palakkad local

വിളയൂര്‍ പുഴയോര പ്രദേശങ്ങളില്‍ മണല്‍, ലഹരി മാഫിയകള്‍ പിടിമുറുക്കുന്നു

പട്ടാമ്പി: വിളയൂര്‍ ഗ്രാമപ്പഞ്ചായത്തിലെ പുഴയോര പ്രദേശങ്ങളില്‍ മണല്‍, ലഹരി മാഫിയകള്‍ പിടിമുറുക്കുന്നു. സ്‌കൂള്‍, കോളജ് വിദ്യാര്‍ഥികളേയും ഇതര സംസ്ഥാന തൊഴിലാളികളേയും ഉപയോഗപ്പെടുത്തിയാണ് ഇടനിലക്കാര്‍ ലഹരി വസ്തുക്കളുടെ കച്ചവടം പൊടിപൊടിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിലധികമായി ലഹരി മരുന്ന് വില്‍പ്പനക്കാര്‍ വളരെ സജീവമാണ്.
ഇടയ്ക്കിടെ പോലിസും പട്ടാമ്പി എക്‌സൈസും ചിലരെ പിടികൂടാറുണ്ടെങ്കിലും അവകൊണ്ടൊന്നും ലഹരി മാഫിയക്ക് ഒരു കുറവുമുണ്ടായിട്ടില്ല.
സര്‍ക്കാരിന്റെ തലതിരിഞ്ഞ നയം മൂലം പട്ടാമ്പി മേഖലയില്‍ അപേക്ഷ നല്‍കി നാലും അഞ്ചും വര്‍ഷമായിട്ടും മണല്‍ പാസ് കിട്ടാതെ വലയുമ്പോള്‍ ദിവസേന ഡസണ്‍ കണക്കിന് ലോഡ് മണലാണ് തൂതപ്പുഴയില്‍ നിന്നും കയറ്റിപോകുന്നത്. അതില്‍ ഭൂരിഭാഗവും വിളയൂര്‍, തിരുവേഗപ്പുറ പഞ്ചായത്തുകളില്‍ നിന്നുമാണ്. സര്‍ക്കാരിന് നികുതിയിനത്തില്‍ ലഭിക്കേണ്ട പതിനായിരക്കണക്കിന് രൂപയാണ് ദിവസേന ഇത്തരത്തില്‍ നഷ്ടമാകുന്നത്. ഈ പണം ചെന്നെത്തുന്നതോ ലഹരി മാഫിയയുടെ കൈകളിലും. മണലെടുപ്പുകാരായ വിദ്യാര്‍ഥികളും ഇതര സംസ്ഥാന തൊഴിലാളികളുമാണ് കഞ്ചാവ് ലോബികളുടെ ഇരകള്‍.
ഇവരില്‍ തന്നെ കരിയര്‍മാരും വില്‍പ്പനക്കാരുമുണ്ടെന്നാണറിയുന്നത്. വിളയൂരിലെ മാഫിയകള്‍ക്കെതിരെ റെയ്ഡിനായി ഒറ്റപ്പാലത്ത് നിന്നോ പട്ടാമ്പിയില്‍ നിന്നോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരാരെങ്കിലും പുറപ്പെട്ടാല്‍ അവരുടെ വണ്ടി നമ്പറടക്കം നിമിഷങ്ങള്‍ക്കകം മാറിയക്കാര്‍ക്ക് അപ്പപ്പോള്‍ വിവരം നല്‍കാന്‍ ഒരു വന്‍ ശൃംഖല തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
അതേസമയം കൊപ്പം കേന്ദ്രമാക്കി പോലിസ് സ്‌റ്റേഷന്‍ സ്ഥാപിക്കുകയാണെങ്കില്‍ വിളയൂര്‍, തിരുവേഗപ്പുറ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഇത്തരം മാഫിയകളെ നിലയ്ക്ക് നിര്‍ത്താനാകും. നിലവിലെ എംഎല്‍എ സിപി മുഹമ്മദ് കഴിഞ്ഞ തവണ കൊപ്പത്ത് പോലിസ് സ്‌റ്റേഷനും ഫയര്‍ സ്റ്റേഷനും സ്ഥാപിക്കുമെന്ന് തിരഞ്ഞെടുപ്പില്‍ വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതൊന്നും പാലിക്കപ്പെട്ടില്ല.
മണല്‍ മാഫിയക്കാരുടെ അഴിഞ്ഞാട്ടം മൂലം രാപ്പകല്‍ ഭേദമില്ലാതെ വിളയൂര്‍ ഗ്രാമപഞ്ചായത്തില്‍ ദിനംപ്രതി റോഡപകടങ്ങള്‍ വര്‍ധിക്കുമ്പോള്‍ ലഹരി മാഫിയക്കാരുടെ ശല്യം കാരണം ക്രമസമാധാനത്തിനും വന്‍ഭീഷണിയാകുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴി നടക്കാന്‍പോലും പേടിയാണ് പല ഭാഗങ്ങളിലും.
ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്ത് കൊപ്പം കേന്ദ്രമാക്കി പോലിസ് സ്‌റ്റേഷന്‍ വേണമെന്ന് കാലങ്ങളായി ആവശ്യം നിലനില്‍ക്കുമ്പോഴും സിപി മുഹമ്മദ് എംഎല്‍എ കാര്യമായി അതിനായി ശ്രമങ്ങളൊന്നും നടത്തിയില്ല. അനിഷ്ട സംഭവങ്ങള്‍ വര്‍ധിക്കുന്നതിന് മുമ്പ് ലഹരി മണല്‍ മാഫിയകളെ നിലയ്ക്ക് നിറുത്താന്‍ ബന്ധപ്പെട്ടവര്‍ അടിയന്തിരമായി ഇടപെടണമെന്നാണ് ജനകീയാവശ്യം. കൊപ്പം കേന്ദ്രീകരിച്ച് പോലിസ് സ്‌റ്റേഷന്‍ വേണമെന്നും അതിനായി ഇനി വരുന്ന എംഎല്‍എ മുന്‍കൈയെടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
Next Story

RELATED STORIES

Share it