Ramadan Special

വിശുദ്ധ ഗേഹത്തിന്റെ വിമുക്തി പ്രഖ്യാപനം

വിശുദ്ധ ഗേഹത്തിന്റെ വിമുക്തി പ്രഖ്യാപനം
X
മക്കാ വിമോചത്തിനു ശേഷമുളള രണ്ടാമത്തെ ഹജ്ജ് കാലം സമാഗതമായി. മക്കാ വിമോചനത്തോടെ കഅ്്ബ വിഗ്രഹമുക്തമാക്കപ്പെട്ടെങ്കിലും മസ്ജിദുല്‍ ഹറാം ബഹുദൈവ വിശ്വാസികള്‍ക്കു വിലക്കപ്പെട്ടിട്ടുണ്ടായിരുന്നില്ല.
പ്രവാചകനും ഖുറൈശികളുമായും ഇതര അറബി ഗോത്രങ്ങളുമായും നിലവിലുണ്ടായിരുന്ന കരാര്‍ അനുസരിച്ച് തീര്‍ത്ഥാടനമുദ്ദേശിച്ച് വരുന്ന ആരെയും വിലക്കരുതെന്നു വ്യവസ്ഥയുമുണ്ടായിരുന്നു. അതിനാല്‍ മക്കാ വിജയത്തിനു ശേഷമുളള  ആദ്യ ഹജ്ജ് നിലവിലുണ്ടായിരുന്ന അതേ സമ്പ്രദായത്തിലാണ് നടന്നത്. രണ്ടാമത്തെ ഹജ്ജ് അവിശ്വാസികളുമായി ഇടകലര്‍ന്നു കൊണ്ടായിരുന്നു. മുസലിംകള്‍ അവരുടെ രീതിയിലും അവിശ്വാസികള്‍ അവരുടെ രീതിയിലും. ഹിജ്‌റ ഒമ്പതാം വര്‍ഷം നടന്ന ഈ ഹജ്ജില്‍ അബൂബക്കര്‍ സിദ്ധീഖിനെ പ്രവാചകന്‍ ജനങ്ങളെ നയിക്കാന്‍ നിയോഗിച്ചു. മൂന്നൂറു ഹാജിമാരടങ്ങുന്ന സംഘം മദീനയില്‍ നിന്നും അബൂബക്കറിന്റെ നേതൃത്വത്തില്‍ പുറപ്പെട്ടു.
എന്നാല്‍ ഏകനായ അല്ലാഹുവിന്റെ മഹത്വം ഉദ്‌ഘോഷിക്കുന്ന ഹജ്ജ് എല്ലാ കലര്‍പ്പുകളില്‍ നിന്നും മുക്തമാവേണ്ടത് അനിവാര്യമായിരുന്നു. മാത്രവുമല്ല ബഹുദൈവാരാധകരും ഏകദൈവ വിശ്വാസികളും തമ്മിലുളള വേര്‍തിരിവ് പ്രകടമാക്കേണ്ട സമയവുമായിരിക്കുന്നു. അങ്ങനെ ഏകനായ അല്ലാഹുവിനെ മാത്രം ആരാധിക്കുവാനായി ലോകത്ത് ആദ്യമായി നിര്‍മ്മിക്കപ്പെട്ട ഭവനം ലോകാവസാനം വരെ ബഹുദൈവവിശ്വാസികളില്‍ നിന്നും സുരക്ഷിതമാക്കി കൊണ്ട് അല്ലാഹുവിന്റെ കല്പന അവതരിച്ചു.
ഈ കല്പന അവതരിപ്പിക്കപ്പെട്ടപ്പോഴേക്കും അബൂബക്കര്‍ സിദ്ധീഖ് പോയിക്കഴിഞ്ഞിരുന്നതിനാല്‍ പ്രവാചകന്‍ തന്റെ പ്രതിനിധിയായി അലിയെ മക്കയിലേക്കയച്ചു. ഹിജ്‌റ ഒമ്പത്, ദുല്‍ഹജ്ജ് പത്തിന് അലി പ്രവാചകനു അവതരിച്ച അവിശ്വാസികളോടുളള വിമുക്തി പ്രഖ്യാപനത്തിന്റെ പൂര്‍ണ്ണ രുപം ഹജ്ജിനായി ഒത്തു കൂടിയ ജനാവലിയെ കേള്‍പ്പിച്ചു.


'നിങ്ങളുമായി കരാറിലേര്‍പ്പെട്ടിട്ടുണ്ടായിരുന്ന ബഹുദൈവ വിശ്വാസികളോട്,അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും ഭാഗത്തു നിന്നുളള വിമുക്തി പ്രഖ്യാപനമാണിത്. ഇനി നിങ്ങള്‍ രാജ്യത്ത് നാലു മാസം യഥേഷ്ടം സഞ്ചരിച്ചു കൊളളുക. അറിഞ്ഞു കൊളളുക:നിങ്ങള്‍ അല്ലാഹുവിനെ തോല്‍പിക്കുന്നവരല്ല. അല്ലാഹു സത്യ നിഷേധികളെ നിന്ദ്യമായി പരാജയപ്പെടുത്തുന്നവനാകുന്നു. അല്ലാഹുവില്‍ നിന്നും അവന്റെ ദൂതനില്‍ നിന്നും സകല ജനങ്ങള്‍ക്കുമായി വലിയ ഹജ്ജ് ദിനത്തിലുളള പൊതുവിളംബരമാണിത്. എന്തെന്നാല്‍, അല്ലാഹു ബഹുദൈവ വിശ്വാസികളോടുളള ബാധ്യതയില്‍ നിന്ന് മുക്തനായിരിക്കുന്നു. അവന്റെ ദൂതനും. നിങ്ങള്‍ പശ്ചാത്തപിക്കുന്നുവെങ്കില്‍ അതിന്റെ ഗുണം നിങ്ങള്‍ക്കു തന്നെ. പിന്തിരിയുന്ന പക്ഷം അല്ലാഹുവിനെ തോല്‍പിക്കാവതുളളവരല്ല നിങ്ങള്‍.അല്ലയോ പ്രവാചകരേ,നിഷേധികളെ കഠിന ശിക്ഷയുടെ സുവാര്‍ത്ത അറിയിച്ചു കൊളളുക-നിങ്ങളുമായി കരാറിലേര്‍പ്പെടുകയും എന്നിട്ട് അതു പാലിക്കുന്നതില്‍ വീഴ്ചയൊന്നും ചെയ്യാതിരിക്കുകയും നിങ്ങള്‍ക്കെതിരായി ആരെയും സഹായിക്കാതിരിക്കുകയും ചെയ്ത ബഹുദൈവ വിശ്വസികളൊഴിച്ച്. അങ്ങനെയുളളവരോട് കരാറിന്റെ അവധി എത്തുന്നതു വരെ നിങ്ങളും അതു പാലിക്കുക. കാരണം സൂക്ഷമതയുളളവരെയാണ് അല്ലാഹു ഇഷ്ടപ്പെടുന്നത്.
അതു കൊണ്ട് യുദ്ധം നിഷിദ്ധമായ മാസങ്ങള്‍ പിന്നിട്ടാല്‍ പിന്നെ ബഹുദൈവ വിശ്വാസികളെ (ഹറമിനകത്തോ പുറത്തോ) എവിടെ കണ്ടാലും വധിച്ചു കൊളളുക. അവരെ പിടികൂടുക, ഉപരോധിക്കുക; എല്ലാ മര്‍മ്മ സ്ഥലങ്ങളിലും അവര്‍ക്കെതിരെ പതിയിരിക്കുകയും ചെയ്യുക. ഇനി അവര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറപ്രകാരം അനുഷ്ഠിക്കുകയും സകാത്തു നല്‍കുകയും ചെയ്യുന്നുവെങ്കില്‍ അവരെ വിട്ടേക്കുക.അല്ലാഹു ഏറെ മാപ്പരുളുന്നവനും ദയാപരനുമല്ലോ. ബഹുദൈവ വിശ്വാസികളിലൊരാള്‍ താങ്കളോട് അഭയം തേടി വന്നാല്‍ ദൈവിക വചനം കേള്‍ക്കുന്നതിനു താങ്കള്‍ അവനു അഭയം നല്‍കേണ്ടതാകുന്നു. പിന്നീടവനെ തന്റെ സുരക്ഷിത സ്ഥാനത്ത് എത്തിച്ചു കൊടുക്കുക. അവര്‍ അറിവില്ലാത്ത ജനമായതിനാല്‍ ഈ വിധമാണ് പ്രവര്‍ത്തിക്കേണ്ടത്.
(കരാര്‍ ലംഘകരായ) ഈ ബഹുദൈവ വിശ്വാസികള്‍ക്ക് അല്ലാഹുവിനോടും അവന്റെ ദൂതനോടും വല്ല കരാറും നിലില്‍ക്കുന്നതെങ്ങനെ? മസ്ജിദുല്‍ ഹറാമിനടുത്തു വെച്ച് നിങ്ങള്‍ കരാര്‍ ചെയ്തവരോടൊഴിച്ച്.അവര്‍ നിങ്ങളോട് നല്ല രീതിയില്‍ ഇടപഴകുമ്പോള്‍ നിങ്ങളും അവരോട് നല്ല രീതിയില്‍ ഇടപഴകുവിന്‍.എന്തു കൊണ്ടെന്നാല്‍ അല്ലാഹു സൂക്ഷ്മതയുളളവരെ ഇഷ്ടപ്പെടുന്നു. എന്നാല്‍ അവരല്ലാത്ത മറ്റു ബഹുദൈവ വിശ്വാസികളോട് വല്ല കരാറും നിലനില്‍ക്കുന്നതെങ്ങനെയാണ്? നിങ്ങളെ അവര്‍ക്കു കീഴ്‌പ്പെടുത്താന്‍ കഴിഞ്ഞാല്‍ പിന്നെ നിങ്ങളുടെ കാര്യത്തില്‍ കുടുംബ ബന്ധമോ സന്ധി വ്യവസ്ഥകളോ ഒന്നും തന്നെ അവര്‍ പരിഗണിക്കുകയില്ല എന്നിരിക്കെ.? വായ കൊണ്ട് അവര്‍ നിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു.പക്ഷേ അവരുടെ ഹൃദയങ്ങള്‍ വിസമ്മതിക്കുകയാണ്. അവരിലധിക ജനവും അധര്‍മകാരികളാകുന്നു.അവര്‍ തുഛവില വാങ്ങി ദൈവിക സൂക്തങ്ങള്‍ വിറ്റിരിക്കുന്നു. എന്നിട്ട് അവന്റെ മാര്‍ഗത്തില്‍ നിന്ന് (ആളുകളെ) തടയുകയും ചെയ്തു. തീര്‍ച്ചയായും അവര്‍ ചെയ്യുന്നത് വളരെ മോശം പ്രവൃത്തിയാകുന്നു. വിശ്വാസിയുടെ കാര്യത്തില്‍ ഇവര്‍ രക്തബന്ധമോ സന്ധിവ്യവസ്ഥയോ പരിഗണിക്കുന്നില്ല. അതിക്രമം എപ്പോഴും അവര്‍ തന്നെയാണ് അതിക്രമകാരികള്‍. എന്നാല്‍ ഇക്കൂട്ടര്‍ പശ്ചാത്തപിക്കുകയും നമസ്‌കാരം മുറ പോലെ നിര്‍വഹിക്കുകയും സകാത്ത് നല്‍കുകയും ചെയ്യുന്ന പക്ഷം അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളാകുന്നു. കാര്യങ്ങള്‍ ഗ്രഹിക്കുന്ന ജനത്തിനു വേണ്ടി നാം നമ്മുടെ വിധികള്‍ വിവരിച്ചു കൊടുക്കുന്നു. ഇനി അവര്‍ കരാറിലേര്‍പ്പെട്ടതിനു ശേഷം തങ്ങളുടെ ശപഥങ്ങള്‍ ലംഘിക്കുകയും നിങ്ങളുടെ ദീനിനെ പരിഹസിക്കുകയും ചെയ്യുകയാണെങ്കില്‍ സത്യനിഷേധത്തിന്റെ നേതാക്കളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. എന്തു കൊണ്ടെന്നാല്‍ അവരുടെ പ്രതിജ്ഞകള്‍ക്ക് യാതൊരു വിലയുമില്ല. (യുദ്ധ നടപടി കൊണ്ടെങ്കിലും) അവര്‍ വിരമിച്ചേക്കാം.
സ്വന്തം പ്രതിജ്ഞകള്‍ ലംഘിച്ചു കൊണ്ടേയിരിക്കുകയും ദൈവദൂതനെ നാട്ടില്‍ നിന്ന് പുറത്താക്കാന്‍ മുതിരുകയും ചെയ്്ത ഒരു വിഭാഗത്തോട് നിങ്ങള്‍ യുദ്ധം ചെയ്യുന്നില്ലെന്നോ,
(വിശുദ്ധ ഖുര്‍ആന്‍ അധ്യായം 9 സൂറ അത്തൗബ 1- 8  )
കുറിപ്പ് :സൂക്തം 1-37 വരെ ഈ വിഷയം പ്രതിപാദിക്കുന്നു. സ്ഥല പരിമിതി മൂലം മുഴുവന്‍ ചേര്‍ക്കാന്‍ സാധ്യമല്ല.
Next Story

RELATED STORIES

Share it