ഓണ്‍ലൈന്‍ പരീക്ഷാ ക്രമക്കേട്; ഉദ്യോഗാര്‍ഥികള്‍ പിഎസ്‌സി ചെയര്‍മാന് പരാതി നല്‍കി

തിരുവനന്തപുരം: ഇംഗ്ലീഷ് ലക്ചറര്‍ തസ്തികയിലേക്ക് കഴിഞ്ഞ മാസം 27ന് നടന്ന പിഎസ്‌സി ഓണ്‍ലൈന്‍ പരീക്ഷയിലെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ചെയര്‍മാന് പരാതി നല്‍കി. 578/2012, 715/2014 എന്നീ കാറ്റഗറി പ്രകാരം ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് ഓണ്‍ലൈന്‍ പരീക്ഷ നടത്തിയത്.
ഇതില്‍ തിരുവനന്തപുരം സെന്ററിലെ പരീക്ഷയിലാണ് വ്യാപകമായ ക്രമക്കേടുകളുണ്ടായിരിക്കുന്നതെന്നാണ് പരാതി. പരീക്ഷയുടെ സമയം ഒരു മണിക്കൂറും 15 മിനിറ്റുമാണെന്നിരിക്കേ സാങ്കേതികത്തകരാറാണെന്ന് പറഞ്ഞ് തിരുവനന്തപുരം കേന്ദ്രത്തില്‍ പരീക്ഷ രണ്ടു മണിക്കൂറിലേറെ നീണ്ടുപോയി. പരീക്ഷ ആരംഭിച്ച് 20 മിനിറ്റിനുശേഷം കംപ്യൂട്ടര്‍ ഓഫാക്കാന്‍ പറയുകയും 15 മിനിറ്റിനുശേഷം പരീക്ഷ ആരംഭിക്കുകയുമായിരുന്നു. പരീക്ഷ നിര്‍ത്തിവച്ച ഇടവേളയില്‍ ഉദ്യോഗാര്‍ഥികള്‍ പരസ്പരം ചോദ്യോത്തരങ്ങള്‍ ചോദിച്ച് മനസ്സിലാക്കി. ഓണ്‍ലൈന്‍ പരീക്ഷാകേന്ദ്രത്തില്‍ ഉദ്യോഗാര്‍ഥികള്‍ പരസ്പരം സംസാരിക്കാന്‍ പാടില്ലെന്നാണ് പിഎസ്‌സി പുറത്തിറക്കിയ നിര്‍ദേശങ്ങളില്‍ പറയുന്നത്. ഇത് ലംഘിക്കുന്നവരെ അയോഗ്യരാക്കാനും വ്യവസ്ഥയുണ്ട്. എന്നാല്‍, ഹാളില്‍ ബഹളമുണ്ടാവുന്നവിധം ഉദ്യോഗാര്‍ഥികള്‍ പരസ്പരം സംസാരിക്കുന്ന സ്ഥിതിയാണ് തിരുവനന്തപുരം കേന്ദ്രത്തിലുണ്ടായത്.
എറണാകുളത്തും പത്തനംതിട്ടയിലും പരീക്ഷയെഴുതിയവര്‍ക്ക് 40-64 മാര്‍ക്കുകള്‍ ലഭിച്ചപ്പോള്‍ തിരുവനന്തപുരത്ത് പരീക്ഷയെഴുതിയവര്‍ക്ക് 55-80 മാര്‍ക്കുകളാണ് ലഭിച്ചത്. ഒരുമാര്‍ക്കിനുതന്നെ 15-25 റാങ്കുമാറ്റമുണ്ടാവുന്ന പിഎസ്‌സി പോലുള്ള പരീക്ഷയില്‍ അധികൃതരുടെ നിലപാട് തങ്ങള്‍ക്ക് തിരിച്ചടിയാവുമെന്നാണ് ഉദ്യോഗാര്‍ഥികളുടെ പരാതി. ഉദ്യോഗാര്‍ഥികള്‍ പരീക്ഷാകേന്ദ്രത്തില്‍ പരസ്പരം സംസാരിച്ചിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിന് അന്നേദിവസത്തെ വീഡിയോദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പിഎസ്‌സി തയ്യാറാവണം.
ഇപ്പോള്‍ നടത്തിയ പരീക്ഷ റദ്ദാക്കി പുതിയ ഒഎംആര്‍ പരീക്ഷ നടത്താനുള്ള നടപടികളുണ്ടാവണമെന്ന് ഉദ്യോഗാര്‍ഥികള്‍ ചെയര്‍മാന് നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നു. ഉദ്യോഗാര്‍ഥികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പരീക്ഷാകേന്ദ്രത്തിലുണ്ടായ വീഴ്ചയെക്കുറിച്ച് പരീക്ഷാവിഭാഗത്തോട് കമ്മീഷന്‍ വിശദീകരണം ചോദിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it