Pathanamthitta local

സ്വകാര്യ ബസ് പണിമുടക്കില്‍ വിദ്യാര്‍ഥികളുള്‍പ്പടെ ജനം വലഞ്ഞു

പത്തനംതിട്ട: ബസ് ഓപ്പറേറ്റേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാനത്ത് പ്രഖ്യാപിച്ച അനിശ്ചിതകാല സ്വകാര്യബസ് പണിമുടക്ക് ജില്ലയിലും പൂര്‍ണം. സ്വകാര്യ ബസുകള്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചതോടെ ജില്ലയിലെ മലയോര മേഖലയിലെ ജനങ്ങള്‍ ഏറെ ദുരിതപ്പെട്ടു. ജനങ്ങള്‍ക്കുണ്ടായ യാത്രാ ക്ലേശം പരിഹരിക്കാന്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി. ഇതാണ് വിദ്യാര്‍ഥികളും രോഗികളും അടക്കം മലയോര വാസികള്‍ക്ക് ആശ്വാസമായത്.
പത്തനംതിട്ട- ആങ്ങംമൂഴി, പത്തനംതിട്ട-തണ്ണിത്തോട്, കരിമാന്‍തോട്, റാന്നി-വെച്ചൂച്ചിറ-മണ്ണടിശാല, ചാത്തന്‍തറ, കിസുമം, കോഴഞ്ചേരി-മല്ലപ്പള്ളി-കോട്ടയം, റാന്നി-പത്തനംതിട്ട-കോന്നി-പത്തനാപുരം-പുനലൂര്‍, പത്തനംതിട്ട-പന്തളം-മാവേലിക്കര-ഹരിപ്പാട് റൂട്ടില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി.
മാരാമണ്‍ കണ്‍വന്‍ഷന്‍ പ്രമാണിച്ച് പത്തനംതിട്ട-കോഴഞ്ചേരി-തിരുവല്ല, കോഴഞ്ചേരി-ചെങ്ങന്നൂര്‍, പത്തനംതിട്ട, പന്തളം-കോഴഞ്ചേരി റൂട്ടിലും, മാടമണ്‍ കണ്‍വന്‍ഷന്‍ പ്രമാണിച്ച് പത്തനംതിട്ട-വടശേരിക്കര, പെരുനാട് റൂട്ടിലും കെഎസ്ആര്‍ടിസി അധിക സര്‍വീസുകള്‍ നടത്തി. മല്ലപ്പള്ളി കുന്നന്താനം വഴി തിരുവയിലേക്കും തിരിച്ചും നാല് സര്‍വീസുകളും നടത്തി .പമ്പ റൂട്ടില്‍ എട്ട് ബസുകള്‍ അധികം സര്‍വ്വീസ് നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പൊയ്്കയില്‍ ശ്രീകുമാരഗുരുദേവന്റെ 140ാം ജന്്മദിനാഘോഷങ്ങളുമായി ബന്ധപ്പെട്ട് പിആര്‍ഡിഎസ് ഘോഷയാത്രയ്ക്ക് എത്തിയ വിശ്വാസികളും വലഞ്ഞു. സ്വകാര്യ ബസുകള്‍ കൂടുതലുളള ജില്ലയിലെ ചില മേഖലകളിലേക്ക് പോലീസ് ബസുകള്‍ സൗജന്യ സര്‍വീസ് നടത്തിയത് യാത്രക്കാര്‍ക്ക് ആശ്വാസമായി. കണ്‍വന്‍ഷനുകളില്‍ എത്തേണ്ടവര്‍ക്കും പോലീസിന്റെ സേവനം പ്രയോജനപ്പെട്ടു.
നിരക്ക് വര്‍ധന ആവശ്യപ്പെട്ടാണ് ബസ് ഉടമകളുടെ സംയുക്തസമരസമിതി ഇന്നലെ മുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചത്. ജനുവരി 30ന് മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ ധാരണയായ കാര്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും നടപ്പാക്കാത്തത്തതും വിദ്യാര്‍ഥികളുടേത് ഉള്‍പ്പടെയുളള ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. മിനിമം ചാര്‍ജ് പത്ത് രൂപയാക്കണമെന്ന് ആവശ്യമുന്നയിച്ച് കഴിഞ്ഞ മാസം അനിശ്ചിതകാല ബസ് സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും മന്ത്രിതല ചര്‍ച്ചയെ തുടര്‍ന്ന് തീരുമാനം പിന്‍വലിച്ചിരുന്നു.
Next Story

RELATED STORIES

Share it