സ്വതന്ത്രമായി ചിത്രം പകര്‍ത്താനുള്ള സ്വാതന്ത്ര്യം ഇന്നില്ല: നിക്ക് ഉട്ട്

കൊച്ചി: ഇറാഖ്, അഫ്ഗാന്‍ പോലുള്ള പ്രദേശങ്ങളിലെ യുദ്ധക്രൂരതകളുടെ ചിത്രങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ച് ഈ യുദ്ധക്കെടുതികള്‍ക്ക് വിരാമമിടാന്‍ താങ്കള്‍ക്ക് ശ്രമിച്ചുകൂടേ എന്ന് പലരും ചോദിക്കാറുണ്ട്. പക്ഷേ, 50 വര്‍ഷം മുമ്പ്് യുദ്ധമുഖങ്ങളിലെവിടെയും സ്വതന്ത്രമായി നടന്ന് ചിത്രം പകര്‍ത്താനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടായിരുന്നു. ആരും തന്നെ തടഞ്ഞിട്ടില്ല. എന്നാല്‍, എംബഡഡ് ജേണലിസത്തിന്റെ ഇക്കാലത്ത് ഈ മാധ്യമസ്വാതന്ത്ര്യമുണ്ടോ?
കാക്കനാട് കേരള മീഡിയ അക്കാദമിയിലെ ഹാളില്‍ മാധ്യമ വിദ്യാര്‍ഥികളും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരും അടങ്ങുന്ന സദസ്സിലേക്ക് പ്രശസ്ത ഫോട്ടോ ജേണലിസ്റ്റും പുലിറ്റ്‌സര്‍ പ്രൈസ് ജേതാവുമായ നിക്ക് ഉട്ട് ചോദ്യം എറിഞ്ഞപ്പോള്‍ സദസ്സ് അതു ശരിവച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ സഹകരണത്തോടെ കേരള മീഡിയ അക്കാദമി സംഘടിപ്പിച്ച രാജ്യാന്തര വാര്‍ത്താചിത്രമേളയില്‍ പങ്കെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അതിഥിയായി കേരളത്തിലെത്തിയ നിക്ക് ഉട്ടും ലോസ് ആഞ്ചലസ് ടൈംസ് ഫോട്ടോ എഡിറ്റര്‍ റൗള്‍ റോയും വിവിധ ജില്ലകള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായാണ് കൊച്ചിയിലെത്തിയത്.
20ാം വയസ്സിലാണ് വിയറ്റ്‌നാം യുദ്ധത്തില്‍ നാപാം ബോംബ് ആക്രമണത്തില്‍ പൊള്ളലേറ്റ് നഗ്‌നയായി ഓടുന്ന പെണ്‍കുട്ടിയുടെ ചിത്രം പകര്‍ത്തിയതെന്ന് നിക്ക് ഉട്ട് പറഞ്ഞു. സഹോദരന്റെ മരണത്തെ തുടര്‍ന്ന് ആകസ്മികമായാണ് താന്‍ അസോഷ്യേറ്റഡ് പ്രസിന്റെ ഫോട്ടോഗ്രാഫറാവുന്നത്. ഈ ചിത്രത്തോടെയാണ് യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കന്‍ ഭരണകൂടം തീരുമാനിച്ചത്. താന്‍ പകര്‍ത്തിയ വിയറ്റ്‌നാമിലെ പെണ്‍കുട്ടി ഇന്ന് യുനെസ്‌കോയുടെ അംബാസഡറും കൂടിയാണ്. യുദ്ധഭൂമിയില്‍ നിന്നു വാവിട്ടുകരഞ്ഞോടിയ പെണ്‍കുട്ടിയെ തന്റെ വാനില്‍ കയറ്റി രക്ഷപ്പെടുത്തിയ അനുഭവവും നിക്ക് പങ്കുവച്ചു.
കിം ഫുക് എന്ന ആ പെണ്‍കുട്ടി കനേഡിയന്‍ പൗരത്വമുള്ള മുത്തശ്ശിയാണെന്നും അവരോടൊപ്പം കേരളത്തില്‍ വീണ്ടുമെത്തുമെന്നും നിക്ക് പറഞ്ഞു. ഓരോ ചിത്രത്തിലൂടെയും വലിയ കഥകള്‍ പറയണമെന്ന് റൗള്‍ റോ അഭിപ്രായപ്പെട്ടു. ജനങ്ങളുമായി അതിവേഗം സംവദിക്കുന്നതിന് സോഷ്യല്‍ മീഡിയയും ആധുനിക സാങ്കേതികവിദ്യകളും പ്രയോജനപ്പെടുത്തണം. ജോലിയില്‍ വിശ്വസ്തതയും മാന്യതയും പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. ഭാഷയ്ക്കതീതമാണ് നിക്ക് ഉട്ടിന്റെ ചിത്രങ്ങളെന്ന് ചടങ്ങില്‍ പങ്കെടുത്ത ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് അദ്ദേഹം നിക്ക് ഉട്ടിന് ആറന്മുള കണ്ണാടി സമ്മാനിച്ചു. വിദ്യാര്‍ഥികള്‍ അദ്ദേഹത്തിന് നെറ്റിപ്പട്ടവും കഥകളി രൂപവും ആമാടപ്പെട്ടിയും സമ്മാനിച്ചു.
സെക്രട്ടറി കെ ജി സന്തോഷ്, പബ്ലിക് റിലേഷന്‍സ് വകുപ്പ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ എന്‍ രാധാകൃഷ്ണ പിള്ള, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫിസ ര്‍ നിജാസ് ജ്യുവല്‍, അസിസ്റ്റ ന്റ് എഡിറ്റര്‍ കെ കല, മാധ്യമപ്രവര്‍ത്തകരായ ദീപക് ധര്‍മടം, എസ് ബിജു, ജെയിംസ്, സന്തോഷ് ജോര്‍ജ് കുളങ്ങര, ജെയിംസ് പങ്കെടുത്തു.
Next Story

RELATED STORIES

Share it