സമരത്തെ അടിച്ചൊതുക്കാനാവുമോ?

സമരത്തെ അടിച്ചൊതുക്കാനാവുമോ?
X


കേരളീയരുടെ സ്വപ്‌നപദ്ധതിയായ മെട്രോ റെയില്‍ നാടിനു സമര്‍പ്പിക്കപ്പെടുന്ന സന്ദര്‍ഭത്തിനു മണിക്കൂറുകള്‍ക്കു മുമ്പ് ഉദ്ഘാടനവേദിക്ക് അഞ്ചു കിലോമീറ്റര്‍ മാത്രം അകലെ, 120 ദിവസമായി പുതുവൈപ്പ് പ്രദേശവാസികള്‍ നടത്തിക്കൊണ്ടിരുന്ന ജനകീയ സമരത്തെ ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലിസ് ചോരയില്‍ മുക്കിക്കൊല്ലാന്‍ ശ്രമിച്ച സംഭവം കൊച്ചിയില്‍ അരങ്ങേറുകയുണ്ടായി. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ളവരെ പോലിസ് പ്രാകൃതമായ രീതിയില്‍ കൈയേറ്റം ചെയ്യുകയായിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ട് എറണാകുളം വനിതാ പോലിസ് സ്‌റ്റേഷനില്‍ കൊണ്ടുവരപ്പെട്ട സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മണിക്കൂറുകള്‍ കഴിഞ്ഞും ഭക്ഷണം നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഭക്ഷണം നല്‍കിയ സമീപവാസികളെ വരെ അറസ്റ്റ് ചെയ്തു പോലിസ്. ഹൈക്കോടതി ജങ്ഷനില്‍ കണ്ടവരെ മുഴുവന്‍ ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തില്‍ ഓടിച്ചിട്ടു തല്ലുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്ന കാക്കിഭീകരതയാണ് കൊച്ചി നഗരത്തില്‍ അരങ്ങേറിയത്. അവര്‍ ചെയ്ത കുറ്റം, തങ്ങള്‍ ജീവിക്കുന്ന പ്രദേശത്ത് വരാന്‍ പോകുന്ന ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പ്ലാന്റ് നിര്‍മാണം കേന്ദ്ര ഹരിത ട്രൈബ്യൂണല്‍ വിധി വരുന്നതുവരെ നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ട് സമരം ചെയ്തതാണ്. കേരളത്തിലെ പാചകവാതക വിതരണം സുഗമമാക്കാന്‍ 2008ല്‍ തുടക്കമിട്ടതാണ് എല്‍പിജി പ്ലാന്റ് പദ്ധതി. മൊത്തം പദ്ധതിപ്രദേശം 37 ഏക്കറിനു വേണ്ടി പ്രധാന 15 ഏക്കര്‍ ഭൂമി കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനു കൈമാറി. ഇവിടെ 15000 ടണ്‍ സംഭരണശേഷിയുള്ള ആറു ടാങ്കുകള്‍ നിര്‍മിക്കാനാണ് രൂപരേഖ. ആദ്യഘട്ടത്തില്‍ ആറു ലക്ഷം ടണ്‍ ഓയില്‍ ഇവിടെ കൈകാര്യം ചെയ്യാനാവും. കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അനുമതി, നിര്‍മാണം തുടങ്ങാന്‍ കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ വ്യവസ്ഥകള്‍ക്കു വിധേയമായ ഇടക്കാല ഉത്തരവ്, ഹൈക്കോടതിയുടെ പോലിസ് സംരക്ഷണത്തിനായുള്ള ഉത്തരവ് എന്നിവ ഐഒസിക്ക് ലഭിക്കുകയും ചെയ്തു. വൈപ്പിന്‍ ദ്വീപിലെ പുതുവൈപ്പിലെ തീരദേശ ജനത തങ്ങളുടെ ജീവിതസുരക്ഷിതത്വത്തെക്കുറിച്ചുള്ള ഭയം കൊണ്ടാണ് നാലു മാസത്തിലധികമായി ഐഒസിയുടെ എല്‍പിജി സംഭരണ പ്ലാന്റിനെതിരേ സമരം തുടങ്ങിയത്. മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം നില്‍ക്കരുതെന്നു നാട്ടുകാരോടും സുരക്ഷാ ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തണമെന്ന് ഐഒസിയോടും ആവശ്യപ്പെട്ടുകൊണ്ട്, പദ്ധതിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. മൂന്നു വട്ടം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളില്‍ ഫലം കാണാത്തതിനാലും മന്ത്രി മേഴ്‌സിക്കുട്ടിയമ്മയുടെ അധ്യക്ഷതയില്‍ നടന്ന ചര്‍ച്ചയില്‍ ലഭിച്ച ഉറപ്പുകള്‍ ലംഘിച്ച് ഐഒസി നിര്‍മാണ പ്രവര്‍ത്തനം ആരംഭിച്ചതിനെ തുടര്‍ന്നുമാണ് നാട്ടുകാര്‍ സമരസമിതിയുടെ നേതൃത്വത്തില്‍ ഐഒസി പ്ലാന്റിന്റെ പണി നടക്കുന്നിടത്തേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്. എന്നാല്‍, ഈ പ്രതിഷേധത്തെ പോലിസ് അടിച്ചൊതുക്കുകയാണ് ചെയ്തത്. തുടര്‍ന്ന് ശേഷിച്ച സമരക്കാര്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ കുത്തിയിരിപ്പു സമരം നടത്താന്‍ വേണ്ടി എത്തിയപ്പോഴാണ് നഗരത്തില്‍ പോലിസ് ഭീകരത നടമാടിയത്. ഈ വിഷയത്തില്‍ ജനങ്ങള്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ഏറെ ഗൗരവകരമാണ്. വേലിയേറ്റ പ്രദേശത്തിന്റെ 200/ 300 മീറ്റര്‍ അകലത്തിലാണ് പ്ലാന്റ് സ്ഥാപിക്കേണ്ടതെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല വിധി വന്നിട്ടുള്ളത്. 2009 ഡിസംബര്‍ 12നു സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ റഫറന്‍സ് അനുസരിച്ച് 2010 ജൂലൈ 5നു കേന്ദ്ര പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നല്‍കി. അതു പ്രകാരം വേലിയേറ്റ രേഖയില്‍ നിന്നു 300 മീറ്ററിനും 500 മീറ്ററിനും ഇടയിലാണ് ഈ പദ്ധതി വരേണ്ടത്. വേലിയേറ്റ രേഖയുടെ 500 മീറ്റര്‍ അകലമെന്നത്  ജനങ്ങള്‍ താമസിക്കുന്ന സ്ഥലമാണ്. അതു സാധ്യമാവാത്തതുകൊണ്ട് പദ്ധതി 200/ 300 മീറ്ററിന് ഉള്ളിലാണെന്നും രേഖ തയ്യാറാക്കി. 100 മീറ്ററിനുള്ളില്‍ പദ്ധതിക്ക് സ്ഥലം തികയില്ല. മാത്രമല്ല, ഇപ്പോഴുള്ള പദ്ധതിപ്രദേശത്തിന്റെ തെക്കുഭാഗം മാത്രം 300 മീറ്ററുണ്ട്. പദ്ധതിപ്രദേശത്തിന്റെ ചുറ്റുമതിലിന്റെ അടിവാരം വരെ കടലെടുത്തുകഴിഞ്ഞു. വേലിയേറ്റ രേഖയില്‍ നിന്ന് 200/ 300 മീറ്റര്‍ അകലെ നിര്‍മാണം നടത്താമെന്നിരിക്കെ ഇപ്പോള്‍ ഐഒസി ഇന്റര്‍ടൈഡ് മേഖലയിലാണ് നിര്‍മാണത്തിന്റെ ഭൂരിഭാഗവും നടത്തുന്നത്. അതിലൂടെ തീരദേശ സംരക്ഷണ നിയമവും കേന്ദ്ര ഹരിത ട്രൈബ്യൂണലിന്റെ ഇടക്കാല വിധിയും ലംഘിച്ചാണ് ഐഒസിയുടെ നിര്‍മാണമെന്നു വ്യക്തം. പദ്ധതിക്ക്  പ്രദേശത്തെ ഉള്‍ക്കൊള്ളുന്ന എളങ്കുന്നപ്പുഴ പഞ്ചായത്തിന്റെ അനുമതിയുമില്ല. എന്നാല്‍ സര്‍ക്കാര്‍ നിലപാട്, പദ്ധതി ഒരു തടസ്സവുമില്ലാതെ നടക്കണമെന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ പദ്ധതിയാണെന്ന വാദം ഉന്നയിച്ചു തങ്ങളുടെ ഭാഗം ന്യായീകരിക്കാനാണ് സിപിഎം നേതാക്കള്‍ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റേതാണെന്ന ഒറ്റക്കാരണം ഉയര്‍ത്തി ജനങ്ങള്‍ക്കു ഭീഷണിയാവുന്ന പദ്ധതി ഒരുവിധ സുരക്ഷാ മാനദണ്ഡങ്ങളുമില്ലാതെ നടത്താന്‍ ഫെഡറല്‍ വ്യവസ്ഥയുള്ള നമ്മുടെ രാജ്യത്ത് സാധിക്കില്ലെന്നതാണ് യാഥാര്‍ഥ്യം. സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള ഒരു വകുപ്പ് ഒരു പദ്ധതിക്ക് അനുമതിപ്രദേശം നിശ്ചയിക്കുകയും ഐഒസി അത് ലംഘിക്കുകയും ചെയ്താല്‍ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനും അതു നടപ്പാക്കാന്‍ പാടില്ലെന്നു പറയാനും കഴിയും. എന്നിരിക്കെ, സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള കോസ്റ്റല്‍ സോണ്‍ മാനേജ്‌മെന്റ് അതോറിറ്റിയുടെ അനുമതിപ്രദേശത്തെ മറികടന്നു നടത്തുന്ന നിര്‍മാണം നിര്‍ത്താന്‍ പറയാന്‍ പോലും മുഖ്യമന്ത്രിക്കു കഴിയുന്നില്ലെങ്കില്‍ അത് ധൈര്യമുള്ള ഒരു ചങ്കു പോലും ഇല്ലാത്തതുകൊണ്ടാണെന്നോ പദ്ധതിയോടുള്ള അമിത താല്‍പര്യം കൊണ്ടാണെന്നോ മനസ്സിലാക്കേണ്ടിവരും. സുരക്ഷയുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ ഉയര്‍ത്തുന്നവ കേവല ആശങ്കകള്‍ മാത്രമല്ല. ഐഒസിയുടെ ജയ്പൂരിലെ സിതാപുര വ്യാവസായിക മേഖലയില്‍ 2009 ഒക്ടോബര്‍ 29നു 2,80,000 ക്യുബിക് ഫീറ്റ് ടാങ്ക് ഡിപ്പോയില്‍ നിന്ന് പൈപ്പ്‌ലൈനിലേക്ക് ഓയില്‍ മാറ്റുന്നതിനിടയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെടുകയും 300 പേര്‍ക്ക് പരിക്കേല്‍ക്കുകയും ഉണ്ടായി. ജയ്പൂര്‍ സിറ്റിയുടെ 16 കിലോമീറ്റര്‍ അകലെ ജനവാസ കേന്ദ്രത്തില്‍ നിന്നു ദൂരെയായിട്ടുപോലും അഞ്ചു ലക്ഷത്തോളം പേരെ ചുറ്റുവട്ടത്തുനിന്നു മാറ്റേണ്ടിവന്നു. രണ്ടാഴ്ചയോളം ഇതിന്റെ പ്രതിഫലനം പ്രദേശത്തുണ്ടായി. സംഭവം നടക്കുമ്പോള്‍ ഭൂമികുലുക്കം റിക്ടര്‍ സ്‌കെയിലില്‍ 2.3 രേഖപ്പെടുത്തി. മൂന്നു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലുള്ള കെട്ടിടങ്ങളുടെ ജനല്‍ച്ചില്ലുകള്‍ മുഴുവന്‍ പൊട്ടുകയുണ്ടായി. സംഭവത്തെത്തുടര്‍ന്നുള്ള കേന്ദ്ര മലിനീകരണ ബോര്‍ഡിന്റെ റിപോര്‍ട്ടില്‍ പറയുന്നത്, സ്‌ഫോടനം സമീപത്തുള്ള 11 ടാങ്കുകളെ ബാധിക്കുകയും 60,000 കിലോ ലിറ്റര്‍ ഓയില്‍ കത്തിപ്പോവുകയും അഗ്നിബാധ നവംബര്‍ 6 വരെ തുടര്‍ന്നുവെന്നുമാണ്. അപ്പോള്‍ ഏഷ്യയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള പ്രദേശമായ വൈപ്പിന്‍ ദ്വീപിലെ 50,000ഓളം പേര്‍ തിങ്ങിപ്പാര്‍ക്കുന്ന എളങ്കുന്നപ്പുഴ പ്രദേശത്തെ പുതുവൈപ്പില്‍ അത്തരം ഒരപകടം സംഭവിച്ചാല്‍ വന്‍ ദുരന്തമാവുമെന്നു തീര്‍ച്ചയാണ്. ഭൂമിശാസ്ത്രപരമായി അസ്ഥിരമായ മേഖലയാണ് പുതുവൈപ്പ്. 1991ല്‍ തീരദേശ പരിപാലന അതോറിറ്റിയുടെ ഒരു പഠനം വ്യക്തമാക്കിയത്, ഈ പ്രദേശം കൂടുതലായി കടലെടുക്കുന്ന പ്രദേശമാണെന്നാണ്. അപ്പോള്‍ ഇങ്ങനെ അസ്ഥിരമായ പ്രദേശത്തുതന്നെ ഒരു വന്‍ പദ്ധതി വേണമെന്ന ശാഠ്യം ആര്‍ക്കാണ് എന്ന സമരസമിതിയുടെ ചോദ്യത്തിനു പ്രസക്തിയുണ്ട്. ഇത്തരം അപകടകരമായ പദ്ധതികള്‍ കൊണ്ടുവരുന്നതിലൂടെ ഈ പ്രദേശത്തുനിന്നു ജനങ്ങള്‍ ഭയപ്പെട്ടു കൂട്ടമായി ഒഴിഞ്ഞുപോകണമെന്നും അതിലൂടെ അനേകം പദ്ധതികള്‍ ഈ പ്രദേശത്തു നടപ്പാക്കാന്‍ കഴിയുമെന്ന റിയല്‍ എസ്‌റ്റേറ്റ് മാഫിയകളുടെയും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് പോലുള്ള പ്രത്യേക സാമ്പത്തിക മേഖലകളുടെയും ഒളിയജണ്ട ഇതിനു പിന്നിലുണ്ടെന്നുമുള്ള പൗരാവകാശ പ്രവര്‍ത്തകരുടെ ആശങ്ക തള്ളിക്കളയാന്‍ കഴിയില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവിടെ നിയമവിരുദ്ധവും ജനവിരുദ്ധവുമായ വികസനത്തിന്റെ പക്ഷത്താണ് സ്ഥാനമുറപ്പിച്ചിട്ടുള്ളത്. മുമ്പ് സുരക്ഷാ മാനദണ്ഡങ്ങള്‍ ഒന്നുമില്ലാതെ ജനവാസമേഖലകളിലൂടെ പോകുന്ന ഗെയില്‍ പൈപ്പ്‌ലൈന്‍ പദ്ധതിക്കെതിരേ പ്രതിഷേധം ഉയര്‍ന്നപ്പോഴും അതിനെ തീവ്രവാദ ആരോപണം നടത്തി ഇല്ലാതാക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രമിച്ചത്. ഇവിടെ ഐഒസി വിരുദ്ധ സമരത്തിലും മുഖ്യമന്ത്രിയുടെ ജനവിരുദ്ധ നയങ്ങളാണ് പോലിസ് അതിക്രമത്തിലൂടെ വ്യക്തമാവുന്നത്.
Next Story

RELATED STORIES

Share it