കാബൂളില്‍ സ്‌ഫോടനം; ഒരു മരണം

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലെ വിമാനത്താവളത്തിനു സമീപത്തുണ്ടായ കാര്‍ബോംബ് സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചതായി അഫ്ഗാന്‍ ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിമാനത്താവളത്തിലെ സൈനിക പ്രവേശനകവാടത്തിനടുത്താണ് സ്‌ഫോടനമുണ്ടായത്.
നാറ്റോ സൈന്യം ഉപയോഗിച്ചുവരുന്ന കവാടമാണിതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തിട്ടുണ്ട്. മേഖലയില്‍ താലിബാന്‍ സ്വാധീനം ശക്തിയാര്‍ജിച്ചു വരുന്നതിന്റെ സൂചനയാണ് തുടര്‍ച്ചയായ ആക്രമണങ്ങളെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. താലിബാനുമായി സമാധാനചര്‍ച്ചകള്‍ നടത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചര്‍ച്ചചെയ്യാനായി പാക് കരസേനാ മേധാവി ജനറല്‍ റഹീല്‍ ശരീഫ് കാബൂള്‍ സന്ദര്‍ശിച്ചതിനു പിന്നാലെയാണ് സ്‌ഫോടനം.
അതേസമയം, ചൈന, യുഎസ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ എന്നീ രാജ്യങ്ങള്‍ തമ്മില്‍ ജനുവരിയില്‍ ചര്‍ച്ചകള്‍ നടത്താന്‍ ധാരണയിലെത്തിയതായി അഫ്ഗാന്‍ വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it