പുറവില്‍ കണ്ണന്‍: സ്മരണകളിരമ്പുന്ന കാലഘട്ടത്തിന്റെ അവസാനകണ്ണി

പി സി അബ്ദുല്ല

വടകര: കടത്തനാടന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തിനും വര്‍ത്തമാന കാലഘട്ടത്തിനുമിടയിലെ അവസാന കണ്ണിയും അറ്റു. ഒഞ്ചിയം സമര ചരിത്രത്തിന്റെ ഏടുകള്‍ പരതുന്ന പുതിയ തലമുറയ്ക്കു മുമ്പില്‍ ജീവിതം കൊണ്ടുള്ള ഒരാമുഖമായിരുന്നു കഴിഞ്ഞ ദിവസം അന്തരിച്ച പുറവില്‍ കണ്ണന്‍. പ്രത്യയശാസ്ത്ര ശീലങ്ങള്‍ക്കുപ്പുറമുള്ള ഒരു വിട്ടുവീഴ്ചയ്ക്കും പുറവില്‍ കണ്ണന്‍ അവസാനം വരെ തയ്യാറായില്ല. ജീവിക്കുന്ന രക്തസാക്ഷി എന്ന പ്രയോഗം അന്വര്‍ഥമാക്കിയ കമ്മ്യൂണിസ്റ്റ്. താന്‍ പ്രവര്‍ത്തിച്ച പ്രസ്ഥാനത്തിന് വലതു വ്യതിയാനം വരുന്നെന്ന വിചാരത്തില്‍ അവസാനം ഇടതു മൂല്യാധിഷ്ഠിത ബദലിനായുള്ള പ്രയത്‌നങ്ങള്‍ക്കൊപ്പം കൂടിയിരുന്നു അദ്ദേഹം.

സിപിഎമ്മിന്റെ ദുഷ്പ്രവണതകള്‍ക്കു ബദലെന്നു പ്രഖ്യാപിച്ച് ടി പി ചന്ദ്രശേഖരന്‍ റവല്യൂഷണറി മാക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ മനസുകൊണ്ടും സാന്നിധ്യം കൊണ്ടും പുറവില്‍ കണ്ണന്‍ അതിനൊപ്പം നിലകൊണ്ടു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കു നിരോധനമുണ്ടായിരുന്ന കാലത്ത് പോലിസ് വെടിവയ്പ്പില്‍ പുറവില്‍ കണ്ണന് ഗുരുതരമായ പരിക്കേറ്റിരുന്നു. 1948 ഏപ്രില്‍ 30ന് പോലിസ് വെടിവയ്പ്പില്‍ പതിനെട്ടുകാരനായ കണ്ണന്റെ പിറകു വശത്തുകൂടി വെടിയുണ്ട ഇടനെഞ്ചിലേക്ക് തുളച്ചു കയറുകയായിരുന്നു. നെഞ്ചില്‍ വെടിയുണ്ടയുമായാണ് ആറര പതിറ്റാണ്ടിലേറെ അദ്ദേഹം ജീവിച്ചത്. പുറവില്‍കണ്ണന്റെ പിതാവ് കണാരനടക്കം എട്ടുപേരാണ് അന്നത്തെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്. 1964ല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നപ്പോള്‍ സിപിഎം പക്ഷത്താണ് പുറവില്‍ കണ്ണന്‍ നിലയുറപ്പിച്ചത്.
സിപിഎമ്മിനെ ചുറ്റിവരിഞ്ഞ അധികാര രാഷ്ട്രീയത്തിന്റെ ദുഷ്പ്രവണതകളോര്‍ത്ത് അവസാന നാളുകളില്‍ അദ്ദേഹം ദുഃഖിതനായിരുന്നു. 2008ല്‍ ടി പി ചന്ദ്രശേഖരന്റെ നേതൃത്വത്തില്‍ റവല്യൂഷണറി മാക്‌സിസ്റ്റ് പാര്‍ട്ടി രൂപീകരിക്കപ്പെട്ടപ്പോള്‍ കണ്ണന്‍ ആ ധാരയുടെ ഭാഗമായി. പിന്നീട് ടി പി ദാരുണമായി കൊല്ലപ്പെട്ടതോടെ സിപിഎം കണ്ണന് ഓര്‍ക്കാനിഷ്ടമില്ലാത്ത പാര്‍ട്ടിയായി മാറി.
Next Story

RELATED STORIES

Share it