Flash News

സുപ്രിംകോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ കുറവ്



ന്യൂഡല്‍ഹി: സുപ്രിംകോടതിയിലും രാജ്യത്തെ 24 ഹൈക്കോടതികളിലും തീര്‍പ്പാക്കാതെ കെട്ടിക്കിടക്കുന്ന കേസുകളില്‍ ഗണ്യമായ കുറവുണ്ടായതായി കേന്ദ്ര നിയമമന്ത്രാലയ രേഖ. മൂന്നു വര്‍ഷത്തിനിടെ രാജ്യത്തെ ഹൈക്കോടതികളിലും സുപ്രിംകോടതിയിലും തീര്‍പ്പുകല്‍പിക്കാതെ കിടക്കുന്ന കേസുകളില്‍ കുറവുണ്ടെങ്കിലും കീഴ്‌ക്കോടതികളില്‍ ഇത്തരം കേസുകള്‍ കുമിഞ്ഞുകൂടുന്നതായാണ് മന്ത്രാലയ രേഖകള്‍ വ്യക്തമാക്കുന്നത്. നിയമ മന്ത്രാലയത്തിന്റെ കണക്കു പ്രകാരം, 2014ന്റെ അവസാനത്തില്‍ 62,791 കേസുകളാണ് സുപ്രിംകോടതിയില്‍ തീര്‍പ്പാക്കാതെ കെട്ടിക്കിടന്നിരുന്നത്. എന്നാല്‍, 2015 ഡിസംബറോടെ ഇത് 59,272 ആയി കുറഞ്ഞു. 2017 ജൂലൈ 17ലെ കണക്കു പ്രകാരം ഇത് 48,772 സിവില്‍ കേസുകളും 9666 ക്രിമിനല്‍ കേസുകളും അടക്കം 58,438 ആയി കുറഞ്ഞിട്ടുണ്ട്. 2014 ഡിസംബറിലെ കണക്കു പ്രകാരം രാജ്യത്തെ 24 ഹൈക്കോടതികളില്‍ 41.52 ലക്ഷം കേസുകളാണ് തീരുമാനമാകാതെയുള്ളത്. 2015 ഡിസംബറില്‍ ഇത് 38.70 ലക്ഷമായി കുറഞ്ഞു. 2016 ഡിസംബറില്‍ വീണ്ടും 40.15 ലക്ഷമായി ഉയര്‍ന്നെങ്കിലും 2014നേക്കാള്‍ കുറവു വന്നു. എന്നാല്‍, രാജ്യത്തെ കീഴ്‌ക്കോടതികളില്‍ 2014ല്‍ 2.64 കോടി കേസുകളാണ് കെട്ടിക്കിടന്നിരുന്നത്. 2015ല്‍ 2.70 കോടിയായും 2016 ഡിസംബറില്‍ 2.74 കോടിയായും ഇത് ഉയര്‍ന്നു. സപ്തംബര്‍ ഒന്നിലെ കണക്കു പ്രകാരം ഹൈക്കോടതികളില്‍ 413 ജഡ്ജിമാരുടെ തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നതെന്നും രേഖ പറയുന്നു.
Next Story

RELATED STORIES

Share it