ശബരിമലയിലെ വെടിവഴിപാട് നിരോധനം: ഉത്തരവിന് സ്റ്റേ

കൊച്ചി: ശബരിമലയിലെ വെടിവഴിപാട് നിരോധിച്ച പത്തനംതിട്ട ജില്ലാ കലക്ടറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. വെടിമരുന്ന് സൂക്ഷിക്കുന്ന ഇടത്തിന്റെ (മാഗസിന്‍)പ്രവര്‍ത്തനം സുരക്ഷിതമല്ലാത്ത പശ്ചാത്തലത്തിലാണെന്നും ലൈസന്‍സ് കാലാവധി കഴിഞ്ഞുവെന്നും ചൂണ്ടിക്കാട്ടി നേര്‍ച്ച വെടിവഴിപാട് നിരോധിച്ച നടപടിക്കെതിരേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് കെ എബ്രഹാം മാത്യു, ജസ്റ്റിസ് പി ബി സുരേഷ്‌കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
മാര്‍ച്ച് 31ന് ലൈസന്‍സ് കാലാവധി കഴിഞ്ഞതായും വെടിമരുന്ന് പുരയുടെ അവസ്ഥ ഒട്ടും സുരക്ഷിതമല്ലെന്നും വ്യക്തമാക്കി ജില്ലാ പോലിസ് സൂപ്രണ്ട് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. വെടിമരുന്ന് പുരയുടെ ചുറ്റുവശത്തും പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള വസ്തുക്കളും കൂട്ടിയിട്ടിരിക്കുകയാണ്.
ഏതു സമയത്തും അപകടമുണ്ടാകാവുന്ന അവസ്ഥയാണുള്ളതെന്നും അതിനാല്‍, ഇനിയൊരു ഉത്തരവുണ്ടാകുന്നത് വരെ വെടിവഴിപാട് പാടില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഏപ്രില്‍ 12ന് കലക്ടറുടെ ഉത്തരവ്. ഈ ഉത്തരവ് വസ്തുതാ വിരുദ്ധമാണെന്നാണ് ഹരജിയിലെ വാദം.
വെടിമരുന്ന് പുരയുടെ അനുമതി കാലാവധി പുതുക്കാനായി കലക്ടര്‍ മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതുവരെ ഇതില്‍ തീരുമാനമെടുത്തിട്ടില്ല. സ്‌ഫോടകവസ്തു ചട്ട പ്രകാരം ലൈസന്‍സ് പുതുക്കാന്‍ അപേക്ഷ സമര്‍പ്പിച്ചാല്‍ തീരുമാനമാവുംവരെ ലൈസന്‍സ് ഉള്ളതായി കണക്കാക്കണമെന്ന് വ്യവസ്ഥയുണ്ട്. അതിനാല്‍, ദേവസ്വത്തിന് ലൈസന്‍സുണ്ടെന്ന് കരുതേണ്ടി വരുമെന്നും ഹരജിയില്‍ ചൂണ്ടിക്കാട്ടി.എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് ഉത്തരവിട്ട കോടതി കലക്ടറുടെ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. നിരോധം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ക്ക് അധികാരമുണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി ഉത്തരവില്‍ ചൂണ്ടിക്കാട്ടി. ഹരജി വീണ്ടും പിന്നീട് പരിഗണിക്കും.
Next Story

RELATED STORIES

Share it