ഷുക്കൂര്‍ വധക്കേസ്: പി ജയരാജന്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും

കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ അപ്പീല്‍ നല്‍കും. തിങ്കളാഴ്ച ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ അപ്പീല്‍ ഹരജി നല്‍കാനാണു നീക്കം. തുടക്കത്തില്‍ തന്നെ ഈ ആവശ്യവുമായി സുപ്രിംകോടതിയെ സമീപിക്കേണ്ടെന്നാണ് ജയരാജന് ലഭിച്ച നിയമോപദേശം. അതിനാലാണ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ഷെഫീഖ് ഉള്‍പ്പെടുന്ന ബെഞ്ച് മുമ്പാകെ അപ്പീല്‍ ഹരജി നല്‍കുക.
കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് ഷുക്കൂറിന്റെ മാതാവ് പി സി ആത്തിക്ക നല്‍കിയ റിട്ട് പെറ്റിഷനിലാണ് ഹൈക്കോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്. സമാനമായ കേസുകളില്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കിയിട്ടുണ്ടെന്ന് ജയരാജന്റെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടും. വിചാരണ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും നടപടികള്‍ ആരംഭിക്കുകയും ചെയ്ത കേസില്‍ മറ്റൊരു അന്വേഷണം നടക്കുന്നത് നിയമപരമായി നിലനില്‍ക്കില്ലെന്ന വാദമാണ് ഉയര്‍ത്തുക. പ്രത്യേകിച്ച്, ഷുക്കൂര്‍ പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനം തന്നെ സംസ്ഥാനത്ത് ഭരണം കൈയാളുമ്പോള്‍ കേസ് പോലിസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആക്ഷേപം ദുര്‍ബലമാണെന്നും കോടതിയെ ബോധിപ്പിക്കും. അതേസമയം, നേരത്തേ പി ജയരാജനും ടി വി രാജേഷ് എംഎല്‍എയ്ക്കുമെതിരേ ഗൂഢാലോചന അറിഞ്ഞിട്ടും തടയാന്‍ ശ്രമിച്ചില്ലെന്ന കുറ്റമാണു ചുമത്തിയിരുന്നത്. ഹൈക്കോടതി ഉത്തരവനുസരിച്ച് സിബിഐ അന്വേഷണം ഏറ്റെടുക്കുകയാണെങ്കില്‍ ഗൂഢാലോചന ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇരുവര്‍ക്കുമെതിരേ ചുമത്തുകയും ചെയ്യും.
അതെസമയം ഷുക്കൂര്‍ വധക്കേസ് സിബിഐക്ക് കൈമാറുന്നതിനു വേണ്ടിയുള്ള ഹരജിയില്‍ സര്‍ക്കാര്‍ നിലപാട് ഗൂഢാലോചനയുടെ ഭാഗമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു. ആലപ്പുഴയില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസില്‍ പോലിസിന് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ സാധിച്ചില്ലെന്നാണ് ഹൈക്കോടതിയില്‍ സര്‍ക്കാര്‍ ബോധിപ്പിച്ചത്. ആഭ്യന്തരവകുപ്പിന് എതിരായി സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയത് സിപിഎമ്മിനൊപ്പം ആഭ്യന്തരമന്ത്രിയെയും ലക്ഷ്യം വച്ചാണ്. വിധി സമാനകേസുകളില്‍ സുപ്രിംകോടതി സ്വീകരിച്ച വിധിക്കെതിരാണ്. ഹൈക്കോടതി വിധിയെ സുപ്രിംകോടതിയില്‍ സ്വാഭാവികമായി ചോദ്യം ചെയ്യുമെന്നും പിണറായി പറഞ്ഞു.
Next Story

RELATED STORIES

Share it