|    Apr 20 Fri, 2018 3:02 am
FLASH NEWS
Home   >  Life  >  Travel and Food  >  

സലാലയിലെ അതിശയങ്ങള്‍

Published : 20th August 2015 | Posted By: admin

saaalaaalaഗസ്ത് 27ന് ഒമാന്‍ സര്‍ക്കാരിന്റെ കൃഷികാര്യാലയത്തില്‍ ജോലി ലഭിച്ചു മസ്‌ക്കത്തിലെത്തിയ അഞ്ചുപേരില്‍ ഒരാള്‍ ഞാനായിരുന്നു. മലയാളികളായി ഞാനും ആര്‍.കെ. നായര്‍ എന്ന കുട്ടേട്ടനും മാത്രം.

എനിക്ക് ഒമാന്റെ വടക്കന്‍ തീരപ്രദേശമായ സോഹാറിലേക്കും കുട്ടേട്ടന് ഒമാന്റെ യു.എ.ഇയുമായുള്ള അതിര്‍ത്തിപ്രദേശമായ ബുറൈമിയിലേക്കും നിയമനമായി.

അവധിദിനങ്ങളില്‍ ബുറൈമിയില്‍ പോയി കുട്ടേട്ടനെ കാണും. ഞങ്ങള്‍ ദുബയില്‍ എത്തിയപ്പോള്‍ അവിടെ ഒരു മലയാള സിനിമയുടെ ചിത്രീകരണം നടക്കുകയാണ്.  കുട്ടേട്ടന്റെ സുഹൃത്ത് മേനോന്‍ ആണ് നിര്‍മാതാവ്- മമ്മൂട്ടി ആദ്യമായി അഭിനയിച്ച, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍. ബഹുദൂറായിരുന്നു ഒരു നടന്‍. ആ അതുല്യ നടനെ അതിനു മുമ്പും മദ്രാസിലുള്ള സ്വാമീസ് ലോഡ്ജില്‍ വച്ച് പരിചയപ്പെട്ടിട്ടുണ്ട്. കുട്ടേട്ടനും ആ സിനിമയില്‍ വേഷമിട്ടു.

സോഹാര്‍ ജീവിതത്തിനിടയില്‍ പരിചയപ്പെട്ട, ചേട്ടായി എന്നു ഞാന്‍ വിളിക്കുന്ന കോട്ടയം സ്വദേശി പി.എം. തോമസും ഒമാനിലെ എന്റെ എല്ലാ യാത്രകളിലും ഒപ്പമുണ്ടായിരുന്നു. 84ല്‍ പെരുന്നാളിനോടനുബന്ധിച്ചുള്ള അവധിയില്‍ ഞങ്ങള്‍ സലാല യാത്ര പ്ലാന്‍ ചെയ്തു.

ഒമാന്റെ തെക്കേയറ്റം വരെ ഒമാന്‍ നാഷനല്‍ ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ പോവാം. അവിടെയുള്ള സുഹൃത്തിന്റെ കാറില്‍ അവിടെ കറങ്ങുകയും ചെയ്യാം. മസ്‌ക്കത്തില്‍നിന്ന് 1,000 കി.മീറ്റര്‍ 12 മണിക്കൂര്‍കൊണ്ട് യാത്രചെയ്തു രാവിലെ എട്ടുമണിക്ക് ഞങ്ങള്‍ സലാലയിലെത്തി.


അദ്ദേഹത്തിന്റെ ഖബറിടം പൊതിഞ്ഞിരുന്ന പച്ചപ്പട്ടുകള്‍ മാറ്റി തലഭാഗത്തുള്ള മീസാന്‍ കല്ലില്‍ സുല്‍ത്താന്‍ ഓഫ് മലബാര്‍ എന്ന് എഴുതിയത് വായിച്ചപ്പോള്‍ ഉള്ളിലുണ്ടായ ഒരനുഭൂതി വാക്കുകള്‍ക്കതീതമാണ്.


ആദ്യം കണ്ട ലോഡ്ജില്‍ മുറിയെടുത്തു. യാത്രാക്ഷീണം ഒട്ടും തന്നെ തോന്നിയില്ല. ലോഡ്ജില്‍ താഴെയുള്ള ഒരു വടക്കേ ഇന്ത്യക്കാരന്റെ തട്ടുകടയില്‍ ചായക്ക് പറഞ്ഞു. അഞ്ചു മിനിറ്റിനകം ചായയെത്തി. അരമണിക്കൂറിനുള്ളില്‍ നാലുതവണ ചായ വരുത്തി. ചായക്കാരന്‍ അതിശയത്തോടെ എന്നെ നോക്കി.

ഞാന്‍ ചോദിച്ചു: ”ഇതെന്താ ഒട്ടകത്തിന്റെ പാലാണോ?” ജീവിതത്തില്‍ അന്നുവരെ ഇത്ര രുചികരമായ ചായ കുടിച്ചിട്ടില്ലായിരുന്നു. രാവിലെ 10 മണിയോടുകൂടി സുഹൃത്ത് കാറുമായെത്തി. ആദ്യം ഒരു തെങ്ങിന്‍തോപ്പും ഒട്ടകക്കൂട്ടവുമാണ് കാണാന്‍ പോയത്. അവിടത്തെ പരിപാലകന്‍ ഒരു കോഴിക്കോട്ടുകാരന്‍ ഒട്ടകത്തിന്റെ പാല്‍ കുടിക്കാന്‍ തന്നു. അല്‍പ്പം കഴിഞ്ഞ് ഇളനീരും.അവിടെനിന്നു പോയത് നഗരത്തില്‍ തന്നെയുള്ള, ഈസാനബിയുടെ മാതാവ് മറിയത്തിന്റെ പിതാവ് ഇമ്രാന്റെ ഖബറിടത്തിലേക്കായിരുന്നു. salala travelപരിശുദ്ധ ഖുര്‍ആനില്‍  പേരെടുത്തുപറഞ്ഞു വിശേഷിപ്പിച്ചിട്ടുള്ള ഒരേയൊരു സ്ത്രീരത്‌നമായ മറിയത്തിന്റെ പിതാവ്. ഖുര്‍ആന്‍ സൂക്തങ്ങള്‍ തുന്നിയ പച്ചപ്പട്ടും ഖബറിടത്തില്‍ വിരിച്ചിട്ടുണ്ട്.വളരെ നീളമുണ്ട്. പെട്ടെന്നു തോന്നി നീളം അളന്നുനോക്കാം.

കാല്‍പ്പാദങ്ങള്‍കൊണ്ട് ഒരുവശത്തേക്ക് അളന്നു. 49 അടി. തിരികെ അളന്നു. 52 അടി. നാലുതവണ അളന്നുനോക്കി. ഓരോ തവണയും അളവ് മാറിക്കൊണ്ടിരുന്നു. എനിക്കാകെ ഒരു കണ്‍ഫ്യൂഷന്‍. സുഹൃത്തിനോട് അളന്നുനോക്കാന്‍ പറഞ്ഞു. അദ്ദേഹം അപ്പോഴും പ്രാര്‍ഥിക്കുകയായിരുന്നു. പ്രാര്‍ഥനയ്ക്കുശേഷം ചേട്ടായിയും അളക്കാന്‍ തുടങ്ങി. 50 അടി. വീണ്ടും അളക്കാന്‍ പറഞ്ഞു. മറ്റൊരളവ്. തുടര്‍ന്നു പോയത് ചേരമാന്‍ പെരുമാളിന്റെ ഖബറിടം കാണാനായിരുന്നു. ഇസ്്‌ലാം മതാശ്ലേഷം നടത്തിയ ചേരമാന്‍ പെരുമാള്‍ ഹജ്ജ്   യാത്രയ്ക്കായി മക്കയില്‍ പോയി തിരികെ വരുന്ന വഴി സലാലയില്‍ വച്ചു മരണമടഞ്ഞതായാണു ചരിത്രം.

അദ്ദേഹത്തിന്റെ ഒപ്പമുണ്ടായിരുന്നവര്‍ സലാലയില്‍ തങ്ങുകയും അവരുടെ തലമുറകള്‍ ഇന്നും അവിടത്തെ പൗരന്മാരായി തുടരുകയുമാണുണ്ടായത്. അദ്ദേഹത്തിന്റെ ഖബറിടം പൊതിഞ്ഞിരുന്ന പച്ചപ്പട്ടുകള്‍ മാറ്റി തലഭാഗത്തുള്ള മീസാന്‍ കല്ലില്‍ സുല്‍ത്താന്‍ ഓഫ് മലബാര്‍ എന്ന് എഴുതിയത് വായിച്ചപ്പോള്‍ ഉള്ളിലുണ്ടായ ഒരനുഭൂതി വാക്കുകള്‍ക്കതീതമാണ്. അടുത്ത ദിവസം രാവിലെ ജബല്‍ അയൂബ് കാണാന്‍ പുറപ്പെട്ടു. ഏറ്റവുമധികം ഒട്ടകങ്ങളെ ഒരുമിച്ചുകാണുന്നത് ഈ യാത്രയിലാണ്. salala 1

മലമുകളിലെത്തിയ ഞങ്ങളെ ആദ്യം എതിരേറ്റത് പ്രൊഫറ്റ് അയ്യൂബ് റസ്റ്റോറന്റ് എന്ന ബോര്‍ഡുള്ള വെള്ളച്ചായമടിച്ച വലിയ മന്ദിരമാണ്. അവിടെനിന്ന് ഓരോ ചായയും കുടിച്ച് ഞങ്ങള്‍ അയ്യൂബ് നബിയുടെ ഖബറിടത്തിനരികിലേക്കു ചെന്നു. ഒരു സാധാരണ ഖബറിടം. തൊട്ടടുത്തായി ഒരു കിണറുമുണ്ട്.

മലമുകളിലുള്ള ആ കിണറ്റില്‍ അപ്പോഴും നിറയെ വെള്ളം. അവസാന നാളുകളില്‍ സാംക്രമികരോഗത്താല്‍ പീഡനം സഹിച്ച അയ്യൂബ് നബി (ഇയ്യോബ്) അടുത്തുള്ള മലയില്‍ കുളം കുഴിച്ച്, അതിലെ ജലത്തില്‍ ശരീരശുദ്ധി നിര്‍വഹിച്ച്, അസുഖം ഭേദമാക്കിയത് വായിച്ചതോര്‍മിക്കുന്നു. ഇന്നും നിലനില്‍ക്കുന്ന ആ കുളത്തിന്റെ പടവുകള്‍ ഇറങ്ങി തണുപ്പുള്ള ജലത്തില്‍ നില്‍ക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പ് നടന്ന സംഭവങ്ങള്‍ മനസ്സിലൂടെ കടന്നുപോയി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss