സംസ്ഥാനങ്ങളുടെ പ്രവേശനപ്പരീക്ഷകള്‍ അസാധുവായി; നീറ്റില്‍ മാറ്റമില്ല

മുഹമ്മദ് സാബിത്ത്

ന്യൂഡല്‍ഹി: മെഡിക്കല്‍ ഏകീകൃത പ്രവേശനപ്പരീക്ഷ (നാഷനല്‍ എന്‍ട്രന്‍സ് എലിജിബിലിറ്റി ടെസ്റ്റ്- നീറ്റ്) സംബന്ധിച്ച് കഴിഞ്ഞ ദിവസം പുറപ്പെടുവിച്ച ഉത്തരവ് ഭേദഗതി ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. എംബിബിഎസ്, ബിഡിഎസ് പ്രവേശനത്തിന് രാജ്യവ്യാപകമായി ഏകീകൃത പരീക്ഷ മുന്‍ തീരുമാനിച്ചതുപോലെ തന്നെ നടക്കുമെന്ന് കോടതി വ്യക്തമാക്കി.
മെയ് ഒന്നിനു നടക്കുന്ന ആദ്യഘട്ട പരീക്ഷ റദ്ദാക്കണമെന്ന ആവശ്യവും പരിഗണിച്ചില്ല. ഇതോടെ വിവിധ സംസ്ഥാനങ്ങള്‍ നടത്തിയ പ്രവേശനപ്പരീക്ഷകള്‍ അസാധുവായി. ഏകീകൃത മെഡിക്കല്‍ പ്രവേശനപ്പരീക്ഷ രണ്ടുഘട്ടമായി വേണ്ടെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം. നീറ്റ് നടത്തിപ്പിലെ ആശങ്ക ഒഴിവാക്കാന്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
ചില സംസ്ഥാനങ്ങളില്‍ മെഡിക്കല്‍-ഡെന്റല്‍ അണ്ടര്‍ ഗ്രാജ്വേറ്റ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഈ വര്‍ഷം പൊതുപരീക്ഷ നടത്തുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നും സംസ്ഥാനങ്ങള്‍ നടത്തിയ പരീക്ഷ അസാധുവാക്കരുതെന്നും അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് കോടതിയെ ബോധിപ്പിച്ചു. പല സംസ്ഥാനങ്ങളിലും മെഡിക്കല്‍ പ്രവേശനപ്പരീക്ഷ കഴിഞ്ഞിരിക്കുകയാണ്. പ്രവേശനത്തിനായി വീണ്ടുമൊരു പരീക്ഷയെഴുതുന്നതിലും പ്രവേശനം സംബന്ധിച്ചും ധാരാളം ആശങ്കകള്‍ വിദ്യാര്‍ഥികള്‍ക്കിടയിലുണ്ട്. എന്നാല്‍, ഉച്ചയ്ക്ക് കേസ് പരിഗണിച്ച സുപ്രിംകോടതി കേന്ദ്രനിര്‍ദേശങ്ങള്‍ അംഗീകരിച്ചില്ല. ഇതുസംബന്ധിച്ച് സമ്പൂര്‍ണമായ മറ്റൊരു അപേക്ഷ വേണമെങ്കില്‍ കേന്ദ്രത്തിനു സമര്‍പ്പിക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാല്‍, മറ്റ് അപേക്ഷകളെപ്പോലെ മാത്രമേ ഈ ഹരജിയും പരിഗണിക്കുകയുള്ളൂ.
ഇതോടെ, നീറ്റ് ഒഴികെയുള്ള മറ്റു മെഡിക്കല്‍ പ്രവേശനപ്പരീക്ഷകള്‍ക്ക് ഈ വര്‍ഷം നിയമസാധുത ഉണ്ടാവില്ലെന്ന് ഉറപ്പായി. മെയ് ഒന്നിനു തന്നെ ആദ്യഘട്ട പരീക്ഷയും ജൂലൈ 24ന് രണ്ടാംഘട്ട പരീക്ഷയും നടക്കും.
രണ്ടുഘട്ടത്തിലെയും പരീക്ഷകളുടെ ഫലങ്ങള്‍ ഏകോപിപ്പിച്ച് ആഗസ്ത് 17ന് പ്രസിദ്ധീകരിക്കും. എല്ലാവശവും പരിശോധിച്ചശേഷമാണ് ഉത്തരവിട്ടത്. വിധി വീണ്ടും പരിശോധിക്കില്ല. പരീക്ഷകള്‍ തീരുമാനിച്ചതുപോലെ നടക്കട്ടെയെന്നും ജസ്റ്റിസ് അനില്‍ ആര്‍ ദവെ വ്യക്തമാക്കി. പ്രാദേശിക ഭാഷകളില്‍ പരീക്ഷയെഴുതാനുള്ള അനുവാദവും കോടതി നല്‍കിയില്ല. എംബിബിഎസ്-ബിഡിഎസ് പ്രവേശനത്തിന് ഈ വര്‍ഷം മുതല്‍ ഏകീകൃത പരീക്ഷ നടത്താന്‍ ജസ്റ്റിസുമാരായ ദവെ, എസ് കെ സിങ്, എ കെ ഗോയല്‍ എന്നിവരടങ്ങിയ സുപ്രിംകോടതി ബെഞ്ച് വ്യാഴാഴ്ചയാണ് ഉത്തരവിട്ടത്.
സിബിഎസ്ഇക്കാണ് പരീക്ഷാനടത്തിപ്പിന്റെ ചുമതല. ഈ വര്‍ഷം ആറരലക്ഷത്തോളം വിദ്യാര്‍ഥികള്‍ മെഡിക്കല്‍ പ്രവേശനപ്പരീക്ഷ എഴുതുമെന്നാണു പ്രതീക്ഷിക്കുന്നത്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് സര്‍ക്കാരുകളുടെയും കര്‍ണാടക മെഡിക്കല്‍ കോളജ് അസോസിയേഷന്‍, വെല്ലൂര്‍ സിഎംസി തുടങ്ങിയ സ്ഥാപനങ്ങളുടെയും എതിര്‍പ്പു മറികടന്നാണ് സുപ്രിംകോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.
Next Story

RELATED STORIES

Share it