മനുഷ്യാവകാശങ്ങളെച്ചൊല്ലി ഒബാമ- കാസ്‌ട്രോ തര്‍ക്കം

ഹവാന: ക്യൂബയില്‍ ചരിത്ര സന്ദര്‍ശനത്തിനെത്തിയ യുഎസ് പ്രസിഡന്റ് ബറാക് ഒബാമയ്ക്കും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോയ്ക്കുമിടയില്‍ തര്‍ക്കം. മനുഷ്യാവകാശ പ്രശ്‌നങ്ങളിലാണ് ഇരുവരും ഉടക്കിയത്. യുഎസ് അധീനതയിലുള്ള ഗ്വണ്ടാനമോ തടവറയിലെയും ക്യൂബയിലെ രാഷ്ട്രീയ തടവുകാരുടെയും മനുഷ്യാവകാശങ്ങള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടെയാണ് ഇരു നേതാക്കളും ഇടഞ്ഞത്.
രാജ്യത്തെ രാഷ്ട്രീയത്തടവുകാരുടെ പട്ടിക തന്നാല്‍ അവരെ ഉടന്‍ വിട്ടയക്കാമെന്നു കൂടിക്കാഴ്ചയ്ക്കുശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ റൗള്‍ കാസ്‌ട്രോ പ്രഖ്യാപിച്ചിരുന്നു. അത്തരം പട്ടിക നേരത്തേ നല്‍കിയതായും രാഷ്ട്രീയത്തടവുകാരെ ശത്രുക്കളായിട്ടാണ് ക്യൂബ കാണുന്നതെന്നും യുഎസ് പ്രതികരിച്ചു. ക്യൂബയ്ക്കുമേലുള്ള വ്യാപാര വിലക്ക് ഒഴിവാക്കുന്നതിനായി ക്രിയാത്മക നടപടികള്‍ സ്വീകരിക്കണമെന്നും ഗ്വണ്ടാനമോ തടവറ അടച്ചുപൂട്ടണമെന്നും റൗള്‍ കാസ്‌ട്രോ ആവശ്യപ്പെട്ടു. വ്യാപാരവിലക്ക് പൂര്‍ണമായും ഒഴിവാക്കുമെന്ന് ഒബാമ പ്രതികരിച്ചു. ക്യൂബയുടെ വിധി തീരുമാനിക്കുന്നത് യുഎസോ മറ്റു രാജ്യങ്ങളോ അല്ലെന്നും ക്യൂബതന്നെയാണെന്നും റൗള്‍ കാസ്‌ട്രോ പറഞ്ഞു.
ചര്‍ച്ചയ്ക്കുശേഷം നടന്ന അത്താഴവിരുന്നില്‍ യുഎസ് പ്രഥമവനിത മിഷേല്‍ ഒബാമയും യുഎസ് കോണ്‍ഗ്രസ് അംഗങ്ങളും വൈറ്റ്ഹൗസിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുത്തു. ക്യൂബ മാറ്റത്തിന്റെ പാതയിലാണെന്നും ക്യൂബന്‍ പ്രസിഡന്റ് റൗള്‍ കാസ്‌ട്രോ ഇതു തിരിച്ചറിഞ്ഞെന്നും ഒബാമ പറഞ്ഞു. 88 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഒരു അമേരിക്കന്‍ പ്രസിഡന്റ് ക്യൂബയില്‍ എത്തുന്നത്.
ഞായറാഴ്ച ഉച്ചയ്ക്കു ശേഷമാണ് യുഎസ് പ്രസിഡന്റിന്റെ എയര്‍ഫോഴ്‌സ് വണ്‍ വിമാനം ഹവാനയിലെ വിമാനത്താവളത്തിലിറങ്ങിയത്. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനു ശേഷം ഒബാമ അര്‍ജന്റീനയിലേക്കു തിരിക്കും.
Next Story

RELATED STORIES

Share it