ഫാഷിസത്തെ ചെറുക്കുക, റിപബ്ലിക് സംരക്ഷിക്കുക: കാംപസ് ഫ്രണ്ട്  കാംപയിന്‍ 25 മുതല്‍

തിരുവനന്തപുരം: ഫാഷിസത്തെ ചെറുക്കുക, റിപബ്ലിക് സംരക്ഷിക്കുക എന്ന പ്രമേയത്തില്‍ കാംപസ് ഫ്രണ്ട് സംസ്ഥാന വ്യാപകമായി കാംപയിന്‍ നടത്തും. ഈമാസം 25 മുതല്‍ ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ 30 വരെയാണ് കാംപയിന്‍. 25ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി കാംപസിലാണ് ഉദ്ഘാടനം. 30ന് കണ്ണൂരില്‍ കാംപയിന്‍ സമാപിക്കും.
എഴുത്തിനും വരയ്ക്കും ഫാഷിസം വിലക്കേര്‍പ്പെടുത്തുമ്പോള്‍ വിലക്കുകളെ വെല്ലുവിളിച്ചാണ് കാംപസ് ഫ്രണ്ട് പ്രതീകാത്മക പ്രതിഷേധം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംസ്ഥാനത്തെ 15 കേന്ദ്രങ്ങളില്‍ ഫാഷിസത്തിനെതിരേ കല്ലേറു നടത്തും. ഫാഷിസ്റ്റ് ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കില്ലെന്ന് ആഹ്വാനം ചെയ്ത് എഴുത്തും വരയും തൃശൂരിലും സിനിമാ പ്രദര്‍ശനം മലപ്പുറത്തും പാട്ട് പ്രതിഷേധം കോഴിക്കോട്ടും ക്രിക്കറ്റ് കളി കൊല്ലത്തും ബീഫ് ഭക്ഷിക്കല്‍ പത്തനംതിട്ടയിലും നടത്തും.
ജനാധിപത്യത്തിനുമേല്‍ വലതുപക്ഷ വര്‍ഗീയത ഭീതിയുടെ കരിമ്പടം വിരിച്ചിരിക്കുകയാണെന്ന് ഭാരവാഹികള്‍ കുറ്റപ്പെടുത്തി. പറയരുത്, പാടരുത്, എഴുതരുത്, കാണരുത്, കളിക്കരുത്, തിന്നരുത് എന്നിങ്ങനെ സംഘപരിവാര ഫാഷിസം പ്രഖ്യാപിക്കുന്ന വിലക്കുകളുടെ പട്ടിക നീളുകയാണ്. പൗരന്മാരുടെ സ്വാതന്ത്ര്യത്തിനുമേല്‍ വിലക്കുകളും വിലങ്ങുകളും തീര്‍ത്ത് രാജ്യത്തെ തുറന്ന ജയിലാക്കി മാറ്റുകയാണ് ഹിറ്റ്‌ലറുടെയും മുസ്സോളിനിയുടെയും പിന്മുറക്കാര്‍. കലയും സാഹിത്യവും സംഗീതവും സൗഹൃദങ്ങളുമെല്ലാം ഫാഷിസ്റ്റുകള്‍ ഭയപ്പെടുകയാണെന്നും കാംപസ് ഫ്രണ്ട് ചൂണ്ടിക്കാട്ടി. സംസ്ഥാന പ്രസിഡന്റ് സി എ റഊഫ്, സംസ്ഥാന സമിതി അംഗം കെ നൂറ, സംസ്ഥാന സമിതി അംഗം സി കെ റാഷിദ്, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് ആസിഫ് നാസര്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it