World

ഐഎസ് വിരുദ്ധ പോരാട്ടം; സിറിയന്‍ വിമതര്‍ ഇറാഖ് അതിര്‍ത്തിയില്‍

ദമസ്‌കസ്: ഐഎസിന്റെ അധീനമേഖലയായ സിറിയയിലെ ഇറാഖ് അതിര്‍ത്തിയോട് ചേര്‍ന്ന നഗരത്തിലേക്ക് സിറിയന്‍ വിമതര്‍ ആക്രമണം വ്യാപിപ്പിക്കുന്നു. അല്‍ബു കമാലിലെ ഏതാനും ഐഎസ് സ്വാധീനപ്രദേശങ്ങള്‍ ഇതിനോടകം തിരിച്ചുപിടിച്ചതായി ന്യൂ സിറിയന്‍ ആര്‍മി പ്രസ്താവനയില്‍ അറിയിച്ചു.
2014ല്‍ ഐഎസ് പിടിച്ചടക്കിയ മേഖലകളാണ് തിരിച്ചു പിടിച്ചിരിക്കുന്നത്. യുഎസ് സൈന്യത്തിന്റെ പിന്തുണയോടെ ഹമാദന്‍ സൈനിക വിമാനത്താവളം വിമതര്‍ കീഴടക്കി. വിമാനത്താവളം പിടിച്ചടക്കിയ കാര്യം ബ്രിട്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിരീക്ഷക സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സ്ഥിരീകരിച്ചു.
കാര്‍ഷികമേഖലയില്‍ യുദ്ധം തുടരുകയാണെന്നും യുഎസ് സൈന്യം വ്യോമാക്രമണം നടത്തുന്നതായും സംഘടന അറിയിച്ചു. ഇറാഖ് അതിര്‍ത്തിയിലെ ദെയര്‍ അല്‍-സൂര്‍ പ്രവിശ്യയില്‍നിന്നും ഏതാനും കിലോമീറ്റര്‍ അകലെയാണിത്. ഇറാഖിലെയും സിറിയയിലെയും ഐഎസ് കേന്ദ്രങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വഴി അടയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ചൊവ്വാഴ്ച വിമതര്‍ ദൗത്യം ആരംഭിച്ചത്. ഇറാഖ് സര്‍ക്കാര്‍ സൈന്യത്തിന്റെ സഹകരണത്തോടെയാണ് നീക്കമെന്നും ഇറാഖില്‍ ഐഎസിനെതിരേ സൈന്യവും മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുകയാണെന്നും വിമതവക്താവ് അറിയിച്ചു.
മേഖലയിലേക്കുള്ള വൈദ്യുത-വാര്‍ത്താവിനിമയ ബന്ധം ഐഎസ് തടസ്സപ്പെടുത്തിയതായും റിപോര്‍ട്ടുണ്ട്.
Next Story

RELATED STORIES

Share it