വിചാരം ബുക്‌സ്,
കോഴിക്കോട്



Next Story

RELATED STORIES

Share it