Flash News

ബാര്‍കോഴക്കേസ് : മാണിക്കെതിരെ തുടരന്വേഷണം, വിജിലന്‍സ് റിപോര്‍ട് തള്ളി

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമറിപോര്‍ട്ട് തള്ളി ധനമന്ത്രി മാണിക്കെതിരെ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജികളിലാണ് വിധി. ധനമന്ത്രി കെ എം മാണിയെ കുറ്റവിമുക്തനാക്കിയുള്ള വിജിലന്‍സ് റിപോര്‍ട്ടാണ് കോടതി തള്ളിയത്.
ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനടക്കം ഒമ്പതുപേരും വിജിലന്‍സ് റിപോര്‍ട്ടിനെ അനുകൂലിച്ച് തൊടുപുഴ സ്വദേശി സണ്ണി മാത്യുവുമാണ് കോടതിയെ സമീപിച്ചത്. മൂന്നുമാസം നീണ്ട വാദത്തിനു ശേഷമാണ് തിരുവനന്തപുരം വിജിലന്‍സ് ജഡ്ജി ജോണ്‍ കെ ഇല്ലിക്കാടന്‍ കേസില്‍ വിധി പറഞ്ഞത്.
കേസില്‍ ധനമന്ത്രി കെ എം മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സ് ഡയറക്ടറുടെ നിലപാടിനെ ഹരജിക്കാര്‍ കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. മാത്രമല്ല, പരാതിക്കാരനായ വിഎസില്‍ നിന്നോ മാണിയുടെ കുടുംബാംഗങ്ങളില്‍ നിന്നോ പേഴ്‌സനല്‍ സ്റ്റാഫില്‍ നിന്നോ വിജിലന്‍സ് മൊഴിയെടുത്തിട്ടില്ലെന്നും ഹരജിക്കാര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കേസില്‍ വാദം കേള്‍ക്കുന്നതിനിടെ വിജിലന്‍സിനെ പലവട്ടം കോടതി നിശിതമായി വിമര്‍ശിച്ചിരുന്നു. കെ എം മാണിക്കെതിരായ കോഴ ആരോപണത്തിന് തെളിവുകളില്ലെന്നായിരുന്നു വിജിലന്‍സിന്റെ അന്തിമ റിപോര്‍ട്ട്. 418 ബാറുകള്‍ തുറക്കാനായി ബാറുടമകളില്‍ നിന്നു മാണി കൈക്കൂലി വാങ്ങിയെന്നായിരുന്നു ബാര്‍ ഓണേഴ്‌സ് അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്റ് ബിജു രമേശിന്റെ ആരോപണം.

അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി സുകേശന്‍ അന്തിമ റിപോര്‍ട്ട് സമര്‍പ്പിച്ചതിനുശേഷമാണ് 10 പേര്‍ കേസില്‍ കക്ഷിചേര്‍ന്നത്.
ജൂലൈ ഒമ്പതിന് റിപോര്‍ട്ട് പരിഗണിച്ച കോടതി കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മാണിക്കെതിരേ കേസെടുക്കാന്‍ തെളിവുണ്ടെന്നായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ റിപോര്‍ട്ട്. എന്നാല്‍ സുപ്രിംകോടതിയിലെ അഭിഭാഷകരുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു ഡയറക്ടറുടെ അനുമാനം. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്തിമ റിപോര്‍ട്ട് വന്നത്. ഈ റിപോര്‍ട്ടാണ് കോടതി തള്ളിയത്.
തദ്ദേശഭരണ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലുണ്ടായ കോടതിവിധി ഇരുമുന്നണികള്‍ക്കും ഏറെ നിര്‍ണായകമാണ്. തിരഞ്ഞെടുപ്പിന്റെ അവസാന പ്രചാരണ വിഷയമായി കോടതിവിധി മാറുമെന്നതില്‍ സംശയമില്ല.
Next Story

RELATED STORIES

Share it