Kollam Local

സ്‌നേഹ സാഗരത്തിലെ ഇഫ്ത്താര്‍ വേറിട്ട അനുഭവമായി



കടയ്ക്കല്‍: സ്‌നേഹ സാഗരത്തിലേ ഇഫ്ത്താര്‍ വേറിട്ട അനുഭവമായി. കടയ്ക്കല്‍ സ്‌നേഹ സാഗരം ഫൗണ്ടേഷന്റെ കീഴിലുള്ള അഗതി മന്ദിരത്തിലാണ് കഴിഞ്ഞ ദിവസം അവിടുത്തെ ജീവനക്കാരും അന്തേവാസികളും ഇഫ്ത്താര്‍ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷമായി കടയ്ക്കലില്‍ പ്രവര്‍ത്തിക്കുന്ന ഈ അഗതി മന്ദിരത്തില്‍ ഇരുപതോളം അന്തേ വാസികളാണ് താമസിക്കുന്നത്. ഇവിടുത്തെ അന്തേവാസികളില്‍ പകുതിയില്‍ കൂടുതല്‍ ആളുകളും റമദാന്‍ നോമ്പ് അനുഷ്ട്ടിക്കുന്നവരാണ്. എന്നാല്‍  അഗതി മന്ദിരത്തിലെ മറ്റ് മതസ്ഥരും നോമ്പ് നോക്കുന്നതാണ് ഇവിടുത്തെ പ്രത്യേകത. എന്നാല്‍ തങ്ങളുടെ അസുഖം മാറുന്നതിന് പ്രാര്‍ഥിക്കാനാണ് മുസ്്‌ലിം സഹോദരങ്ങളോടൊപ്പം തങ്ങളും നോമ്പ് നോക്കുന്നതെന്നാണ് അവര്‍ പറയുന്നത്. പ്രമുഖ മത പ്രഭാഷകന്‍ ചിറയിന്‍ കീഴ് നൗഷാദ് ബാഖവിയാണ് ഈ അഗതി മന്ദിരത്തിന്റെ ചെയര്‍മാന്‍. സ്‌നേഹസാഗരം ഹാളില്‍ നടന്ന ഇഫ്ത്താര്‍ സംഗമത്തിന് സ്‌നേഹ സാഗരം സെക്രട്ടറി പനവൂര്‍ സഫീര്‍ ഖാന്‍ മന്നാനി റമദാന്‍ സന്തേഷം നല്‍കി. ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഒറ്റപ്പെട്ട് കഴിഞ്ഞിരുന്നവരെ ഒരു സ്‌നേഹ മതില്‍ തീര്‍ത്താണ് സ്‌നേഹ സാഗരത്തില്‍ എത്തിയതെന്നും  മാനുഷിക മൂല്യം കാത്തു സൂക്ഷിക്കുന്നതാണ് റമദാന്റെ പുണ്യമെന്നും അദ്ദേഹം പറഞ്ഞു. വര്‍ഗീയത ഇളക്കി വിട്ട് മനുഷ്യനെ തമ്മില്‍ തല്ലിക്കുന്ന ഈ കാലത്ത് സ്വന്തം സഹോദങ്ങളെ പോലെ ഇവിടുത്ത അന്തേ വാസികള്‍ നോമ്പു അനുഷ്ട്ടിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്‌നേഹം സാഗരം അഡ് മിനിസ്ട്രര്‍ രാജു വെള്ളാര്‍ വട്ടം, മാനേജര്‍ റാഷിദ് കാനൂര്‍, കോഡിനേറ്റര്‍ സമീര്‍ ആല്‍ഫ, ട്രഷര്‍ നജീം മുട്ടു കോണം, ഷൈജു കടയ്ക്കല്‍ എന്നിവര്‍ പങ്കെടുത്തു
Next Story

RELATED STORIES

Share it