പാരിസില്‍ ഒന്നര മണിക്കൂറിനിടെ അഞ്ചിടത്ത് ആക്രമണം: 128 മരണം

പാരിസ്: ഫ്രഞ്ച് തലസ്ഥാനമായ പാരിസിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളിയാഴ്ച രാത്രിയുണ്ടായ വെടിവയ്പിലും സ്‌ഫോടനങ്ങളിലും 128 പേര്‍ കൊല്ലപ്പെട്ടു. 200ഓളം പേര്‍ക്കു പരിക്കേറ്റു. 90 പേരുടെ നില ഗുരുതരമാണെന്ന് ആരോഗ്യവകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച പ്രസിഡന്റ് ഫ്രാന്‍സ്വാ ഹൊളാന്‍ദ്, ആക്രമണത്തിനു പിന്നില്‍ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ആണെന്ന് ആരോപിച്ചു. ഐഎസിന്റെ യുദ്ധനടപടിയാണ് ആക്രമണമെന്നും ഭീകരര്‍ക്കെതിരേ നിര്‍ദയമായ തിരിച്ചടിയുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തികള്‍ അടച്ച് സൈനികരും മറ്റു സുരക്ഷാ ഏജന്‍സികളും വ്യാപക തിരച്ചില്‍ തുടരുകയാണ്. സംശയം തോന്നിയ നൂറിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
പാരിസിലെ പ്രശസ്തമായ ബറ്റാക്ലാന്‍ സംഗീത ഹാളില്‍ കാലഫോര്‍ണിയന്‍ സംഘത്തിന്റെ പരിപാടി നടക്കവെയാണ് ഇരച്ചെത്തിയ നാല് ആയുധധാരികള്‍ തുരുതുരാ വെടിയുതിര്‍ത്തത്. 80ഓളം യുവാക്കള്‍ ഇവിടെ കൊല്ലപ്പെട്ടു. വെടിവയ്പിനു ശേഷം ശരീരത്തില്‍ ഘടിപ്പിച്ചിരുന്ന സ്‌ഫോടകവസ്തുക്കള്‍ പൊട്ടിച്ച് ഇവര്‍ ചിതറിത്തെറിക്കുകയായിരുന്നെന്ന് പോലിസ് പറഞ്ഞു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ പാരിസിലെ അഞ്ചു സ്ഥലങ്ങളില്‍ സ്‌ഫോടനവും വെടിവയ്പുമുണ്ടായി. ഫ്രാന്‍സും ജര്‍മനിയും തമ്മില്‍ സൗഹൃദ ഫുട്‌ബോള്‍ മല്‍സരം നടന്നിരുന്ന സ്റ്റേഡ് ദി ഫ്രാന്‍സ് ദേശീയ സ്റ്റേഡിയത്തിനു പുറത്ത് മൂന്നു പേരാണ് ബോംബുമായെത്തി പൊട്ടിത്തെറിച്ചത്. പ്രസിഡന്റ് ഹൊളാന്‍ദും ജര്‍മന്‍ വിദേശകാര്യ മന്ത്രി ഫ്രാങ്ക് വാള്‍ട്ടര്‍ സ്റ്റീന്‍മിയറും മല്‍സരം കാണാനെത്തിയിരുന്നു. ഇരുവരെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റിയ സൈനികര്‍ നഗരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. പിന്നീട് നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചത്. രണ്ടാം ലോകയുദ്ധത്തിനു ശേഷം ആദ്യമായാണ് ഫ്രാന്‍സില്‍ ഇത്രയും ശക്തമായ ആക്രമണം ഉണ്ടാവുന്നതും അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതും.
രാത്രി 9.10ന് ലെ കാരിലോണ്‍ ബാറിലും പെറ്റിറ്റ് കംബോഡ്ജ് റസ്‌റ്റോറന്റിലുമായിരുന്നു ആദ്യ ആക്രമണം. തൊട്ടുപിന്നാലെ റുദ ഷാരോണിയിലും വെടിവയ്പുണ്ടായി. ഇവിടേക്ക് പോലിസ് ശ്രദ്ധ കേന്ദ്രീകരിച്ചപ്പോഴാണ് കിലോമീറ്ററുകള്‍ അകലെ സ്‌റ്റേഡിയത്തിനു പുറത്തു സ്‌ഫോടനമുണ്ടായത്. ഒടുവിലാണ് സംഗീത ഹാളിലേക്ക് നാലു പേര്‍ ഇരച്ചുകയറിയതും കൂട്ടക്കുരുതി നടത്തിയതും. ഈ സംഗീത ഹാളിന് മീറ്ററുകള്‍ അപ്പുറത്താണ് കഴിഞ്ഞ ജനുവരിയില്‍ ആക്രമണമുണ്ടായ വിവാദ മാഗസിന്‍ ഷാര്‍ളി ഹെബ്ദോ ഓഫിസ്. സംഗീത ഹാളില്‍ കടന്ന ആയുധധാരികള്‍ സിറിയയിലെ ഫ്രഞ്ച് ആക്രമണം അവസാനിപ്പിക്കണമെന്ന് മുദ്രാവാക്യം വിളിച്ചെന്ന് തലനാരിഴയ്ക്കു രക്ഷപ്പെട്ട ദൃക്‌സാക്ഷികള്‍ പറഞ്ഞു. പലരും മരിച്ച പോലെ കിടന്നാണ് രക്ഷപ്പെട്ടത്.
അത്യാധുനിക ആയുധങ്ങളുമായി മുഖം മറയ്ക്കാതെ എത്തിയ യുവാക്കളാണ് വെടിയുതിര്‍ത്തതെന്നു മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. സ്റ്റേഡ് ദി ഫ്രാന്‍സ് സ്റ്റേഡിയത്തിനു പുറത്തുണ്ടായ സ്‌ഫോടനം കാണികള്‍ സ്‌റ്റേഡിയത്തിലെ സ്‌ക്രീനില്‍ കണ്ടിരുന്നെങ്കിലും ആരും പുറത്തിറങ്ങിയില്ല. കളി പൂര്‍ത്തിയായ ശേഷം കാണികള്‍ ഗ്രൗണ്ടിലിറങ്ങി ഒരുമിച്ചുനിന്നു. ലെ പെറ്റിറ്റ് കംബോഡ്ജ് എന്ന കംബോഡിയന്‍ റസ്‌റ്റോറന്റിലെത്തിയ അക്രമികള്‍ 14 പേരെയാണ് കൊലപ്പെടുത്തിയത്. റുദ ഷാരോണി, അവന്യൂ ദി ലാ റിപബ്ലിക് എന്നിവിടങ്ങളിലെ റസ്റ്റോറന്റുകളിലും വെടിവയ്പുണ്ടായി.
അതേസമയം, ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ് പുറത്തുവിട്ട വീഡിയോയില്‍, പശ്ചിമേഷ്യയില്‍ ഫ്രഞ്ച് സൈന്യം ആക്രമണം തുടര്‍ന്നാല്‍ ഇനിയും തിരിച്ചടിയുണ്ടാവുമെന്ന് മുന്നറിയിപ്പു നല്‍കി. സിറിയയിലും മറ്റും നിങ്ങള്‍ ബോംബുകള്‍ വര്‍ഷിക്കുന്നിടത്തോളം നിങ്ങള്‍ക്ക് സമാധാനത്തോടെ ജീവിക്കാനോ സുരക്ഷിതമായി അങ്ങാടികളില്‍ പോകാനോ സാധിക്കില്ലെന്നും ഐഎസിന്റെ വിദേശ മാധ്യമവിഭാഗമായ അല്‍ഹയാത്ത് മീഡിയ സെന്റര്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നു.
ആക്രമണത്തിനിടെ എട്ട് ആയുധധാരികള്‍ കൊല്ലപ്പെട്ടുവെന്ന് പാരിസ് പബ്ലിക് പ്രോസിക്യൂട്ടര്‍ ഫ്രാന്‍സ്വാ മോളിന്‍സ് അറിയിച്ചു. ഏഴു പേര്‍ ബോംബുകള്‍ പൊട്ടിത്തെറിച്ചും ഒരാള്‍ പോലിസ് വെടിയേറ്റുമാണ് മരിച്ചത്. 1500 സൈനികരെ വിന്യസിച്ച് പാരിസില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. പൊതുഗതാഗതം നിര്‍ത്തിവച്ചു. ആരും നഗരത്തില്‍ ഇറങ്ങരുതെന്ന് നിര്‍ദേശം നല്‍കിയ സര്‍ക്കാര്‍, പൊതു-സ്വകാര്യ സ്ഥാപനങ്ങളെല്ലാം അടച്ചിടാനും ആവശ്യപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ ഇന്ത്യക്കാര്‍ ഇല്ലെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Next Story

RELATED STORIES

Share it