ഗീലാനിയുടെ ജാമ്യാപേക്ഷ തള്ളി; കനയ്യയുടെ ജാമ്യഹരജി സുപ്രിംകോടതി പരിഗണിച്ചില്ല

കെ എ സലിം

ന്യൂഡല്‍ഹി: രാജ്യദ്രോഹക്കുറ്റം ചുമത്തി പോലിസ് അറസ്റ്റ് ചെയ്ത ജെഎന്‍യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യകുമാറിന്റെ ജാമ്യാപേക്ഷ സുപ്രിംകോടതി പരിഗണിച്ചില്ല. ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാമെന്ന് ജസ്റ്റിസുമാരായ ജെ ചെലമേശ്വറും എ എം സപ്രേയും അടങ്ങുന്ന രണ്ടംഗ ബെഞ്ച് വ്യക്തമാക്കി.
ജാമ്യത്തിന് കീഴ്‌ക്കോടതികളെ സമീപിക്കാതെ നേരിട്ട് സുപ്രിംകോടതിയില്‍ നല്‍കുന്ന ഹരജികള്‍ പരിഗണിച്ചാല്‍ അതു പുതിയ കീഴ്‌വഴക്കം സൃഷ്ടിക്കും. കീഴ്‌ക്കോടതികളെല്ലാം കഴിവില്ലാത്തവയാണെന്ന തെറ്റായ സന്ദേശമാവും അതു നല്‍കുക. ഭരണഘടനപ്രകാരം മൗലികാവകാശലംഘനം നടന്നാല്‍ മാത്രമേ ജാമ്യത്തിനായി നേരിട്ട് സുപ്രിംകോടതിയെ സമീപിക്കാനാവൂ. ഈ കേസില്‍ ഭരണഘടനാലംഘനം നടന്നിട്ടില്ല. പിന്നെ എന്തുകൊണ്ടാണ് ജാമ്യത്തിനായി നേരിട്ട് സുപ്രിംകോടതിയെ സമീപിച്ചതെന്നും ജസ്റ്റിസ് ജെ ചെലമേശ്വര്‍ ചോദിച്ചു.
എന്നാല്‍, കീഴ്‌ക്കോടതികളില്‍ കനയ്യക്ക് മതിയായ സുരക്ഷ ലഭിക്കില്ലെന്ന് ഹരജിക്കാരന്റെ അഭിഭാഷകരായ മുന്‍ അറ്റോര്‍ണി ജനറല്‍ സോളി സൊറാബ്ജിയും രാജു രാമചന്ദ്രനും ചൂണ്ടിക്കാട്ടി. മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുമ്പോള്‍ നേരിട്ട് സുപ്രിംകോടതിയെ സമീപിക്കാനുള്ള ഭരണഘടനയുടെ 32(1) വകുപ്പുപ്രകാരമാണ് ഉന്നത കോടതിയില്‍ ഹരജി നല്‍കിയത്. കനയ്യക്ക് ജയിലില്‍ ജീവന് ഭീഷണിയുണ്ട്. കോടതിയില്‍പ്പോലും മര്‍ദ്ദനത്തിനിരയായി. പോലിസ് അനധികൃതമായാണ് കസ്റ്റഡിയിലെടുത്തതെന്നും അവര്‍ വാദിച്ചു. എന്നാല്‍, എല്ലാ കോടതികളിലും സുരക്ഷാപ്രശ്‌നമുണ്ടെന്ന വാദം അംഗീകരിക്കാനാവില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നിരീക്ഷണം.
ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്ന് അറിയിച്ചപ്പോള്‍, അഭിഭാഷകര്‍ക്ക് മതിയായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാരിനും പോലിസിനും അപേക്ഷ ഉടന്‍ പരിഗണിക്കാന്‍ ഹൈക്കോടതിക്കും സുപ്രിംകോടതി നിര്‍ദേശം നല്‍കി. ഉച്ചകഴിഞ്ഞ് കനയ്യക്കു വേണ്ടി മുതിര്‍ന്ന അഭിഭാഷകരായ വൃന്ദാ ഗ്രോവറും സുശീല്‍ ബജാജും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ചില രേഖകള്‍ കൂടി ലഭിക്കേണ്ടതിനാല്‍ ഹരജി പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്കു മാറ്റി.
അതേസമയം, കേന്ദ്രസര്‍ക്കാര്‍ കനയ്യക്കെതിരായ നിലപാടാണ് സുപ്രിംകോടതിയില്‍ സ്വീകരിച്ചത്. പട്യാലഹൗസ് കോടതിയില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായെങ്കിലും കേസിന്റെ ഗൗരവം കുറയ്ക്കരുതെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. ജാമ്യം അനുവദിച്ചാല്‍ രാജ്യത്തിനു തെറ്റായ സന്ദേശമാവും അതു നല്‍കുക. ജാമ്യവും കോടതിയിലെ അക്രമവും തമ്മില്‍ ബന്ധമില്ല. സുരക്ഷ ഉറപ്പാക്കുമെന്ന് ഡല്‍ഹി പോലിസും കേന്ദ്രസര്‍ക്കാരും അറിയിച്ചു. ഹൈക്കോടതിയിലും ജാമ്യത്തെ എതിര്‍ക്കുമെന്ന് ഡല്‍ഹി പോലിസിന്റെ അഭിഭാഷകന്‍ ശൈലേന്ദ്ര ബബ്ബാര്‍ വ്യക്തമാക്കി. ഉച്ചയ്ക്കുശേഷം ജാമ്യാപേക്ഷ പരിഗണിക്കുമെന്ന് റിപോര്‍ട്ട് ഉണ്ടായിരുന്നതിനാല്‍ ഹൈക്കോടതിയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി പട്യാലഹൗസ് കോടതിവളപ്പില്‍ സംഘപരിവാര അനുകൂല അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തില്‍ ഹൈക്കോടതി പരിസരത്ത് അധിക പോലിസിനെ വിന്യസിച്ചു.
അതിനിടെ, അഫ്‌സല്‍ ഗുരു അനുസ്മരണവുമായി ബന്ധപ്പെട്ട് രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ പട്യാലഹൗസ് കോടതി തള്ളി. ഗീലാനി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും. ഡല്‍ഹി പ്രസ്‌ക്ലബില്‍ നടന്ന അഫ്‌സല്‍ഗുരു അനുസ്മരണച്ചടങ്ങില്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയെന്നാരോപിച്ചാണ് പോലിസ് ഇദ്ദേഹത്തെ ഇക്കഴിഞ്ഞ 16ന് അറസ്റ്റ് ചെയ്തത്. പരിപാടിയുടെ മുഖ്യസംഘാടകന്‍ ഗീലാനിയാണെന്നും ഹാള്‍ ബുക്ക് ചെയ്തത് അദ്ദേഹത്തിന്റെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചാണെന്നുമാണ് പോലിസ് ആരോപണം.
മാധ്യമ റിപോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലിസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കുമെന്നും തെളിവുകള്‍ നശിപ്പിക്കാന്‍ ഇടയാവുമെന്നും സര്‍ക്കാര്‍ ബോധിപ്പിച്ചു. ചോദ്യംചെയ്യലുമായി ഗീലാനി സഹകരിച്ചിട്ടില്ലെന്നും ഹാള്‍ ബുക്ക് ചെയ്ത വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അഭിഭാഷകന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it