രാജലക്ഷ്മി ടീച്ചര്‍ അമ്മയാണ്, 250 ബാല്യങ്ങള്‍ക്ക്

ജെസി എം ജോയ്

മണ്ണാര്‍ക്കാട്: രാജലക്ഷ്മി ടീച്ചര്‍ക്ക് കുട്ടികള്‍ രണ്ടല്ല, ഇരുനൂറ്റമ്പത്. അതും വിധിയുടെ പിടിയിലമര്‍ന്ന ബാല്യങ്ങള്‍. മണ്ണാര്‍ക്കാട് ഫെയ്ത്ത് ഇന്ത്യ സ്‌പെഷ്യല്‍ സ്‌കൂളിലെ പ്രധാനാധ്യാപികയായ രാജലക്ഷ്മി ടീച്ചര്‍ക്ക് അധ്യാപനം തൊഴിലിനപ്പുറം ഭിന്നശേഷിയുള്ള 250 കുരുന്നുകള്‍ക്കുള്ള മാതൃസ്പര്‍ശം കൂടിയാണ്. മാനസിക വെല്ലുവിളി നേരിടുന്ന 250 കുട്ടികളും പ്രായപൂര്‍ത്തിയായ 70 അംഗങ്ങളും അടങ്ങുന്നതാണ് ഇവരുടെ കുടുംബവും ലോകവും.
തന്റെ സ്‌കൂളിലെ മക്കള്‍ക്കുള്ള അന്നം എവിടെനിന്നു കണ്ടെത്തുമെന്ന ചിന്തയോടെയാണ് ടീച്ചറുടെ ഒരു ദിവസം ആരംഭിക്കുന്നത്. ഇത്രയും പേര്‍ക്ക് മൂന്നു നേരത്തെ ഭക്ഷണവും താമസവും ഉള്‍പ്പെടെയുള്ള ഭാരിച്ച ഉത്തരവാദിത്തമാണ് ടീച്ചര്‍ക്കുള്ളത്. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് വൈകി കിട്ടുന്ന നാമമാത്രമായ ഗ്രാന്റിനു കാത്തുനില്‍ക്കാതെ പൊതുസമൂഹത്തില്‍ കൈനീട്ടിയാണ് ഈ വലിയ ഗൃഹനാഥ 320 പേരെ അല്ലലില്ലാതെ പോറ്റുന്നത്. ഇത്രയും വലിയ ദൗത്യം ടീച്ചര്‍ എന്തിന് ഏറ്റെടുത്തു എന്ന് ചോദിച്ചാല്‍ ടീച്ചര്‍ ഇരുപത്തൊന്നു വര്‍ഷം പിറകോട്ടു പോവും.
ഭര്‍ത്തൃസഹോദര പുത്രന്‍ വിനയന് പൊതുവിദ്യാലയത്തില്‍ പ്രവേശനം നിഷേധിച്ചിടത്തു നിന്നാണ് വിയ്യക്കുറിശ്ശിയിലെ ഫെയ്ത്ത് ഇന്ത്യ സ്‌കൂളിന്റെയും രാജലക്ഷ്മി ടീച്ചറുടെയും തുടക്കം. നിരവധി പ്രതിസന്ധികളെ തരണം ചെയ്ത് 1995ല്‍ ആണ് വിദ്യാലയം തുടങ്ങിയത്. 15 വിദ്യാര്‍ഥികളുമായി തുടങ്ങിയ വിദ്യാലയത്തില്‍ ആ അധ്യയന വര്‍ഷം തന്നെ 30 പേര്‍ പ്രവേശനം തേടിയെത്തിയത് ടീച്ചറെ സന്തോഷിപ്പിച്ചു. ഒരു വിദ്യാര്‍ഥിയുടെ പ്രവേശനം നിഷേധിച്ചിടത്തു തുടങ്ങിയ വിദ്യാലയത്തില്‍ ആരുടെയും പ്രവേശനം നിഷേധിക്കാന്‍ ടീച്ചര്‍ക്ക് മനസ്സ് വന്നില്ല. 2005 കാലഘട്ടത്തില്‍ ഒരു വേള നിര്‍ത്തിയെങ്കിലോ എന്നുപോലും തോന്നിയ ഘട്ടത്തില്‍ ദൈവമാണ് തനിക്ക് ധൈര്യം തന്നതെന്ന് ടീച്ചര്‍ പറയുന്നു.
18 പൂര്‍ത്തിയായവരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കുന്നതിന് സ്വയംതൊഴില്‍ പരിശീലിപ്പിച്ചു വരുകയാണ് ഈ ടീച്ചര്‍. കുട, ഫിനോയില്‍, ബാഗ് തുടങ്ങിയവ നിര്‍മിക്കുന്നതിനുള്ള പരിശീലനമാണു നല്‍കുന്നത്. മക്കളെ കണ്ട് മരിക്കാനാഗ്രഹിക്കുന്ന രക്ഷിതാക്കളുടെ ലോകത്ത് തങ്ങള്‍ക്കു മുമ്പേ മക്കള്‍ മരിക്കണമെന്ന ഭിന്നശേഷിയുള്ള മക്കളുടെ രക്ഷിതാക്കളുടെ പ്രാര്‍ഥനയാണ് ടീച്ചറെ നൊമ്പരപ്പെടുത്തുന്നത്. ഈ നൊമ്പരം ഉള്ളിലൊതുക്കുന്ന ടീച്ചറുടെ ആഗ്രഹം ഇത്തരക്കാര്‍ക്കു മാത്രമായുള്ള വില്ലേജ് വേണമെന്നാണ്.
ഉറ്റവര്‍ മണ്‍മറഞ്ഞാലും സ്വന്തമായി ജീവിക്കാമല്ലോ. ലഭിച്ച സര്‍ക്കാര്‍ജോലി പോലും വേണ്ടെന്നുവച്ച് ഈ മക്കള്‍ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ടീച്ചര്‍ക്ക് കരുത്തു പകരുന്നത് ഭര്‍ത്താവ് റിട്ടയേഡ് പിഡബ്ല്യുഡി ഉദ്യോഗസ്ഥന്‍ കെ ടി നാരായണനും മക്കളായ അരുണ്‍, അജയ് എന്നിവരും ഗ്രാന്റ് കിട്ടുമ്പോള്‍ മാത്രം ശമ്പളം വാങ്ങുന്ന അര്‍പ്പണമനോഭാവമുള്ള സഹപ്രവര്‍ത്തകരുമാണ്.
Next Story

RELATED STORIES

Share it