സീറ്റ് വിഭജനം ബിജെപിക്കും തലവേദന; ബിഡിജെഎസുമായി ഇന്ന് വീണ്ടും ചര്‍ച്ച

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള സീറ്റ് വിഭജനം ബിജെപിക്കും തലവേദനയാവുന്നു. സീറ്റ് വിഭജന കാര്യത്തില്‍ ബിഡിജെഎസുമായി ഇന്ന് വീണ്ടും ചര്‍ച്ച നടത്താന്‍ ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന ബിജെപി കോര്‍കമ്മിറ്റി യോഗം തീരുമാനിച്ചു.
ബിജെപി കേരള നേതൃത്വം നേരത്തേ സമര്‍പ്പിച്ച 22 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ കേന്ദ്ര നേതൃത്വം അതൃപ്തി അറിയിച്ചിരുന്നു. തുടര്‍ന്ന് ഇതിന്മേല്‍ വീണ്ടും ചര്‍ച്ച നടത്താന്‍ കേന്ദ്ര നേതൃത്വം കേരള ഘടകത്തോട് നിര്‍ദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ കൊച്ചിയില്‍ കോര്‍കമ്മിറ്റി യോഗം ചേര്‍ന്നത്. ബിജെപി നേതാക്കളെ കൂടാതെ ആര്‍എസ്എസ് നേതാക്കളും ഇന്നലെ നടന്ന യോഗത്തില്‍ പങ്കെടുത്തു. നിലവില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച 22 മണ്ഡലങ്ങളില്‍ പലരും പ്രചാരണം ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നിലവിലെ പട്ടിക മാറ്റുക ദുഷ്‌കരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. നിലവില്‍ ബിജെപി മല്‍സരിക്കാന്‍ തീരുമാനിച്ചിരിക്കുന്ന 22 മണ്ഡലങ്ങളില്‍ മിക്കതും ബിഡിജെഎസ് സീറ്റ് ആവശ്യപ്പെട്ടതാണ്. ഇന്നത്തെ യോഗത്തില്‍ ബിഡിജെഎസുമായി ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഘടകകക്ഷികളുമായി ചര്‍ച്ച തുടരുകയാണെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജേന്ദ്രന്‍ പറഞ്ഞു. ബിഡിജെഎസുമായി ഇന്ന് ചര്‍ച്ച നടക്കും. ഘടകകക്ഷിളുമായുള്ള ചര്‍ച്ചയ്ക്കു ശേഷം ബിജെപി സ്ഥാനാര്‍ഥി പട്ടികയ്ക്ക് അന്തിമരൂപം നല്‍കും. 23ന് സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി യോഗം തിരുവനന്തപുരത്ത് ചേരും.
എല്‍ഡിഎഫിനോടും യുഡിഎഫിനോടും കിടപിടിക്കുന്ന തരത്തില്‍ സംസ്ഥാനത്ത് എന്‍ഡിഎ വിപുലമായതായും കുമ്മനം പറഞ്ഞു. കേരള കോണ്‍ഗ്രസ് സെക്കുലര്‍,ജെഎസ്എസിലെ രാജന്‍ബാബു വിഭാഗം എന്നിവര്‍ എന്‍ഡിഎയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അക്രമരാഷ്ട്രീയത്തിനും അഴിമതി ഭരണത്തിനുമെതിരേ ബിജെപി ശക്തമായ പ്രചാരണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
സിപിഎം അക്രമത്തില്‍ പരിക്കേറ്റ് ആശുപ്രതിയില്‍ കഴിയുന്ന ആര്‍എസ്എസ് താലൂക്ക് പ്രചാരകന്‍ അമലിനെ സന്ദര്‍ശിക്കാന്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ 23ന് കേരളത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it