wayanad local

ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവൃത്തികള്‍ക്ക് ഇന്നു തുടക്കമാവും



കല്‍പ്പറ്റ: ഹരിതകേരളം മിഷന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ കേരളപ്പിറവി ദിനനമായ ഇന്ന് ജില്ലയില്‍ വിവിധ ശുചിത്വ-മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തില്‍ വൈത്തിരി, മീനങ്ങാടി, തിരുനെല്ലി പഞ്ചായത്തുകളിലെയും കല്‍പ്പറ്റ നഗരസഭയിലെയും അജൈവ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കാണ് തുടക്കമിടുന്നത്. ഗ്രാമപ്പഞ്ചായത്തുകളിലെയും നഗരസഭയിലെയും ഓരോ വീടുകളില്‍ നിന്നും വൃത്തിയാക്കിയ പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള അജൈവ മാലിന്യങ്ങള്‍ കുടുംബശ്രീയുടെ ഹരിത കര്‍മസേന നേരിട്ടു ശേഖരിച്ച് മെറ്റീരിയല്‍ കലക്ഷന്‍ ഫെസിലിറ്റി സെന്ററില്‍ എത്തിക്കും. തുടര്‍ന്ന് മാലിന്യങ്ങള്‍ നിലവാരമനുസരിച്ച് തരംതിരിച്ച് ക്ലീന്‍ കേരള കമ്പനിയുടെ സഹായത്തോടെ റിസോഴ്‌സ് റിക്കവറി ഫെസിലിറ്റിയില്‍ ഉപ ഉല്‍പന്നമാക്കും. ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട വിവിധ വിവര വിജ്ഞാന വ്യാപന പ്രവര്‍ത്തനങ്ങളും മാലിന്യം കുമിഞ്ഞുകൂടുന്നിടങ്ങളില്‍ പൊതുസമൂഹത്തിന്റെ ഇടപെടലുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തും. 2017-18 പദ്ധതികളിലുള്‍പ്പെടുത്തിയും സ്വച്ഛ് ഭാരത് മിഷന്‍ ധനസഹായം ഉപയോഗപ്പെടുത്തിയും മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും സമഗ്ര മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കുമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it