Kottayam Local

വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം കവരാന്‍ ശ്രമം : ബംഗാള്‍ സ്വദേശി അറസ്റ്റില്‍



ചങ്ങനാശ്ശേരി: വ്യാപാരിയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം തട്ടിയെടുക്കാന്‍ ശ്രമിച്ച ബംഗാള്‍ സ്വദേശിയെ പോലിസ് അറസ്റ്റു ചെയ്തു. പായിപ്പാട് മല്‍സ്യമാര്‍ക്കറ്റിലെ ജീവനക്കാരന്‍ സുഫുജുല്‍ ഹഖ്(19) ആണ് അറസ്റ്റിലായത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു. പായിപ്പാട് ജങ്ഷനിലെ സെഞ്ചുറി മൊബൈല്‍സ് വ്യാപാരസ്ഥാപനം നടത്തുന്ന ആഞ്ഞിലിത്താനം സ്വദേശി ബാബു വര്‍ഗീസി(66) നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ച് പണം അടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയത്. ഞായറാഴ്ച രാത്രി വളരെ വൈകി കടയടച്ചു വീട്ടിലേക്കു പോവാന്‍ ഒരുങ്ങുമ്പോള്‍ മല്‍സ്യം മുറിക്കാന്‍ ഉപയോഗിക്കുന്ന നീളമുള്ള കത്തി ഉപയോഗിച്ച് ബാബുവിന്റെ  തലയ്ക്കും കൈയ്ക്കും വെട്ടുകയായിരുന്നു. എന്നാല്‍, ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലയ്ക്കു വെട്ടേറ്റില്ല. തുടര്‍ന്ന് കൈക്കും തോളിലും വെട്ടി മൂന്നു ലക്ഷം രൂപയോളം അടങ്ങിയ ബാഗ് തട്ടിയെടുക്കാന്‍ പിടിവലി നടത്തിയെങ്കിലും കടയുടമ വിട്ടുകൊടുക്കാന്‍ തയ്യാറായില്ല. ബൈക്കില്‍ രക്ഷപ്പെട്ട ബാബു ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സ തേടുകയും തൃക്കൊടിത്താനം പോലിസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇന്നലെ പുലര്‍ച്ചെ മൂന്നിനു പ്രതിയെ പായിപ്പാട് മല്‍സ്യ മാര്‍ക്കറ്റില്‍ വച്ചുതന്നെ പിടികൂടി. മുമ്പ് പലതവണ ഇത്തരം കവര്‍ച്ചാശ്രമം നടത്തിയിരുന്നതായും പ്രതി പോലിസിനോട് പറഞ്ഞു. സംഭവം നടന്ന സ്ഥലത്തെ സിസി ടിവി ക്യാമറ പരിശോധിച്ചതില്‍നിന്നാണ് ഇയാള്‍ തന്നെയാണ് വെട്ടിപ്പരിക്കേല്‍പ്പിച്ചതെന്ന് പോലിസിനു തിരിച്ചറിയാനായി. ജില്ലാ പോലിസ് മേധാവി എന്‍ രാമചന്ദ്രന്റെ നിര്‍ദ്ദേശപ്രകാരം ചങ്ങനാശ്ശേരി ഡിവൈഎസ്പി ആര്‍ ശ്രീകുമാര്‍, സിഐ കെ പി വിനോദ്, തൃക്കൊടിത്താനം എഎസ്‌ഐ മധു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.
Next Story

RELATED STORIES

Share it