സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്നു തുടക്കം

ന്യൂഡല്‍ഹി: രണ്ടുദിവസത്തെ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്നു തുടക്കമാവും. കേരളത്തിലെ വിജയവും ബംഗാളിലെ പരാജയവും ചര്‍ച്ചയാവും. ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മുന്‍കൈയെടുത്തു പരീക്ഷിച്ച പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പു തന്ത്രം പൊളിഞ്ഞതിനു പിന്നാലെ നടക്കുന്ന പോളിറ്റ് ബ്യൂറോ യോഗത്തില്‍ നേതൃത്വത്തിനെതിരേ വിമര്‍ശനം ഉയരുമെന്ന് ഉറപ്പാണ്. കേരള ഘടകം എതിര്‍ത്തിട്ടും ബംഗാളില്‍ കോണ്‍ഗ്രസ്സുമായുള്ള സഹകരണത്തിനു ചുക്കാന്‍ പിടിച്ചത് യെച്ചൂരിയായിരുന്നു. സംസ്ഥാന കമ്മിറ്റികളുടെ വിശദമായ വിലയിരുത്തലുകള്‍ക്ക് ശേഷം കേന്ദ്ര കമ്മിറ്റിയില്‍ കൂടുതല്‍ ചര്‍ച്ചയാവാമെന്ന നിലപാടായിരിക്കും ഇക്കാര്യത്തില്‍ യെച്ചൂരി സ്വീകരിക്കുക. അടുത്തമാസം 18നാണ് കേന്ദ്ര കമ്മിറ്റി ചേരുന്നത്.ബംഗാളില്‍ കോണ്‍ഗ്രസ്സുമായുള്ള സഖ്യം ആത്മഹത്യാപരമായിരിക്കുമെന്ന് ശക്തമായി വാദിച്ചത് കേരള ഘടകമായിരുന്നു. ഈ കൂട്ടുകെട്ട് കേരളത്തില്‍ സിപിഎമ്മിന്റെ വിജയത്തെവരെ ബാധിക്കാനുള്ള സാധ്യതയുണ്ടെന്നും ഇത്തരമൊരു കൂട്ടുകെട്ട് ഗുണത്തിനു പകരം ദോഷകരമാവുമെന്നും തിരഞ്ഞെടുപ്പിന് മുമ്പ് ചേര്‍ന്ന നിര്‍ണായക പിബി യോഗത്തില്‍ കേരള ഘടകം ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍, ഇത്തരം വിമര്‍ശനങ്ങളെയും ആശങ്കകളയും മറികടന്നാണ് ബംഗാള്‍ ഘടകത്തിന്റെ പിന്തുണയോടെ യെച്ചൂരി കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തിന് അനുമതി നേടിയെടുത്തത്. കോണ്‍ഗ്രസ്സുമായി ധാരണ മാത്രമാണ് ഉണ്ടാക്കുകയെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനം വിവരിച്ച് യെച്ചൂരി പറഞ്ഞിരുന്നെങ്കിലും പ്രചാരണത്തിനിടെ കോണ്‍ഗ്രസ് സിപിഎം നേതാക്കള്‍ വേദിപങ്കിട്ടു. ഇതുമൂലം നഷ്ടം കൂടുതല്‍ സംഭവിച്ചത് സിപിഎമ്മിന് തന്നെയാണെന്നാണ് വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തിലുള്ള പൊതു ചര്‍ച്ചയാവും പിബി യോഗത്തിലുണ്ടാവുക. യെച്ചൂരിയുടെ തീരുമാനത്തിന് കേരള നേതാക്കളില്‍നിന്ന് പിന്തുണ ലഭിച്ചത് വി എസ് അച്യുതാനന്ദനില്‍നിന്ന് മാത്രമാണ്. വിഎസ് ആവട്ടെ പിബി അംഗവുമല്ല. മാത്രമല്ല, തനിക്കെതിരേ വിമര്‍ശനമുയരുമെന്ന ഘട്ടത്തില്‍ വിഎസിനെ കഴിഞ്ഞദിവസം യെച്ചൂരി തള്ളിപ്പറയുകയുമുണ്ടായി. തനിക്ക് കാബിനറ്റ് റാങ്കോടുകൂടിയ പദവികള്‍ ആവശ്യപ്പെട്ട് വിഎസ് നല്‍കിയ കത്ത് യെച്ചൂരി സ്ഥിരീകരിച്ചത് പാര്‍ട്ടി ചേരിയുടെ മാറ്റത്തെ മുന്നില്‍ കണ്ടാണ്. സിപിഎമ്മിന് ഏറ്റവും സ്വാധീനമുള്ള രണ്ട് സംസ്ഥാനങ്ങളാണ് കേരളവും ബംഗാളും. യെച്ചൂരിയെ പിന്തുണയ്ക്കുന്ന ബംഗാള്‍ ഘടകത്തിന്റെ പതനവും കാരാട്ട് പക്ഷത്തിനൊപ്പം നില്‍ക്കുന്ന കേരള ഘടകത്തിന്റെ ശക്തിപ്പെടലും യോഗത്തില്‍ ദൃശ്യമാവും.
Next Story

RELATED STORIES

Share it