സ്വകാര്യ ബില്ല് അവതരിപ്പിക്കാനൊരുങ്ങി ദുഷ്യന്ത് ചൗതാലന്

യൂഡല്‍ഹി: തിരഞ്ഞെടുപ്പുകളില്‍ പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശിക്കുന്ന മത നേതാക്കളെ ശിക്ഷിക്കുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് സ്വകാര്യ ബില്ല് അവതരിപ്പിക്കാന്‍ തയ്യാറെടുത്ത് ഇന്ത്യന്‍ നാഷനല്‍ ലോക്ദള്‍ എംപി ദുഷ്യന്ത് ചൗതാല. പ്രത്യേക രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് വോട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കുന്ന മതനേതാക്കള്‍ക്ക് ഏഴുവര്‍ഷംവരെ തടവ് നല്‍കുന്ന സ്വകാര്യ ബില്ല് അവതരിപ്പിക്കാനാണ് ദുഷ്യന്ത് ചൗതാല തയ്യാറെടുക്കുന്നത്. ഈ മാസം 15ന് തുടങ്ങുന്ന പാര്‍ലമെന്റിന്റെ ശൈത്യകാല സമ്മേളനത്തില്‍ ഈ ബില്ല് സ്വകാര്യ ബില്ലായി പരിഗണിക്കണെമന്ന് ആവശ്യപ്പെട്ടേക്കുമെന്നാണ് റിപോര്‍ട്ട്. 1988ലെ മതസ്ഥാപനങ്ങളുടെ ദുരുപയോഗം തടയല്‍ നിയ—മം ഭേദഗതി ചെയ്യണമെന്നാണ് ദുഷ്യന്ത്  നിര്‍ദേശിച്ചിരിക്കുന്നത്. ഒരു പ്രത്യേക പാര്‍ട്ടിക്കോ, വ്യക്തികള്‍ക്കോ വോട്ട് ചെയ്യാന്‍ ആഹ്വാനം ചെയ്യുകയോ ചെയ്യരുതെന്ന് നിര്‍ദേശിക്കുകയോ ചെയ്യുന്ന  മതനേതാക്കള്‍ക്കെതിരേ നടപടി എടുക്കണമെന്നാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഇത്തരത്തില്‍ ആഹ്വാനം ചെയ്യുന്ന മതനേതാക്കളെ ഏഴുവര്‍ഷം വരെ ജയിലിലടയ്ക്കാന്‍ നിയമം അനുശാസിക്കുന്നതാണ് ബില്ല്. ഒരു ലക്ഷം മുതല്‍ 10 ലക്ഷം വരെ പിഴയും ബില്ലില്‍ നിര്‍ദേശിക്കുന്നുണ്ട്. മതം, മതസ്ഥാപനങ്ങള്‍, ആത്മീയ നേതാക്കള്‍ എന്നിവയുടെ രാഷ്ട്രീയവല്‍ക്കരണം പരിശോധിക്കുകയാണ് ഈ ബില്ലിന്റ ലക്ഷ്യമെന്ന് ദുഷ്യന്ത് ചൗതാല വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങളുടെ ക്രിമിനല്‍വല്‍ക്കരണം തടയാനും ഇതു മൂലം സാധിക്കുമെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.  രാഷ്ട്രീയക്കാര്‍ മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവരുത്. അതുപോലെ മതനേതാക്കന്‍മാര്‍ രാഷ്ട്രീയത്തിലും കാര്യഗൗരവമില്ലാതെ പ്രവര്‍ത്തിക്കരുതെന്നും ദുഷ്യന്ത് പറഞ്ഞു.
Next Story

RELATED STORIES

Share it