ernakulam local

അങ്കം ജയിക്കാന്‍ യുഡിഎഫ്, വിജയ പ്രതീക്ഷയില്‍ എല്‍ഡിഎഫ്; ഇരുമുന്നണികള്‍ക്കും ഭീഷണിയായി എസ്ഡിപിഐ

ആലുവ: ജില്ലാ പഞ്ചായത്ത് എടത്തല ഡിവിഷനില്‍ ഇത്തവണയും പോരാട്ടം ശക്തമാണ്. യുഡിഎഫിലെ പ്രധാന ഘടകകക്ഷിയായ ലീഗും എല്‍ഡിഎഫിലെ സിപിഐയുമാണ് ഇവിടെ മുന്നണി സ്ഥാനാര്‍ഥികളായി മല്‍സരിക്കുന്നത്.
ഇരുമുന്നണികള്‍ക്കും ഭീഷണിയായിരിക്കുകയാണ് ഇവിടെ എസ്ഡിപിഐയുടെ രംഗപ്രവേശനം. മുസ്‌ലിംലീഗ് ജില്ലാ സെക്രട്ടറിയും വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റും കണ്ണൂര്‍ സ്പിന്നിങ് മില്‍ ഡയറക്ടറുമായ എം യു ഇബ്രാഹിമിനെ നേരിടാനായി നിയമ വിദ്യാര്‍ഥിയും എഐഎസ്എഫ് ജില്ലാ ജോ: സെക്രട്ടറിയുമായ അസ്‌ലഫ് പാറേക്കാടനെയാണ് എല്‍ഡിഎഫ് ഇത്തവണ രംഗത്തിറക്കിയിട്ടുള്ളത്. എസ്ഡിപിഐ ആലുവ നിയോജക മണ്ഡലം പ്രസിഡന്റ് അബ്ദുള്‍റഷീദാണ് കണ്ണട ചിഹ്നത്തില്‍ ഇരുമുന്നണികള്‍ക്കും ഭീഷണിയായി രംഗത്തുള്ളത്.എടത്തല, ചൂര്‍ണിക്കര ഗ്രാമപഞ്ചായത്തുകള്‍ പൂര്‍ണമായും കിഴക്കമ്പലം ഗ്രാമപഞ്ചായത്തിലെ 14-ാം വാര്‍ഡും ഉള്‍ക്കൊള്ളുന്നതാണ് എടത്തല ജില്ലാ പഞ്ചായത്ത് ഡിവിഷന്‍. ന്യൂനപക്ഷ വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്ന ഇവിടെ എന്‍സിപിയിലെ കെ എം കുഞ്ഞുമോന്‍, ലീഗിലെ അഡ്വ: സാജിത സിദ്ദീഖ് എന്നിവരാണ് നേരത്തേ വിജയിച്ചവര്‍. കഴിഞ്ഞ തവണ വനിതാ സംവരണമായിരുന്ന ഡിവിഷനെ പ്രതിനിധീകരിച്ചത് ലീഗിലെ അഡ്വ: സാജിത സിദ്ദീഖ് ആയിരുന്നു. ഇത്തവണ സീറ്റിനെച്ചൊല്ലിയുണ്ടായ പൊട്ടിത്തെറിക്കൊടുവിലാണ് ലീഗിന് സീറ്റ് ഉറപ്പായത്. എല്‍ഡിഎഫിലാകട്ടെ, സിപിഐക്ക് ഈ സീറ്റ് നല്‍കിയതില്‍ മറ്റ് ഘടകകക്ഷികള്‍ ശക്തമായ എതിര്‍പ്പിലാണ്. ന്യൂനപക്ഷ വോട്ടുകള്‍ ഫലം നിര്‍ണയിക്കുന്ന എടത്തലയില്‍ എസ്ഡിപിഐ, ഇടതു-വലതു മുന്നണികളുടെയും ബിജെപിയുടെയും അഴിമതിയും വര്‍ഗീയ രാഷ്ട്രീയവും ഉയര്‍ത്തിയാണ് പ്രചാരണം നടത്തുന്നത്.
ഈ ഡിവിഷനില്‍ ഏറെ സ്വാധീനമുള്ള എസ്ഡിപിഐക്ക് ഏറെ പ്രതീക്ഷയാണുള്ളത്. പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ അവഗണിച്ച് നെടുമ്പാശ്ശേരി രവിയെയാണ് ബിജെപി സ്ഥാനാര്‍ഥിയായി പരിഗണിച്ചിട്ടുള്ളത്. വെല്‍ഫെയര്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയായി ടി കെ സുധീറും മല്‍സരരംഗത്തുണ്ട്.
Next Story

RELATED STORIES

Share it