സമനില ആശ്വാസം

എപി ഷഫീഖ്

കൊച്ചി: തുടര്‍ച്ചയായ നാലു തോല്‍വികള്‍ക്കു ശേഷം നിലവിലെ റണ്ണേഴ്‌സപ്പായ കേരള ബ്ലാസ്റ്റേഴ്‌സിന് സമനില ആശ്വാസം. ഐഎസ്എല്ലില്‍ ഇന്നലെ നടന്ന മല്‍സരത്തില്‍ ശക്തരായ ചെന്നൈയ്ന്‍ എഫ്‌സിയോടാണ് ബ്ലാസ്‌റ്റേഴ്‌സ് 1-1ന് സമനില പാലിച്ചത്.
മല്‍സരത്തില്‍ പെനല്‍റ്റി വിധിക്കുന്നതില്‍ റഫറി ഡേവിഡ് ജോണും ഇരു ടീമിനൊപ്പം നിന്നെങ്കിലും ബ്ലാസ്റ്റേഴ്‌സിനായിരുന്നു അതില്‍ നഷ്ടം സംഭവിച്ചത്. ചെന്നൈ പെനല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് പെനാല്‍റ്റി പാഴാക്കുക മാത്രമല്ല അതോടൊപ്പം സീസണിലെ രണ്ടാം വിജയം നേടാനുള്ള സുവര്‍ണാവസരം നഷ്ടപ്പെടുത്തുകയും ചെയ്തു.
ചെന്നൈക്കു വേണ്ടി 34ാം മിനിറ്റില്‍ ബ്രസീലിയന്‍ മിഡ്ഫീല്‍ഡറും ക്യാപ്റ്റനുമായ എ ലാനോ ബ്ലൂമര്‍ ഗോള്‍ നേടിയപ്പോള്‍ 46ാം മിനിറ്റില്‍ ഇംഗ്ലീഷ് ഫോര്‍വേഡ് ക്രിസ് ഡഗ്‌നല്‍ ബ്ലാസ്‌റ്റേഴ്‌സിനെ ഒപ്പമെത്തിച്ചു. 51ാം മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ ജോസു കുര്യാസാണ് ബ്ലാസ്റ്റേഴ്‌സിന്റെ പെനാല്‍റ്റി അവസരം പാഴാക്കിയത്.
രണ്ടാം പകുതിയിലെ 75ാം മിനിറ്റില്‍ ബ്രസീലിയന്‍ ഡിഫന്‍ഡര്‍ ബ്രൂണോ പെറോണ്‍ ചുവപ്പ് കാര്‍ഡ് കണ്ടത് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണാത്മക ഫുട്‌ബോളിന് നേരിയ തിരിച്ചടിയാവുക യും ചെയ്തു.
പുതിയ പരിശീലകന്‍ ട്രെവര്‍ മോര്‍ഗന് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് തുടക്കം മോശമാക്കിയില്ലയെന്ന് തന്നെ പറയാം. ഇനിയുള്ള മല്‍സരങ്ങളില്‍ മോര്‍ഗന് കീഴില്‍ ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റം നടത്തുമെന്ന ശുഭപ്രതീക്ഷയിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകരും.
മഴയും ആരാധകരുടെ കുറവും
കളിയുടെ തുടക്കം മുതല്‍ കൊച്ചിയില്‍ മഴ തിമിര്‍ത്തു പെയ്‌തെങ്കിലും ഇരു ടീമിന്റെയും മികച്ച പ്രകടനം ആവേശത്തിന് തടസ്സം സൃഷ്ടിച്ചില്ല. എന്നാല്‍, മഴയും തുടര്‍ തോല്‍വികളും കൊച്ചിയിലെ ആരാധകരുടെ ഒഴുക്കിനെ കാര്യമായി തന്നെ ബാധിച്ചു. സീസണില്‍ 60000 കാണികള്‍ക്കു മുകളിലായിരുന്നു കൊച്ചിയിലെ മൂന്നു മല്‍സരങ്ങ ള്‍ക്കും കാണികളുടെ സാന്നിധ്യമുണ്ടായിരുന്നത് ഇന്നലെ കു ത്തനെ കുറഞ്ഞു. 47,852 കാണികളാണ് ഓദ്യോഗിക കണക്ക് പ്രകാരം ഇന്നലെ ബ്ലാസ്റ്റേഴ്‌സ്- ചെന്നൈ മല്‍സരം വീക്ഷിക്കാനെത്തിയത്. എങ്കിലും പോരാട്ട ചൂടില്‍ കാണികള്‍ ആര്‍ത്തിരമ്പിയത് മല്‍സരത്തെ ആവേശഭരിതമാക്കി.
കളി മാറ്റി പിടിച്ച്
ബ്ലാസ്റ്റേഴ്‌സ്
കഴിഞ്ഞ കുറച്ചു മല്‍സരത്തെ അപേക്ഷിച്ച് ബ്ലാസ്റ്റേഴ്‌സ് ഇന്നലെ ആക്രമണാത്മക ഫുട്‌ബോളിനാണ് മുന്‍തൂക്കം നല്‍കിയത്. മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങള്‍ ഇത് അടിവരയിടുന്നതായിരുന്നു. ആദ്യ പകുതിയില്‍ പന്തടക്കത്തില്‍ ചെന്നൈ നേരിയ മുന്‍തൂക്കം നേടിയെങ്കിലും ആക്രമണത്തി ല്‍ ബ്ലാസ്റ്റേഴ്‌സായിരുന്നു മികച്ചുനിന്നത്. ഗോളിനായി നാല് തവണ നിറയൊഴിച്ചെങ്കിലും ആദ്യപകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് ലക്ഷ്യം കാണാനായില്ല. എന്നാല്‍, വിവാദ പെനാല്‍റ്റി കിക്കിലൂടെ മഞ്ഞപ്പടയെ നിഷബ്ധരാക്കി ചെന്നൈ മല്‍സരത്തിലെ ആദ്യ ഗോള്‍ നേടി. 33ാം മിനിറ്റിലായിരുന്നു റഫറി പെനാല്‍റ്റി അനുവദിച്ചത്. സ്റ്റീവന്‍ മെന്‍ഡോസയെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധ താരം സന്ദേശ് ജിങ്കാന്‍ മാര്‍ക്ക് ചെയ്തതാണ് പെനാല്‍റ്റിയില്‍ കലാശിച്ചത്. എന്നാല്‍, റിപ്ലേകളില്‍ റഫറിയുടെ തീരുമാനം ശരിയായിരുന്നില്ലെന്ന് വ്യക്തമായിരുന്നു. പെനാല്‍റ്റിയെടുത്ത ബ്ലൂമര്‍ അനായാസം ലക്ഷ്യത്തിലെത്തിച്ചു.
രണ്ടാംപകുതിയില്‍
ബ്ലാസ്റ്റേഴ്‌സ് ഷോ
രണ്ടാംപകുതി തുടങ്ങി മിനിറ്റുകള്‍ക്കകം ബ്ലാസ്റ്റേഴ്‌സ് ചെ ന്നൈ ഗോള്‍ വല കുലുക്കിയിരുന്നു. കളിയുടെ 46ാം മിനിറ്റില്‍ ഡഗ്‌നലിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മല്‍സരത്തില്‍ ഒപ്പമെത്തിയത്. സൗമിക് ദേവ് നല്‍കിയ മനോഹരമായ ക്രോസ് ഉജ്ജ്വല ഹെഡ്ഡറിലൂടെ ഡഗ്‌നല്‍ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു.
പിന്നീടങ്ങോട്ട് ബ്ലാസ്‌റ്റേഴ്‌സിന് മികച്ച ഗോളവസരങ്ങളാണ്് വീണു കിട്ടിയത്. 46 മിനിറ്റ് മുതല്‍ 70 മിനിറ്റോളം ബ്ലാസ്‌റ്റേഴ്‌സ് ഉജ്ജ്വല പ്രകടനം നടത്തിയപ്പോള്‍ ബ്ലാസ്‌റ്റേഴ്‌സ് ഏത് സമയവും വിജയഗോള്‍ നേടുമെന്ന അവസ്ഥയുണ്ടായി.
പെനാല്‍റ്റി പാഴാക്കി ജോസു
51ാം മിനിറ്റില്‍ മല്‍സരത്തില്‍ ലീഡ് പിടിക്കാനുള്ള സുവര്‍ണാവസരം 41ാം മിനിറ്റില്‍ പകരക്കാരനായിറങ്ങിയ ജോസു പാഴാ ക്കി. പെനാറ്റി ബോക്‌സിനുള്ളില്‍വച്ച് പീറ്റര്‍ റാമംഗയെ ചെന്നൈ പ്രതിരോധ താരം മായില്‍സന്‍ ആല്‍വസ് മാര്‍ക്ക് ചെയ്തതാണ് കാരണം. ആദ്യ പെനാല്‍റ്റി ചെന്നൈക്ക് അനാവശ്യമായി നല്‍കിയ റഫറി ബ്ലാസ്റ്റേഴ്‌സിനും അതുപോലൊരു ലോട്ടറി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പക്ഷേ, ജോസുവിന്റെ ഷോട്ട് ചെന്നൈ ഗോള്‍കീപ്പര്‍ കരണ്‍ജിത് കുത്തിയകറ്റി.
Next Story

RELATED STORIES

Share it