സകാത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നതെങ്ങനെ?

സകാത്ത് സാമ്പത്തിക വളര്‍ച്ചയുണ്ടാക്കുന്നതെങ്ങനെ?
X


കമാല്‍ പാഷ
സകാത്ത് സാമ്പത്തിക വളര്‍ച്ചയെ പല വിധത്തിലും സഹായിക്കുന്നു. ഒന്ന്: പണം കൃഷിയിലോ കച്ചവടത്തിലോ മുതല്‍മുടക്കാന്‍ സകാത്ത് പ്രേരകമാകുന്നു. പണം സൂക്ഷിച്ചാല്‍ ഓരോ കൊല്ലവും രണ്ടര ശതമാനം സകാത്ത് കൊടുക്കണം. ഇന്ത്യയിലെ പണക്കാര്‍ വ്യവസായത്തില്‍ നിക്ഷേപിക്കുന്നതിനു പകരം ബാങ്കില്‍ പണമിട്ട് പലിശ വാങ്ങുന്നു. പണം രംഗത്തു വരുന്നില്ല. ഇന്ത്യന്‍ മൂലധനം പുറത്തു വരാന്‍ ലജ്ജിക്കുന്നു. സമ്പന്ന നാട്ടിലെ ദരിദ്രരാണ് ഇന്ത്യക്കാര്‍.
കേരളത്തിലെ സ്ത്രീകളുടെ ആഭരണങ്ങള്‍ കൂട്ടിയിട്ടാല്‍ ടണ്‍കണക്കിനു കിലോ സ്വര്‍ണമുണ്ടാകും. അതു കൃഷിയിലേക്കോ വ്യവസായങ്ങളിലേക്കോ തിരിച്ചുവിടാന്‍ കഴിഞ്ഞാല്‍ ഇവിടെ സമൃദ്ധിയുണ്ടാകും. പത്തു ബസ്സുണ്ടെങ്കില്‍ ഒരു ബസ്, പത്തു കാറുണ്ടെങ്കില്‍ ഒരു കാര്‍, പത്ത് തീവണ്ടിയുണ്ടെങ്കില്‍ ഒരു തീവണ്ടി, പത്തു കപ്പലുണ്ടെങ്കില്‍ ഒരു കപ്പല്‍ എന്ന കണക്കില്‍ വിതരണം ചെയ്യപ്പെടുകയാണെങ്കില്‍ പത്തു കൊല്ലം കൊണ്ട് സകാത്ത് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ എവിടെയും അനുഭവപ്പെട്ടേക്കാം.
രണ്ട്: സകാത്ത് സാധനങ്ങള്‍ വാങ്ങാനുള്ള കഴിവ് വര്‍ധിപ്പിക്കുന്നു. സകാത്ത് ലഭിക്കുന്നതുവരെ സാധനങ്ങള്‍ വാങ്ങാന്‍ കഴിവില്ലാത്തവര്‍ക്കാണ് സകാത്ത് ലഭിക്കുന്നത്. പണക്കാരന് ആയിരം രൂപ കിട്ടിയാല്‍ അതുകൊണ്ട് അവന്‍ ഉടനെ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങി ബാക്കി പണം ബാങ്കില്‍ ഇടും. നേരെമറിച്ച് പാവപ്പെട്ടവര്‍ക്ക് സകാത്ത് ലഭിച്ചാല്‍ അവര്‍ ഉടനെ മാര്‍ക്കറ്റില്‍ പോയി സാധനങ്ങള്‍ വാങ്ങും.
അവര്‍ക്ക് കിട്ടിയ സകാത്ത് ഉടനെ ചെലവഴിക്കുന്നതുകൊണ്ട് മാര്‍ക്കറ്റില്‍ സാധനങ്ങളുടെ ഡിമാന്റ് വര്‍ധിക്കും. ഡിമാന്റ് വര്‍ധിക്കുന്നതിന് അനുസരിച്ച് വില വര്‍ധിക്കും. വില വര്‍ധിക്കുന്നതിന് അനുസരിച്ചു ലാഭം കൂടും. ലാഭം കൂടുന്നതിന് അനുസരിച്ച് കൂടുതല്‍ ഉല്‍പാദനമുണ്ടാവും. ഉല്‍പാദനം വര്‍ധിക്കുന്നതിന് അനുസരിച്ച് തൊഴിലവസരങ്ങള്‍ ഉണ്ടാകും. തൊഴിലവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ അതുവരെ തൊഴില്‍ ഇല്ലാത്തവര്‍ക്ക് തൊഴിലും പണവും ലഭിക്കും. അവരും സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ എത്തും. അത് സാധനങ്ങളുടെ ഡിമാന്റ് വര്‍ധിപ്പിക്കും. ഉമിക്കരി കൊണ്ട് പല്ലു തേച്ചിരുന്നവര്‍ പേസ്റ്റും ബ്രഷും ഉപയോഗിക്കും. പേസ്റ്റിന്റെയും ബ്രഷിന്റെയും ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടിവരും. നടന്നുപോയിരുന്നവര്‍ സൈക്കിളില്‍ യാത്ര ചെയ്യാന്‍ തുടങ്ങും. സൈക്കിളിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കേണ്ടിവരും. സാമ്പത്തിക ചക്രം പോസിറ്റീവായി ചലിക്കും.
മൂന്ന്: ഖുര്‍ആനില്‍ പ്രവാചകന്മാരെക്കുറിച്ച് പറഞ്ഞ മിക്ക സ്ഥലങ്ങളിലും അവര്‍ നമസ്‌കരിക്കുകയും സകാത്ത് കൊടുക്കുകയും ചെയ്യാറുണ്ടായിരുന്നുവെന്നു പറയുന്നു. സകാത്ത് കൊടുക്കണമെങ്കില്‍ അവരുടെ സാധാരണഗതിയിലുള്ള ആവശ്യങ്ങള്‍ കഴിഞ്ഞ് മിച്ചമുണ്ടാകണം. നബിമാര്‍ പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് ജനങ്ങളില്‍ നിന്ന് സാമ്പത്തികമായി ഒന്നും ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഖുര്‍ആനില്‍ കാണാം (സൂറഃ ഹൂദ്: 29). എങ്ങനെയാണ് അവര്‍ക്ക് സകാത്ത് കൊടുക്കാനുള്ള പണം ഉണ്ടാവുക? അവര്‍ വരുമാനം ഉണ്ടാക്കുന്ന സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് വ്യക്തം.
ഓരോ മുസ്‌ലിമും സകാത്ത് കൊടുക്കുന്നവനാകാന്‍ ആഗ്രഹിക്കണം. മുസ്‌ലിംകള്‍ നിഷ്‌ക്രിയത്വം വെടിഞ്ഞ് സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ ഔല്‍സുക്യം കാണിക്കുന്നു. ഇന്ത്യയില്‍ ഏതു പട്ടണത്തില്‍ നോക്കിയാലും കച്ചവടക്കാരില്‍ അധികവും മുസ്‌ലിംകളാണ്. മുസ്‌ലിംകള്‍ ഉള്ളിടത്ത് പൊതുവേ ഐശ്വര്യമുണ്ടാകും. കോഴിക്കോടിന് ഐശ്വര്യമുണ്ടാകാന്‍ കാരണം മുസ്‌ലിംകളുടെ സാന്നിധ്യമാണെന്നു മനസ്സിലാക്കി വള്ളുവക്കോനാതിരി കോഴിക്കോട്ടു നിന്നു കുറേ മുസ്‌ലിംകളെ തിരൂര്‍ക്കാട്, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ എന്നീ സ്ഥലങ്ങളില്‍ കൊണ്ടുവന്നു പാര്‍പ്പിച്ചു. സകാത്ത് കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന മുസ്‌ലിംകള്‍ താമസിക്കുന്നിടത്ത് സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഉണ്ടാവും.
മഞ്ചേരിയിലെ സുന്നി മഹല്ലില്‍ റമദാനില്‍ പള്ളിയിലെ ഖതീബ്, മഹല്ല് നിവാസികളോട് സകാത്ത് പള്ളിയില്‍ ഏല്‍പിക്കാന്‍ പറയാറുണ്ട്. അങ്ങനെ കിട്ടിയ പണം കൊണ്ട് 12 ഏക്കര്‍ സ്ഥലം വാങ്ങി ഓരോ കൊല്ലവും മൂന്നു വീതം നിര്‍ധന കുടുംബങ്ങള്‍ക്ക് വീടു വച്ചുകൊടുക്കും. സകാത്ത് ഫണ്ട് കൊണ്ട് ബസ് വാങ്ങി ആറു നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ജോലിയും ബസ്സിന്റെ ഉടമസ്ഥാവകാശവും നല്‍കാറുണ്ട്. രണ്ട് ഡ്രൈവര്‍, രണ്ട് കണ്ടക്ടര്‍, രണ്ട് ക്ലീനര്‍ എന്നിങ്ങനെ. ചിലര്‍ സകാത്ത് പണം കൊണ്ട് നിര്‍ധന കുടുംബങ്ങളിലെ അംഗങ്ങള്‍ക്ക് ഓട്ടോറിക്ഷ വാങ്ങിക്കൊടുക്കുന്നു. ഇക്കൊല്ലം സകാത്ത് വാങ്ങുന്നവര്‍ അടുത്ത കൊല്ലം സകാത്ത് കൊടുക്കാന്‍ പ്രാപ്തരായി മാറുന്നു. രാജ്യത്തിന്റെ സാമ്പത്തിക ചക്രം പോസിറ്റീവായി ചലിപ്പിക്കുന്നതില്‍ ഇപ്രകാരം സകാത്ത് വലിയ പങ്കുവഹിക്കുന്നു.
Next Story

RELATED STORIES

Share it