kozhikode local

സ്‌കൂള്‍ അടച്ചുപൂട്ടലിനെതിരേ സര്‍ക്കാര്‍ നിലപാട് സ്വീകരിക്കണമെന്ന്‌

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍എയ്ഡഡ് സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കേസില്‍  വിദ്യാലയങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് അസോസിയേഷന്‍ ഓഫ് മൈനോരിറ്റി മാന്ജ്‌മെന്റ് ഇന്‍സ്റ്റിറ്റഷന്‍സിന്റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് ചേര്‍ന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപന മേധാവികളുടെയും സംഘടനാ നേതാക്കളുടെയും  കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. അംഗീകാരമില്ലാത്ത സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്ന വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന്റെ നിയമസഭയിലെ പ്രഖ്യാപനം ആശ്വാസകരമാണ്.
എന്നാല്‍ ഹൈക്കോടതി ഈ കേസ് പരിഗണിക്കാനിരിക്കെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ക്ക് സഹായകരമായ നിലപാട് സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് കണ്‍വന്‍ഷന്‍ തീരുമാനങ്ങള്‍ വിശദീകരിച്ചുകൊണ്ട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. പി എം എ സലാം, അസോസിയേഷന്‍ പ്രസിഡന്റ് നിസാര്‍ ഒളവണ്ണ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 1500ലേറെ വിദ്യാലയങ്ങള്‍ക്ക് അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കിയെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. ഇതിലേറെ പങ്കും ന്യൂനപക്ഷ വിഭാഗങ്ങളുടേതാണ്. മാനേജ്—മെന്റ് നല്‍കുന്ന വിശദീകരണവും കോടതിയുടെ നിലപാടും പരിശോധിച്ച ശേഷമാണ് നടപടിയെടുക്കുകയെന്നാണ് മന്ത്രി നിയമസഭയില്‍ പറഞ്ഞത്. ഈ സാഹചര്യത്തില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് മാനേജ്മെന്റിനും സ്ഥാപനങ്ങള്‍ക്കും അനുകൂലമായ സമീപനം സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് നേതാക്കള്‍ അഭിപ്രായപ്പെട്ടു.
സംസ്ഥാനത്ത് ആറായിരത്തിലേറെ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് കണക്ക്. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസ്സിലുള്ള വിദ്യാലയങ്ങളും ഇതില്‍ പ്പെടും. വിദ്യാലയങ്ങള്‍ക്കെതിരേ നടപടി സ്വീകരിക്കുന്നതിന് മുമ്പ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന മാനേജ്മെന്റ് പ്രതിനിധികളുമായും അധ്യാപക സംഘടനാ നേതാക്കളുമായും ചര്‍ച്ചക്കു തയ്യാറാകണം.
ചില വിദ്യാഭ്യാസ വകുപ്പ് ഓഫിസര്‍മാരുടെ ശത്രുതാപരമായ സമീപനമാണ് ഈ മേഖലയെ കലുഷിതമാക്കുന്നത്. സ്‌കൂള്‍ അടച്ചുപൂട്ടണമെന്ന ഉത്തരവ് ലക്ഷക്കണക്കായ വിദ്യാര്‍ഥികളെയും അവരുടെ രക്ഷിതാക്കളെയും ആയിരക്കണക്കിന് അധ്യാപക- അനധ്യാപകരെയും ആശങ്കയിലാക്കിയിട്ടുണ്ട്.
പുതിയ അധ്യയന വര്‍ഷത്തേക്കുള്ള പ്രവേശന നടപടി ആരംഭിച്ചിരിക്കെ ഈ മേഖലയില്‍ ആശങ്ക സൃഷ്ടിക്കുന്നത് ദുരുദ്ദേശത്തോടെയാണ്. സര്‍ക്കാറിന് തുറന്ന മനസ്സാണെന്ന് വിദ്യാഭ്യാസ മന്ത്രി പറയുമ്പോള്‍ തന്നെ സ്‌കൂളുകള്‍ അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് വിദ്യാഭ്യാസ അധികൃതര്‍ നോട്ടീസ് നല്‍കുന്നത് അപക്വമായ നടപടിയാണെന്നും പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതായും പിഎംഎ സലാം അറിയിച്ചു. കണ്‍വന്‍ഷന്‍ വഖ്ഫ് ബോര്‍ഡ് മെംബര്‍ ടി പി അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു.
നിസാര്‍ ഒളവണ്ണ അധ്യക്ഷതവഹിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് അഡ്വ. പി എം എ സലാം, പി പി യൂസുഫലി, പി കെ മുഹമ്മദ്, പി ശാക്കിര്‍ വേളം, കെ മൊയ്തീന്‍കോയ, ത്വാഹ യമാനി, സി ടി സക്കീര്‍ ഹുസൈന്‍, കെ പി മുഹമ്മദലി, എ കെ മുഹമ്മദ്, പി സി ബഷീര്‍, അബ്ദുല്‍ മജീദ് പറവണ്ണ, പാലക്കണ്ടി അബ്ദുല്‍ ലത്തീഫ്, സി ആലിക്കോയ സംസാരിച്ചു.
Next Story

RELATED STORIES

Share it