സംസ്ഥാന കേരളോല്‍സവം; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പയ്യോളി: സംസ്ഥാന കേരളോല്‍സവം കലാമല്‍സരങ്ങള്‍ക്ക് 26ന് പയ്യോളിയില്‍ തുടക്കമാവും. 27ന് വൈകീട്ട് നാലിന് സംസ്ഥാന സാമൂഹികനീതി മന്ത്രി എം കെ മുനീര്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകസമിതിഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന യുവജനകാര്യമന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിക്കും. മുല്ലപ്പള്ളി രാമചന്ദ്രന്‍ എംപി, കെ ദാസന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി, മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ. പി കുല്‍സു പങ്കെടുക്കും.
മൂന്ന് ദിവസങ്ങളിലായി പയ്യോളി ഹൈവേ ഗ്രൗണ്ട്, പെരുമ ഓഡിറ്റോറിയം, പെരുമ ഗ്രൗണ്ട്, മുനിസിപ്പല്‍ ഹാള്‍, അരങ്ങില്‍ ശ്രീധരന്‍ ഓഡിറ്റോറിയം എന്നിവിടങ്ങളില്‍ നടക്കുന്ന മല്‍സരങ്ങളില്‍ 2600ഓളം കലാപ്രതിഭകള്‍ മാറ്റുരയ്ക്കും. 54 ഇനങ്ങളിലായി നടക്കുന്ന മല്‍സരങ്ങളില്‍ വിജയികളാവുന്നവര്‍ ജനുവരി 12 മുതല്‍ 16 വരെ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ നടക്കുന്ന ദേശീയ യുവജനോല്‍സവത്തില്‍ കേരളത്തെ പ്രതിനിധീകരിക്കും. വിവിധ ജില്ലകളെ പ്രതിനിധീകരിച്ച് എത്തുന്നവര്‍ക്കുള്ള താമസ-ഭക്ഷണ-ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിക്കഴിഞ്ഞതായി സംഘാടകര്‍ അറിയിച്ചു. സംഘാടനവുമായി ബന്ധപ്പെട്ട് വിവിധ സബ്കമ്മിറ്റികള്‍ രൂപീകരിച്ച് വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്. സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, ജില്ലാ പഞ്ചായത്ത്, കോഴിക്കോട് കോര്‍പറേഷന്‍, പയ്യോളി മുനിസിപ്പാലിറ്റി സംയുക്തമായാണ് കേരളേല്‍സവം സംഘടിപ്പിക്കുന്നത്.
സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് എക്‌സ്പര്‍ട്ട് കമ്മിറ്റി മെമ്പര്‍ സി കെ സുബൈര്‍, പയ്യോളി നഗരസഭാ ഉപാധ്യക്ഷന്‍ മഠത്തില്‍ നാണു, കൂടയില്‍ ശ്രീധരന്‍, കെ ടി ലിഖേഷ്, കെ വി ശശികുമാര്‍, സബീഷ് കുന്നങ്ങോത്ത്, മുകേഷ് ശാസ്ത്രി, കെ പ്രസീദ, പി പി അഹമ്മദ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it