Flash News

പരവൂര്‍ വെടിക്കെട്ടപകടം; ഏഴ് ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ കീഴടങ്ങി; ; കേസില്‍ 20 പ്രതികള്‍

പരവൂര്‍ വെടിക്കെട്ടപകടം; ഏഴ് ക്ഷേത്രക്കമ്മിറ്റി  ഭാരവാഹികള്‍ കീഴടങ്ങി;  ; കേസില്‍ 20 പ്രതികള്‍
X


index

[related]

കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രത്തിലെ വെടിക്കെട്ട് അപകടത്തെ തുടര്‍ന്ന് ഒളിവില്‍പോയ ക്ഷേത്രഭരണ സമിതി ഭാരവാഹികളിലെ ഏഴുപേര്‍ പോലിസില്‍ കീഴടങ്ങി. പ്രസിഡന്റ് ടി എസ് ജയലാല്‍, സെക്രട്ടറി ടി കൃഷ്ണന്‍കുട്ടി പിള്ള, ഖജാഞ്ചി പ്രസാദ്, ഭരണസമിതി അംഗങ്ങളായ സോമസുന്ദരന്‍ പിള്ള, രവീന്ദ്രന്‍ പിള്ള എന്നിവരാണ് ഇന്നലെ അര്‍ധരാത്രി 12ഓടെ പരവൂര്‍ പോലിസില്‍ ഹാജരായത്.സുരേന്ദ്രന്‍ പിള്ളയും മരുമകനുമാണ് ഇന്ന് കീഴടങ്ങിയത്. കേസില്‍ 20 പേരാണുള്ളത്. 14 പേരാണ് ക്ഷേത്രകമ്മിറ്റിയിലുള്ളത്. ഇതില്‍ ഏഴുപേരാണ് ഇപ്പോള്‍ കീഴടങ്ങിയത്. ക്രൈംബ്രാഞ്ച് എസ് പി സേവ്യര്‍ ആണ് ഇക്കാര്യം അറിയിച്ചത്.
കൊല്ലം ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ച ഇവരെ ചോദ്യംചെയ്തുവരുകയാണ്.
സംഭവത്തെ തുടര്‍ന്ന് ക്ഷേത്രക്കമ്മിറ്റി, ഉല്‍സവക്കമ്മിറ്റി ഭാരവാഹികള്‍ മുങ്ങിയിരുന്നു. 20 പേര്‍ക്കെതിരേ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, സംഭവത്തെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. എഡിജിപി അനന്തകൃഷ്ണന്റെ നേതൃത്വത്തില്‍ എസ്പിയും മൂന്ന് ഡിവൈഎസ്പിമാരും അടങ്ങുന്ന സംഘം ഇന്നലെ സംഭവസ്ഥലം സന്ദര്‍ശിച്ചു. ആദ്യഘട്ടത്തില്‍ തെളിവുശേഖരണത്തിനാണ് മുന്‍ഗണന നല്‍കുക.
കേന്ദ്രത്തില്‍നിന്നുള്ള ചീഫ് എക്‌സ്‌പ്ലോസീവ് കണ്‍ട്രോളര്‍ സുദര്‍ശന്‍ കമാലിന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലം സന്ദര്‍ശിച്ചു. സ്‌ഫോടകവസ്തു ഉപയോഗവുമായി ബന്ധപ്പെട്ട് വന്‍തോതിലുള്ള നിയമലംഘനം നടന്നതായി സംഘത്തിന് ബോധ്യപ്പെട്ടു. സ്ഥലത്തുനിന്നു ശേഖരിച്ച സാംപിളുകള്‍ വിശദപരിശോധനയ്ക്ക് അയക്കും. നിരോധിത സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിട്ടുണ്ടോയെന്ന് പരിശോധനയ്ക്കുശേഷമേ വ്യക്തമാവുകയുള്ളൂവെന്ന് സുദര്‍ശന്‍ കമാല്‍ പറഞ്ഞു. ഇതിനിടെ, പുറ്റിങ്ങല്‍ ക്ഷേത്രത്തില്‍ നടന്നത് മല്‍സരവെടിക്കെട്ടു തന്നെയാണെന്ന് പോലിസ് സ്ഥിരീകരിച്ചു.
Next Story

RELATED STORIES

Share it