ഇടതു പ്രകടനപത്രികയില്‍ സിപിഎം ചിഹ്നം; ഘടകകക്ഷികള്‍ക്ക് വിയോജിപ്പ്

അബ്ദുല്‍സലാം പൊന്നാട്

മണ്ണഞ്ചേരി: ഇടതുമുന്നണി സംസ്ഥാന കമ്മിറ്റി പുറത്തിറക്കിയ പ്രകടനപത്രികയില്‍ ഘടകകക്ഷികളുടെ ചിഹ്നം ഒഴിവാക്കിയത് വിവാദമാവുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്റെ പേരില്‍ പുറത്തിറക്കിയിരിക്കുന്ന പ്രകടനപത്രികയുടെ മുഖചിത്രമായി സിപിഎമ്മിന്റെ തിരഞ്ഞെടുപ്പു ചിഹ്നമായ ചുറ്റിക അരിവാള്‍ നക്ഷത്രം ആലേഖനം ചെയ്തതാണു വിവാദമായത്. ആറുപേജുള്ള പ്രകടനപത്രിക സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേക്കും വിതരണത്തിനായാണ് ഇറക്കിയിരിക്കുന്നത്. ഓരോ ജില്ലകളിലും അഭ്യര്‍ഥനയുടെ കെട്ടുകള്‍ നേരത്തേ തന്നെ എത്തിച്ചിരുന്നു. എന്നാല്‍, പത്രികയില്‍ ആലേഖനം ചെയ്ത ചിഹ്നം ശ്രദ്ധയില്‍പ്പെട്ട ആലപ്പുഴയിലെ പ്രവര്‍ത്തകര്‍ അഭ്യര്‍ഥന വിതരണം ചെയ്യാന്‍ തയ്യാറായിട്ടില്ല.
യുഡിഎഫിനെയും ബിജെപിയെയും നേരിടാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കേണ്ടതിനു പകരം മുന്നണി ഐക്യം തകര്‍ക്കുന്ന തരത്തിലാണു പ്രകടനപത്രിക പുറത്തിറക്കിയിരിക്കുന്നതെന്നാണ് ആക്ഷേപം. സിപിഎമ്മിന്റെ വല്യേട്ടന്‍ മനോഭാവമാണ് ഇതിലൂടെ പുറത്തുവന്നിരിക്കുന്നതെന്ന് സിപിഐ അടക്കമുള്ള ഘടകകക്ഷികള്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പുരംഗം ചൂടുപിടിക്കുമ്പോള്‍ ഘടകകക്ഷികളെ അവഗണിച്ചു മുന്നോട്ടുപോയാ ല്‍ അത് സിപിഎമ്മിനു തന്നെ കനത്ത തിരിച്ചടിയാവുമെന്നും ഇക്കൂട്ടര്‍ അഭിപ്രായപ്പെടുന്നു. സംസ്ഥാനത്തുടനീളം എല്‍ഡിഎഫിലെ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ സിപിഎം-സിപിഐ കക്ഷികള്‍ തമ്മില്‍ പലയിടത്തും അസ്വാരസ്യം നിലനിന്നിരുന്നു. ചിലയിടങ്ങളില്‍ ഇവര്‍ തമ്മില്‍ നേര്‍ക്കുനേര്‍ പോരാട്ടമാണു നടക്കുന്നത്.
സിപിഎം-സിപിഐ അനൈക്യം മറനീക്കിയിരിക്കുന്നതിന്റെ സൂചനയായാണ് ചിലര്‍ ഇതിനെ കാണുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് പുറത്തിറക്കിയ പ്രകടന പത്രികയില്‍ ഒരു കക്ഷികളുടെ ചിഹ്നവും ആലേഖനം ചെയ്യേണ്ടതില്ലെന്നിരിക്കെ സിപിഎമ്മിന്റെ ചിഹ്നം മാത്രം പ്രസിദ്ധീകരിച്ചത് വരുംദിവസങ്ങളില്‍ ചൂടേറിയ ചര്‍ച്ചയ്ക്കു വഴിവയ്ക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ നിഗമനം.
Next Story

RELATED STORIES

Share it