palakkad local

പാലക്കാട് നഗരസഭാ സ്റ്റാന്റിങ് കമ്മിറ്റി മറനീക്കിയത് കോണ്‍ഗ്രസ്സിലെയും ബിജെപിയിലെയും തമ്മിലടി

കെ സനൂപ്

പാലക്കാട്: പാലക്കാട് നഗരസഭയില്‍ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പില്‍ മറനീക്കിയത് ബിജെപിയിലേയും കോണ്‍ഗ്രസ്സിലേയും ഭിന്നത. മുതിര്‍ന്ന കൗ ണ്‍സിലറും സംസ്ഥാന നിര്‍വാഹക സമിതിയംഗവുമായ എന്‍ ശിവരാജന്‍ പരാജയമേറ്റു വാങ്ങിയതപ്പോഴും മുന്‍ ചെയര്‍മാനും നമോവിചാര്‍ മഞ്ചിന് നേതൃത്വം നല്‍കിയ എസ് ആര്‍ ബാലസുബ്രഹ്മണ്യനും പി സാബുവും തിരഞ്ഞെടുക്കപ്പെട്ടപ്പോഴും വെളിവായത് ബിജെപിയിലെ രൂക്ഷമായ തമ്മിലടിയാണ്.
ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിലാണ് എന്‍ ശിവരാജന്‍ ഒരു വോട്ടിന് പരാജയമറിഞ്ഞത്. ധനകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് മുന്‍ ചെയര്‍മാനും ദേശീയ നിര്‍വാഹക സമിതി അംഗവുമായിരുന്ന എസ് ആര്‍ ബാലസുബ്രഹ്മണ്യന്‍ തിരഞ്ഞെടുക്കപ്പെട്ടതും മുന്‍ കൗണ്‍സിലറും ബിജെപിയില്‍ ഒരു കാലത്ത് എന്‍ ശിവരാജനെതിരെ കലാപക്കൊടിയുയര്‍ത്തിയ പി സാബു ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റിയിലെത്തിയതും ബിജെപിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്.
കാലങ്ങളായി ബിജെപിയില്‍ നിലനില്‍ക്കുന്ന കലഹത്തിന്റെ പരിഹാരമായാണ് എസ് ആര്‍ ബാലസുബ്രഹ്മണ്യത്തിനേയും പി സാബുവിനേയും മല്‍സരിപ്പിക്കാനും വിജയിപ്പിക്കാനും ബിജെപിയിലെ വിമതവിഭാഗം തീരുമാനിച്ചത്. എസ് ആര്‍ ബാലസുബ്രഹ്മണ്യത്തെ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും അവര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ സംസ്ഥാന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനം ബിജെപി ജില്ലാ പ്രസിഡന്റു കൂടിയായ സി കൃഷ്ണകുമാര്‍ സ്വന്തമാക്കുകയായിരുന്നു. ഇതിനെതിരെയുള്ള ഒരു പ്രതികരണം കൂടിയായിരുന്നു സ്റ്റാന്റിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ ദൃശ്യമായത്.
ബിജെപിയിലെ എന്‍ ശിവരാജനും യുഡിഎഫിലെ ചില കൗണ്‍സിലര്‍മാരും ചേര്‍ന്ന് നടത്തുന്ന മാഫിയ ഭരണത്തിന് അന്ത്യം കുറിക്കാന്‍ ആവുന്നതും ശ്രമിച്ചതിന്റെ ഫലമായിരുന്നു പിന്നീട് എസ് ആര്‍ ബാലസുബ്രഹ്മണ്യത്തിന്റേയും പി സാബുവിന്റേയും നേതൃത്വത്തില്‍ രൂപംകൊണ്ട നമോവിചാര്‍ മഞ്ച് എന്ന് ബിജെപിയിലുള്ളവര്‍ തന്നെ തുറന്നുസമ്മതിക്കുന്നു. എന്നാ ല്‍ സംസ്ഥാന നേതൃത്വത്തെ ഉപയോഗിച്ച് അതിനെ ഒതുക്കുകയും പിന്നീട് സാബുവിനെ കൗ ണ്‍സിലര്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പോലും ബിജെപി ജില്ലാ നേതൃത്വം തയ്യാറാകാതിരുന്നതും ബിജെപിയിലെ വലിയൊരു വിഭാഗത്തെ പാര്‍ട്ടിയുമായി അകറ്റി നിര്‍ത്തിയിരുന്നു. പിന്നീട് കേന്ദ്ര നേതൃത്വം ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ തീര്‍ത്തത്.
അതേസമയം കോണ്‍ഗ്രസ്സിനകത്തെ കലഹങ്ങള്‍ അവസാനിച്ചിട്ടില്ല എന്ന സൂചന വ്യക്തമാക്കുന്നതുകൂടിയായിരുന്നു ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ ഭവദാസിന്റെ വോട്ട് അസാധുവായത്. ഇതോടെ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളില്‍ ബിജെപിക്ക് ഒരംഗത്തിന്റെ പിന്തുണ വര്‍ധിക്കുകയും ചെയ്തു. ഭവദാസിന്റെ അതേ ഗ്രൂപ്പുകാരനായ മുന്‍ ചെയര്‍മാന്‍ പി വി രാജേഷിനെ 20 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ബിജെപി സ്ഥാനാര്‍ഥി അവിടെ വിജയം നേടിയത്.
ബിജെപി-കോണ്‍ഗ്രസ് കൂട്ടുകെട്ടിന്റെ ഫലമായിരുന്നു പി വി രാജേഷിന്റെ തോല്‍വി എന്ന ആരോപണവും കോണ്‍ഗ്രസ്സില്‍ ഉയര്‍ന്നിരുന്നു. ഇതിന് പ്രത്യുപകാരമായാണ് ഭവദാസിന്റെ വോട്ട് അസാധുവാക്കി ബിജെപിക്ക് ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റിയില്‍ മുന്‍തൂക്കം നല്‍കിയതെന്ന ആരോപണം കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം കൗണ്‍സിലര്‍മാര്‍ പറയുന്നു. പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ കൂടിയായ ഭവദാസിന്റെ വോട്ട് അസാധുവായത് കോണ്‍ഗ്രസ്സില്‍ കലാപത്തിന് വഴിവെക്കുമെന്നാണ് ഇതിനകം ലഭ്യമാകുന്ന സൂചനകള്‍. എല്‍ഡിഎഫിലെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായി എ കുമാരിയെ തന്നെയാക്കുമെന്നറിയുമ്പോള്‍ സ്റ്റാ ന്റിങ് കമ്മിറ്റിയിലുണ്ടായ പ്രശ്‌നങ്ങള്‍ മൂലം ആരെ പാര്‍ലമെന്ററി പാര്‍ട്ടി ലീഡറാക്കുമെന്നറിയാതെ കുഴങ്ങുകയാണ് ബിജെപി നേതൃത്വം.
Next Story

RELATED STORIES

Share it