Family

പ്രമേഹം മൂലം കാല്‍ മുറിച്ചു മാറ്റല്‍ ; 50 വയസ്സില്‍ താഴെയുള്ള രോഗികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവെന്ന് ഡോക്ടര്‍മാര്‍

പ്രമേഹം മൂലം കാല്‍മുറിച്ചു മാറ്റലിന് വിധേയരായ ആകെ പ്രമേഹ രോഗികളില്‍ 50 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 2012 ല്‍ 7.9 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2016 ല്‍ ഇത് 15.1 ശതമാനമായും 2019 ല്‍ 24.3 ശതമാനമായും വര്‍ധിച്ചു

പ്രമേഹം മൂലം കാല്‍ മുറിച്ചു മാറ്റല്‍ ; 50 വയസ്സില്‍ താഴെയുള്ള രോഗികളുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവെന്ന് ഡോക്ടര്‍മാര്‍
X

കൊച്ചി: കാല്‍ മുറിച്ചു മാറ്റേണ്ടി വരുന്ന പ്രമേഹ രോഗികളില്‍ 50 വയസ്സില്‍ താഴെയുള്ളവരുടെ എണ്ണം കൂടുന്നതായി ഈ മേഖലയിലെ ആരോഗ്യ വിദഗ്ദര്‍. പ്രമേഹം മൂലം കാല്‍മുറിച്ചു മാറ്റലിന് വിധേയരായ ആകെ പ്രമേഹ രോഗികളില്‍ 50 വയസ്സിന് താഴെയുള്ളവരുടെ എണ്ണം 2012 ല്‍ 7.9 ശതമാനം മാത്രമായിരുന്നു. എന്നാല്‍ 2016 ല്‍ ഇത് 15.1 ശതമാനമായും 2019 ല്‍ 24.3 ശതമാനമായും വര്‍ധിച്ചതായി കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നു.

കാല്‍പ്പാദമോ കാലോ മുറിച്ചു മാറ്റിയ (മുട്ടിന് താഴെയും മുകളിലുമായി) പ്രമേഹ രോഗികളുടെ ശരാശരി പ്രായം കണക്കാക്കുമ്പോള്‍, ഈ ശരാശരിയില്‍ പ്രായം കുറഞ്ഞുവരുന്നതായാണ് 2012 മുതലുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്.കഴിഞ്ഞ 10 വര്‍ഷത്തിനിടെ 50 വയസ്സില്‍ താഴെയുള്ള പ്രമേഹ രോഗികളില്‍ കാല്‍മുറിച്ചു മാറ്റേണ്ടി വന്നവരുടെ എണ്ണത്തില്‍ മൂന്നിരട്ടി വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് അമൃത ആശുപത്രിയിലെ എന്‍ഡോെ്രെകനോളജി ആന്‍ഡ് ഡയബറ്റിസ് വിഭാഗം മേധാവി ഡോ.ഹരീഷ് കുമാര്‍ പറഞ്ഞു.

'താരതമ്യേന പ്രായം കുറഞ്ഞ പ്രമേഹ രോഗികളില്‍ കാല്‍പ്പാദം മുറിച്ചുമാറ്റേണ്ടി വരുന്ന സാഹചര്യങ്ങള്‍ വര്‍ധിക്കാന്‍ നിരവധി കാരണങ്ങളുണ്ട്. പാശ്ചാത്യ രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ പ്രമേഹം ആരംഭിക്കുന്ന പ്രായമെന്നത് ശരാശരി 10 വര്‍ഷം വരെ നേരത്തെയാണ്. പ്രമേഹം നിയന്ത്രിച്ചില്ലെങ്കില്‍ ഏകദേശം 10മുതല്‍15 വര്‍ഷത്തിനിടെ ഇത് പെരിഫറല്‍ ന്യൂറോപ്പതി, പെരിഫറല്‍ വാസ്‌കുലര്‍ ഡിസീസ് തുടങ്ങിയ സങ്കീര്‍ണതകളിലേക്ക് നീങ്ങാന്‍ ഇടയാക്കും.

ഒരാള്‍ക്ക് 50 വയസ്സില്‍ പ്രമേഹം പിടിപെട്ടാല്‍ 65 വയസ്സ് ആകുമ്പോഴേക്കും പാദങ്ങളില്‍ വലിയ തോതില്‍ രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഉണ്ടാകാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതേ സമയം തന്നെ 30-35 വയസ്സിന് മുന്‍പ് തന്നെ പ്രമേഹം ആരംഭിക്കുകയാണെങ്കില്‍, ആ രോഗിക്ക് 45-50 വയസ്സ് ആകുമ്പോഴേക്കും കാലിന് വലിയ സങ്കീര്‍ണതകള്‍ സംഭവിക്കുകയും ഒരു പക്ഷേ കാല്‍മുറിച്ചു മാറ്റേണ്ടി വരുന്ന അവസ്ഥ തന്നെയും ഉണ്ടാകാമെന്നും ഡോ.ഹരീഷ് കുമാര്‍ വ്യക്തമാക്കി.

ഏകദേശം 15 ശതമാനം പ്രമേഹ രോഗികളില്‍ അവരുടെ രോഗാവസ്ഥയില്‍ കാല്‍പ്പാദവുമായി ബന്ധപ്പെട്ടുള്ള സങ്കീര്‍ണതകളും രൂപപ്പെടാറുണ്ട്. ദീര്‍ഘകാലമായി നിലനില്‍ക്കുന്നതും അനിയന്ത്രിതവുമായ പ്രമേഹത്തിന്റെ ഫലമായുണ്ടാകുന്ന പെരിഫറല്‍ ന്യൂറോപ്പതി (പാദങ്ങളിലെ സംവേദനക്ഷമത നഷ്ടപ്പെടുന്ന അവസ്ഥ), പെരിഫറല്‍ വാസ്‌കുലര്‍ രോഗം (പാദങ്ങളിലേക്കുള്ള രക്തയോട്ടം ഇല്ലാതാകുന്ന അവസ്ഥ) എന്നിവ പ്രമേഹരോഗികളില്‍ പാദത്തിലെ പഴുപ്പിന് കാരണമാകുന്നു.

ഇത് ഗുരുതരമായ അണുബാധയിലേക്കും, ഒന്നിലധികം അവയവങ്ങള്‍ തകരാറിലാകുന്നതുമൂലം ജീവന്‍ തന്നെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്കും നയിക്കുന്നു. എന്നിരുന്നാലും ഗുരുതരമായ പ്രമേഹമുള്ള രോഗികളില്‍ പോലും കാല്‍പ്പാദവും അതിലുപരി ജീവന്‍ തന്നെയും നഷ്ടപ്പെടാന്‍ ഇടയാക്കുന്ന തരത്തിലുള്ള രോഗത്തിന്റെ സങ്കീര്‍ണതകള്‍ തടയാന്‍ സാധിക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ദീര്‍ഘകാലമായുള്ള പ്രമേഹം രോഗികളില്‍ പ്രതിരോധശേഷി കുറയുന്നതിന് കാരണമാകുകയും ഇതുമൂലം വലിയ തോതില്‍ അണുബാധയുണ്ടാകയും ചെയ്യുന്നതായി ഡോ.ഹരീഷ് കുമാര്‍ പറഞ്ഞു. ഇത്തരത്തില്‍ കാലിലെ അണുബാധ രൂക്ഷമാകുമ്പോള്‍ ചിലപ്പോഴെല്ലാം രോഗിയുടെ ജീവന്‍ രക്ഷിക്കാന്‍ വേണ്ടി കാല്‍ മുറിച്ചുമാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ബന്ധിതരാകാറുണ്ട്.എന്നാല്‍ പെരിഫറല്‍ ന്യൂറോപ്പതി, പെരിഫറല്‍ വാസ്‌കുലര്‍ ഡിസീസ് തുടങ്ങിയ ഗുരുതരമായ സങ്കീര്‍ണതകള്‍ ഉണ്ടാകുമ്പോള്‍ പോലും ശരിയായ രീതിയില്‍ പാദങ്ങളെ സംരക്ഷിക്കുകയും പാദ സംരക്ഷണത്തിനുള്ള മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കുകയും ചെയ്താല്‍ കാലിലെ പഴുപ്പും ഇതുമൂലമുണ്ടാകുന്ന അണുബാധയും തടയാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള മണ്‍സൂണ്‍ മാസങ്ങളിലാണ് പാദത്തിലെ അണുബാധയെ തുടര്‍ന്ന് ചികിത്സ തേടിയെത്തുന്ന പ്രമേഹ രോഗികളുടെ എണ്ണം കുത്തനെ വര്‍ധിക്കുന്നത്. 'നെക്രോട്ടൈസിംഗ് ഫാഷൈ്യറ്റിസ്' എന്നത് പ്രമേഹ രോഗികളിലുണ്ടാകുന്ന വളരെ ഗുരുതരമായ അണുബാധയാണ്. ഇത് ബാധിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ചര്‍മ്മത്തിനടിയില്‍ കൂടി കാല്‍പാദം മുതല്‍ തുട വരെ പടരുന്നു. ഇത് നേരത്തെ തന്നെ കണ്ടെത്തി മികച്ച ചികിത്സ ലഭ്യമാക്കിയില്ലെങ്കില്‍ അവസ്ഥ ഗുരുതരമാകുമെന്നും ഡോ.ഹരീഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു മണ്‍സൂണ്‍ മാസങ്ങളില്‍ നെക്രോട്ടൈസിംഗ് ഫാഷൈ്യറ്റിസ് കേസുകള്‍ ഗണ്യമായി വര്‍ധിക്കാറുണ്ട്. കനത്ത മഴയില്‍ റോഡുകളിലും തെരുവുകളിലുമുണ്ടാകുന്ന വെള്ളക്കെട്ടാണ് ഇതിന് കാരണം.

ഓടകളില്‍ നിന്നും കാനകളില്‍ നിന്നുമുള്ള മലിനജലം ഇത്തരം വെള്ളക്കെട്ടുകളിലേക്ക് ചേരുകയും മാരകമായ ബാക്ടീരിയകളാല്‍ മലിനമാകുകയും ചെയ്യുന്നു.കാലുകളില്‍ ചെറിയ മുറിവുകളോ പോറലുകളോ ഉള്ള പ്രമേഹ രോഗികള്‍ ഇത്തരം വെള്ളക്കെട്ടുകളിലൂടെ കാല്‍നടയായി സഞ്ചരിക്കുമ്പോള്‍ മുറിവുകളിലൂടെ ബാക്ടീരിയ അവരുടെ രക്തത്തില്‍ പ്രവേശിച്ച് നെക്രോട്ടൈസിംഗ് ഫാഷൈ്യറ്റിസ് പോലുള്ള അണുബാധകള്‍ക്ക് കാരണമാകുന്നു. നടക്കുമ്പോള്‍ എപ്പോഴും ചെരുപ്പ് ഉപയോഗിക്കുക, വെള്ളക്കെട്ടുള്ള തെരുവുകളിലൂടെ നടക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളില്‍ പ്രമേഹ രോഗികള്‍ക്കിടയില്‍ ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്.വെള്ളപ്പൊക്കമോ വെള്ളക്കെട്ടോ ഉള്ള സ്ഥലങ്ങളിലെ യാത്രയ്ക്കു ശേഷം കാലില്‍ അണുബാധയുടെയോ വീക്കത്തിന്റെയോ ലക്ഷണങ്ങള്‍ എന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി വൈദ്യസഹായം തേടുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

പ്രമേഹ രോഗികള്‍ക്കുണ്ടാകുന്ന കാലിലെ പഴുപ്പിനും അണുബാധകള്‍ക്കുമുള്ള അടിസ്ഥാന ചികില്‍സയെന്നത് ആന്റിബയോട്ടിക്കുകളും ശസ്ത്രക്രിയയുമെല്ലാം ഉള്‍പ്പെടുന്നതാണ്. നൂതനമായ ആന്‍ജിയോപ്ലാസ്റ്റി, ബൈപാസ് സര്‍ജറി തുടങ്ങിയവയും കാലുകളിലെ രക്തപ്രവാഹത്തിന്റെ കുറവ് പരിഹരിക്കാന്‍ ഉപയോഗിക്കുന്നു. വാക്വം തെറാപ്പി, കേരളത്തില്‍ രണ്ട് കേന്ദ്രങ്ങളില്‍ മാത്രം ലഭ്യമായ ഹൈപ്പര്‍ബാറിക് ഓക്‌സിജന്‍ തെറാപ്പി, സ്‌കിന്‍ ഗ്രാഫ്റ്റിംഗ് എന്നിവയെല്ലാം പ്രമേഹ രോഗികളില്‍ കാലിലെ മുറിവുകള്‍ ഉണക്കുന്നതിനുള്ള മറ്റ് ചികില്‍സാ മാര്‍ഗങ്ങളാണ്.മുറിവുകള്‍ സുഖപ്പെടുത്തുന്നതിന് മുറിവേറ്റ സ്ഥലത്ത് ആന്റിബയോട്ടിക് ബീഡുകള്‍ വയ്ക്കുന്ന ആന്റിബയോട്ടിക് ബീഡ് തെറാപ്പിയും ഏറെ ഗുണകരമാണെന്ന് ഡോ.ഹരീഷ് കുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it