അപൂര്‍വ യാത്രാ സൗഭാഗ്യവുമായി ചൈനീസ് യുവതി

ബെയ്ജിങ്: കുഞ്ഞുങ്ങളുടെ കരച്ചിലും സഹയാത്രികരുടെ കലപിലയും യാത്രയില്‍ പലപ്പോഴും അലോസരമാവാറുണ്ട്. എന്നാല്‍, കഴിഞ്ഞ ദിവസം ചൈനീസ് യുവതിക്ക് ലഭിച്ചത് അപൂര്‍വ സൗഭാഗ്യമാണ്. മര്യാദയില്ലാത്ത സഹയാത്രികരുടെ ശല്യങ്ങളില്ലാതെ, വിമാന ജീവനക്കാരുടെ സേവനം മതിവരുവോളം നുകര്‍ന്ന് ഒരു യാത്ര.
പുതുവല്‍സര അവധി ചെലവഴിക്കാന്‍ ചൈനയിലെ ഗുവാന്‍ഷുവിലേക്ക് പുറപ്പെട്ട ചൈനീസ് യുവതിക്കാണ് ഈ അത്യപൂര്‍വ സൗഭാഗ്യം ലഭിച്ചത്. ഹിമപാതത്തെത്തുടര്‍ന്ന് മധ്യവുഹാനിലെ തീവണ്ടികള്‍ വൈകിയതോടൊപ്പം ഏതാനും വിമാനങ്ങളും വൈകിയാണ് സര്‍വീസ് നടത്തിയത്. സാങ് ബുക്ക് ചെയ്ത, ഗ്വാന്‍ഷുവിലേക്കുള്ള സിസെഡ് 2833 വിമാനവും ഇതില്‍പ്പെടും. വൈകുമെന്നതിനാല്‍ നേരത്തേ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ എയര്‍ലൈന്‍സ് നല്‍കിയ അവസരം മിക്ക യാത്രക്കാരും സ്വീകരിച്ചു. എന്നാല്‍, സാങ് നേരത്തേ പുറപ്പെടാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് വൈകി സര്‍വീസ് നടത്തിയ വിമാനത്തില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാങിന് അവസരം ലഭിച്ചത്.
ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ സാധിച്ചതില്‍ തനിക്കുണ്ടായ സന്തോഷം അവര്‍ ചൈനീസ് മൈക്രോബ്ലോഗിങ് സര്‍വീസായ വെയ്‌ബോയിലൂടെ പങ്കുവച്ചു. ജീവിതത്തിലെ പുതുമ നിറഞ്ഞ വലിയൊരു അനുഭവമാണിതെന്ന് അവര്‍ പറഞ്ഞു. വിമാനജീവനക്കാരുടെ ഭാഗത്തുനിന്നു വ്യക്തിപരമായ സേവനമാണ് യാത്രയ്ക്കിടെ സാങിന് ലഭിച്ചത്.
Next Story

RELATED STORIES

Share it