Editors Pick

അടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില്‍ പാര്‍ട്ടി വിട്ടത് 9 എംഎല്‍എമാര്‍

ദലിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളോടും ബിജെപിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം.

അടിപതറി ബിജെപി; മൂന്ന് ദിവസത്തിനിടെ യുപിയില്‍ പാര്‍ട്ടി വിട്ടത് 9 എംഎല്‍എമാര്‍
X

നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായി നില്‍ക്കുന്ന ഘട്ടത്തില്‍ ഉത്തപ്രദേശ് ബിജെപിയിലെ കൊഴിഞ്ഞുപോക്ക് തുടര്‍ക്കഥയാകുന്നു. ഇതോടെ ഓരോ ദിവസം പിന്നിടുമ്പോഴും ബിജെപി അടിപതറുന്ന കാഴ്ച്ചയാണ് യുപിയില്‍ നിന്ന് വരുന്നത്. ദലിത്-പിന്നാക്ക നേതാക്കളാണ് കൂടുതലായും ബിജെപി വിടുന്നതെന്നതാണ് ശ്രദ്ധേയം.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ മൂന്നാമത്തെ മന്ത്രിയാണ് വ്യാഴാഴ്ച രാജിവെച്ചിരിക്കുന്നത്. ആയുഷ് വകുപ്പ് മന്ത്രിയും നാകുര്‍ എംഎല്‍എയുമായ ധരം സിങ് സൈനിയാണ് രാജി പ്രഖ്യാപിച്ചത്. ഫിറോസാബാദ് എംഎല്‍എ മുകേഷ് വര്‍മ ഇന്ന് രാവിലെ രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് ധരം സിങ് സൈനിയുടെ രാജി. വിനയ് ശാക്യയെന്ന മറ്റൊരു എംഎല്‍എയും ഇന്ന് രാജി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച എംഎല്‍എമാരുടെ എണ്ണം ഒമ്പതായി. ഇതില്‍ മൂന്ന് മന്ത്രിമാരും ഉള്‍പ്പെടുന്നു. മന്ത്രിമാരായ സ്വാമി പ്രസാദ് മൗര്യയും ദാരാസിങ് ചൗഹാനുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ രാജിവെച്ച മറ്റു മന്ത്രിമാര്‍. സ്വാമി പ്രസാദ് മൗര്യയുമായി ബന്ധം പുലര്‍ത്തുന്നവരാണ് ബിജെപി വിടുന്ന ഭൂരിപക്ഷം എംഎല്‍എമാരും.

ദലിത്, പിന്നാക്ക വിഭാഗങ്ങളോടും പാര്‍ശ്വവത്കരിക്കപ്പെട്ട ജനങ്ങളോടും ബിജെപിയും യോഗി സര്‍ക്കാരും അവഗണന കാണിക്കുന്നുവെന്നാണ് രാജിവെക്കുന്നവരുടെ പ്രധാന ആരോപണം. സ്വാമി പ്രസാദ് മൗര്യയും നാല് എംഎല്‍എമാരുമാണ് ചൊവ്വാഴ്ച രാജിവെച്ചത്. വനം പരിസ്ഥിതി മന്ത്രി ദാരാസിങ് ചൗഹാനും എംഎല്‍എ അവ്താര്‍ സിങ് ഭഡാനയും ബുധനാഴ്ച പാര്‍ട്ടി വിട്ടു. ഇന്ന് ഒരു മന്ത്രിയും രണ്ട് എംഎല്‍എമാരും പാര്‍ട്ടി വിട്ടു എന്നതിലേക്കാണ് തിരഞ്ഞെടുപ്പുകാലത്തെ കൂടുവിട്ട് കൂടുമാറല്‍ കണക്ക് എത്തിനില്‍ക്കുന്നത്.

"മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയിൽ വനം, പരിസ്ഥിതി, മൃഗ ഹോർട്ടികൾച്ചർ മന്ത്രി എന്ന നിലയിൽ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാൽ പിന്നാക്ക, ദലിതർ, കർഷകർ, തൊഴിൽ രഹിതരായ യുവാക്കൾ എന്നിവരോടുള്ള സർക്കാരിന്റെ സമീപനം വളരെ അവഗണന നിറഞ്ഞതായിരുന്നു. ഞാൻ ഉത്തർപ്രദേശ് മന്ത്രിസഭയിൽ നിന്ന് രാജിവയ്ക്കുന്നു," ധാരാസിങ് രാജിക്കത്തില്‍ പറയുന്നു.

യുപിയിലെ ദലിത്-പിന്നാക്ക മേഖലകള്‍ ബിജെപി സ്വാധീനത്തില്‍ നിന്ന് അകലുന്നുവെന്ന സൂചനകള്‍ മുന്നില്‍ കണ്ടാണ് യോഗി ആദിത്യ നാഥിനെ മല്‍സരിപ്പിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ചെലുത്തുന്നത്. യോഗിയെ അയോധ്യയില്‍ നിന്ന് മല്‍സരിപ്പിക്കുക വഴി ഹിന്ദുത്വ ആശയത്തില്‍ ഊന്നല്‍ നല്‍കി മറ്റ് വിഷയങ്ങളെ തന്ത്രപൂര്‍വം മാറ്റിനിര്‍ത്തുകയെന്ന നീക്കമാണ് ബിജെപിയില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. അതോടൊപ്പം ആശ്വാസത്തിനായി രണ്ട് പ്രതിപക്ഷ എംഎല്‍മാരെ ബിജെപി കാംപില്‍ എത്തിക്കാനും അവര്‍ക്ക് സാധിച്ചിട്ടുണ്ട്.

യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാന്‍ ബിജെപി വന്‍ ജനസമ്പര്‍ക്ക പരിപാടി ആരംഭിച്ചതിനു പിന്നാലെയാണ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. സര്‍ക്കാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ചെയ്ത കാര്യങ്ങൾ വോട്ടര്‍മാരെ അറിയിക്കാൻ വലിയ ടിവി സ്‌ക്രീനുകളുള്ള 'എല്‍ഇഡി റാത്തുകള്‍' 14 മുതല്‍ സ്ഥാപിക്കാനും ബിജെപി തീരുമാനിച്ചിട്ടുണ്ട്. എങ്കിലും ഇത്തവണ കരകയറാൻ ബിജെപി കഷ്ടപ്പെടുമെന്നാണ് പ്രീ പോൾ സർവേകൾ പറയുന്നത്.

Next Story

RELATED STORIES

Share it