ജയലളിതയുടെ സത്യപ്രതിജ്ഞ ഇന്ന്; ഓഡിറ്റോറിയം ഒരുങ്ങി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ജയലളിത തുടര്‍ച്ചയായ രണ്ടാം തവണയും സത്യപ്രതിജ്ഞ ചെയ്യുന്നതിന് മദ്രാസ് സര്‍വകലാശാല ഓഡിറ്റോറിയം ഒരുങ്ങി. ഇന്നാണ് സത്യപ്രതിജ്ഞ. ഈ ഓഡിറ്റോറിയത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. 1991 ജൂണ്‍ 24ന് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതും ഇവിടെ വച്ചാണ്. അന്ന് ഗവര്‍ണര്‍ ഭീഷ്മ നാരായണ്‍ സിങാണ് അവര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തത്. 2011ലും ഇതേ ഓഡിറ്റോറിയത്തിലായിരുന്നു ജയയുടെ സത്യപ്രതിജ്ഞാ വേദി. എന്നാല്‍, 2001ല്‍ രാജ്ഭവനിലായിരുന്നു അവരുടെ സത്യപ്രതിജ്ഞ. ആറാം തവണയാണ് ജയലളിത സംസ്ഥാനത്തിന്റെ ഭരണസാരഥ്യം ഏറ്റെടുക്കുന്നത്. സത്യപ്രതിജ്ഞയ്ക്കായി ഓഡിറ്റോറിയം അലങ്കരിച്ചിട്ടുണ്ട്. ഓഡിറ്റോറിയവും പരിസരവും അലങ്കാര ദീപങ്ങള്‍കൊണ്ട് വെട്ടിത്തിളങ്ങുകയാണ്. ഓഡിറ്റോറിയത്തിനൊപ്പം മുഖ്യമന്ത്രിയുടെയും സഹമന്ത്രിമാരുടെയും ചേംബറുകളും പുതുമോടിയണിഞ്ഞു. സെക്രട്ടേറിയറ്റിലേക്കുള്ള കാമരാജ് ശാലൈ, നമ്പിയര്‍ ബ്രിഡ്ജ് പോയിന്റ് തുടങ്ങിയ റോഡുകളും അലങ്കരിച്ചിട്ടുണ്ട്.ജയലളിതയെ കൂടാതെ മറ്റു 28 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞാചടങ്ങ് തല്‍സമയം സംപ്രേഷണം ചെയ്യാന്‍ സംവിധാനമൊരുക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് നീട്ടിവച്ച തഞ്ചാവൂരിലും അരുവാകുറിശ്ശിയിലുമൊഴിച്ച് ബാക്കിയെല്ലാ ജില്ലകളിലും സത്യപ്രതിജ്ഞാച്ചടങ്ങ് വീക്ഷിക്കാന്‍ വാര്‍ത്താവിതരണ-പൊതുസമ്പര്‍ക്ക വകുപ്പ് എല്‍ഇഡി സ്‌ക്രീനുകള്‍ ഒരുക്കി.
Next Story

RELATED STORIES

Share it