Editorial

കോടതികള്‍ മതകാര്യങ്ങളില്‍ തീര്‍പ്പു കല്‍പിക്കുമ്പോള്‍

സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതു തടയാന്‍ ദേവസ്വം ബോര്‍ഡിന് അധികാരമില്ലെന്നു സൂചിപ്പിക്കുന്ന തരത്തിലുള്ള സുപ്രിംകോടതിയുടെ അഭിപ്രായ പ്രകടനം വ്യാപകമായ എതിര്‍പ്പുകള്‍ക്കു വഴിവയ്ക്കുമെന്നു തീര്‍ച്ചയാണ്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ലിംഗവിവേചനമാണെന്ന സമീപനമാണ് കോടതിയുടേത്. ഇക്കാര്യം ഭരണഘടനാനുസൃതമായി തീര്‍പ്പാക്കുമെന്ന സുപ്രിംകോടതി പരാമര്‍ശത്തില്‍ നിന്ന്, വരാന്‍ പോകുന്ന വിധി എപ്രകാരമായിരിക്കുമെന്ന് ഏതാണ്ട് ഊഹിക്കാം. അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയാണെന്നും അതുകൊണ്ടുതന്നെ യൗവനയുക്തകളായ സ്ത്രീകള്‍ക്കു സന്നിധാനത്തു പ്രവേശിച്ചുകൂടാ എന്നും മറ്റുമുള്ള തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ പ്രസ്താവന, അയ്യപ്പഭക്തര്‍ എപ്രകാരമായിരിക്കും ഈ വിഷയത്തില്‍ പ്രതികരിക്കുക എന്നതിന്റെ സൂചനയാണ്. അതുളവാക്കുന്ന പ്രത്യാഘാതങ്ങള്‍ നിസ്സാരമാവണമെന്നുമില്ല.
പ്രത്യക്ഷത്തില്‍ സ്ത്രീവിവേചനമെന്നു പറയാവുന്ന ഇത്തരം നിരവധി വിലക്കുകള്‍ ക്ഷേത്രാരാധനയുമായി ബന്ധപ്പെട്ട് രാജ്യത്തു നിലവിലുണ്ട്. ദലിതര്‍ക്കും മറ്റ് അധഃസ്ഥിത വിഭാഗങ്ങള്‍ക്കും ക്ഷേത്രങ്ങളില്‍ ഏര്‍പ്പെടുത്തിയ വിലക്കുകള്‍ നിരവധിയാണ്. മഹാരാഷ്ട്രയിലെ ശാനി ശിന്‍ഗ്‌നാപുര്‍ ക്ഷേത്രത്തില്‍ സ്ത്രീകള്‍ ശ്രീകോവിലില്‍ പ്രവേശിക്കാനോ ആരാധന നടത്താനോ പാടില്ല. ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും സ്ത്രീകള്‍ക്കു പ്രത്യേക വസ്ത്രധാരണരീതികള്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നു. മദിരാശി ഹൈക്കോടതി അടുത്ത കാലത്താണ് ക്ഷേത്രങ്ങളില്‍ ചില പ്രത്യേക വസ്ത്രങ്ങള്‍ വിലക്കിയത്. ഇത്തരം വിവേചനങ്ങള്‍ പക്ഷേ, പൊതുസമൂഹം കാര്യമായി കണക്കിലെടുക്കാറില്ല. മുസ്‌ലിം വനിതകളുടെ ശിരോവസ്ത്രത്തെ കുറിച്ചോര്‍ത്തു വേവലാതിപ്പെട്ട് ഉറക്കം കളയുന്ന ബുദ്ധിജീവികളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ഈ വിവേചനങ്ങള്‍ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്.
മതാചാരത്തിന്റെ ഭാഗമായി നടന്നുപോരുന്ന പല നടപടികള്‍ക്കും കോടതികള്‍ തന്നെയും അനുമതി നല്‍കാറുമുണ്ട്. ജൈനസമൂഹം അനുഷ്ഠിച്ചുപോരുന്ന സന്താര എന്ന ചടങ്ങിനു സുപ്രിംകോടതി അനുവാദം നല്‍കിയത് ഒരു ഉദാഹരണമാണ്. ഇന്ത്യയെപ്പോലുള്ള ബഹുമത-ബഹുസ്വര സമൂഹത്തില്‍ നിയമങ്ങള്‍ രൂപപ്പെടുത്തുമ്പോള്‍ നാട്ടാചാരങ്ങള്‍ കണക്കിലെടുക്കണം എന്നുതന്നെയാണ് അതിന്റെ അര്‍ഥം. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെയും അപ്രകാരം കണക്കാക്കിയാല്‍ മതിയാകും; അതു പ്രാകൃതമാണെങ്കില്‍ത്തന്നെയും. കോടതികള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളില്‍ ഇടപെട്ട് ഒറ്റയടിക്കു സാമൂഹിക പരിഷ്‌കരണം നടത്താന്‍ സാധിക്കുമെന്നു കരുതാനാവില്ല.
സുപ്രിംകോടതിയുടെ പരാമര്‍ശം പ്രസക്തമായൊരു ചോദ്യം ഉയര്‍ത്തുന്നു: മതകാര്യങ്ങളില്‍ കോടതികളാണോ തീര്‍പ്പു കല്‍പിക്കേണ്ടത്? ഷാബാനു കേസില്‍ സുപ്രിംകോടതി ഖുര്‍ആന്‍ വ്യാഖ്യാനിച്ചപ്പോള്‍ മുസ്‌ലിം സമൂഹം ഉയര്‍ത്തിയ ചോദ്യമാണിത്. ശബരിമലയില്‍ സ്ത്രീകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കിനെ മറികടന്നുകൊണ്ടാണ് സുപ്രിംകോടതിയുടെ തീരുമാനമെങ്കില്‍ അതും ഇങ്ങനെയൊരു എതിര്‍പ്പിനു വഴിവച്ചേക്കും. ഭരണഘടന പൗരന്മാര്‍ക്ക് അനുവദിച്ചിട്ടുള്ള തുല്യാവകാശങ്ങളും മതവിശ്വാസികള്‍ക്ക് ഉറപ്പുനല്‍കിയിട്ടുള്ള ആരാധനാസ്വാത്രന്ത്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് ഈ വിഷയം നീങ്ങുമോ എെന്നല്ലാം കണ്ടറിയണം.
Next Story

RELATED STORIES

Share it