വിജയത്തില്‍ മതിമറക്കുമ്പോള്‍

അപ്പുക്കുട്ടന്‍ വള്ളിക്കുന്ന്

മൂന്നു സംസ്ഥാനങ്ങളിലെ നാലു ലോക്‌സഭാ മണ്ഡലങ്ങളിലും ഒമ്പതു സംസ്ഥാനങ്ങളില്‍ 11 നിയമസഭാ മണ്ഡലങ്ങളിലും നടന്ന ഉപതിരഞ്ഞെടുപ്പുകളില്‍ ബിജെപിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ത്ത് ആഞ്ഞടിച്ച മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ കൊടുങ്കാറ്റിന്റെ ഭാഗമായിരുന്നു ചെങ്ങന്നൂരിലെയും ഫലം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങാനിരിക്കെ അതിവേഗം ശക്തിപ്പെടുന്ന മോദി ഗവണ്മെന്റിനും ഹിന്ദുത്വ വര്‍ഗീയതയ്ക്കുമെതിരായ രാഷ്ട്രീയ ധ്രുവീകരണത്തിന്റെ മുന്നേറ്റമായി ഇതിനെ തിരിച്ചറിയണം. അതിനു പകരം പുരുഷാരങ്ങള്‍ വിജയിപ്പിച്ച മഹാ പൂരം ഉറഞ്ഞുതുള്ളുന്ന വെളിച്ചപ്പാടിന്റെയും താളംകൊട്ടിയ ചെണ്ടക്കാരന്റെയും വിജയമായി കാണുന്നത് ജനമുന്നേറ്റത്തിന്റെ രാഷ്ട്രീയത്തോട് പുലര്‍ത്തുന്ന അന്ധതയായിരിക്കും.
അടുത്ത പൊതുതിരഞ്ഞെടുപ്പിലും അധികാരം നിലനിര്‍ത്താന്‍ നരേന്ദ്ര മോദി പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ള പാര്‍ട്ടി മുഖ്യമന്ത്രിയാണ് ഹിന്ദി ഹൃദയഭൂമിയിലെ വലിയ സംസ്ഥാനം ഭരിക്കുന്ന യോഗി ആദിത്യനാഥ്. ത്രിപുരയും കര്‍ണാടകയും ഒക്കെ പിടിക്കാന്‍ പ്രധാനമന്ത്രി മോദി കൂടെ കൊണ്ടുനടന്നിരുന്നത് യോഗിയെയാണ്. ആ യോഗിയുടെ ഭരണദുരന്തം അനുഭവിക്കുന്ന കൃഷിക്കാരും ബഹുജനങ്ങളും എടുക്കാ നാണയമായി തള്ളിക്കളയുന്ന കാഴ്ചയാണ് യുപിയില്‍ കണ്ടത്.
പശ്ചിമ യുപിയിലെ കൈരാന മുന്‍ മുഖ്യമന്ത്രി അജിത് സിങിന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്ദള്‍ ബിജെപിയില്‍ നിന്നു പിടിച്ചെടുത്തു. ഈയിടെ രൂപംകൊണ്ട പ്രതിപക്ഷ ഐക്യത്തിന്റെ പ്രതീകമായിരുന്നു കൈരാന. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ് പാര്‍ട്ടിയും ആര്‍ജെഡിയെ പിന്തുണച്ചു. യുപിയിലെ ഫൂല്‍പൂരും ഗോരഖ്പൂരും ബിജെപിക്ക് നഷ്ടപ്പെട്ടതിന്റെ തുടര്‍ച്ചയായിരുന്നു ഇത്.
പാര്‍ട്ടിയുടെ അടിത്തറയില്‍ നിന്നുള്ള ഒലിച്ചുപോക്ക് തടയാന്‍ യോഗി ആദിത്യനാഥും അനുചരന്മാരും മുഹമ്മദലി ജിന്നയുടെ അലിഗഡ് യൂനിവേഴ്‌സിറ്റിയിലുള്ള ചിത്രം സംബന്ധിച്ച് വിവാദം കുത്തിപ്പൊക്കി. ഹിന്ദുത്വ ധ്രുവീകരണത്തിനല്ല പക്ഷേ അത് വഴിവച്ചത്. കൈരാന തിരഞ്ഞെടുപ്പ് ജിന്നയും ഗന്നയും തമ്മിലുള്ള തിരഞ്ഞെടുപ്പാണെന്ന് പ്രതിപക്ഷം ജനങ്ങള്‍ക്കു മുമ്പില്‍ സമര്‍പ്പിച്ചു. പഞ്ചസാര മില്ല് ഉടമകളില്‍ നിന്ന് കോടിക്കണക്കിനു രൂപ കുടിശ്ശിക കിട്ടാതെ പ്രതിസന്ധിയിലായ കരിമ്പുകൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ പകരം പ്രതിപക്ഷം മുന്നോട്ടുവച്ചു. ജിന്ന തോല്‍ക്കുകയും കരിമ്പ് ജയിക്കുകയും ചെയ്തു.
ദുര്‍ബലരായ പ്രതിപക്ഷം തന്നെ പേടിച്ച് യോജിച്ചിരിക്കുകയാണെന്ന് പരിഹസിച്ച മോദിക്കെതിരേ കൂടിയാണ് ജനങ്ങള്‍ വിധിയെഴുതിയത്. സാമൂഹിക പ്രതിയോഗികളായ ജാട്ട്, ദലിതരായ ജാട്ടവ്, മുസ്‌ലിംകള്‍ എന്നിവരെ കൃഷിക്കാരുടെ രൂക്ഷമായ പ്രശ്‌നങ്ങള്‍ ഒന്നിപ്പിച്ച് ബിജെപിയെ തോല്‍പിക്കുന്ന പുതിയ രാഷ്ട്രീയക്കാറ്റാണ് യുപിയില്‍ വീശുന്നത്.
കൃഷിക്കാരുടെ പ്രശ്‌നങ്ങള്‍ രൂക്ഷമാവുകയും അവരുടെ സമരം ഭരണീയരെ വിറകൊള്ളിക്കുകയും ചെയ്ത മഹാരാഷ്ട്രയില്‍ രണ്ടു ലോക്‌സഭാ സീറ്റില്‍ ഒന്നാണ് ബിജെപിക്ക് നേടാനായത്. അതു പക്ഷേ സമാശ്വാസമായില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അഞ്ചര ലക്ഷത്തിനു താഴെ വോട്ടുകള്‍ക്ക് ശിവസേനാ പിന്തുണയോടെ ബിജെപി ജയിച്ചതായിരുന്നു പാല്‍ഘര്‍ ലോക്‌സഭാ സീറ്റ്. ഇത്തവണ മൂന്നു ലക്ഷം വോട്ടുകള്‍ കുറഞ്ഞ മങ്ങിയ വിജയമാണ് ബിജെപിക്ക് ഉണ്ടായത്.
ഗവര്‍ണറെ ഉപയോഗിച്ച് ഭരണം പിടിച്ചെടുത്ത ബിജെപി നടപടിക്കെതിരായി മേഘാലയയിലെ ഉപതിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ്സിനും എന്‍പിപിക്കും 20 സീറ്റു വീതം കിട്ടിയപ്പോള്‍ എന്‍പിപിയെ മന്ത്രിസഭ രൂപീകരിക്കാന്‍ ക്ഷണിച്ച് ബിജെപി പങ്കാളികളാവുകയായിരുന്നു. 3000ലേറെ വോട്ടുകള്‍ക്ക് ആംപതി സീറ്റ് എന്‍പിപിയില്‍ നിന്ന് കോണ്‍ഗ്രസ് പിടിച്ചെടുത്ത് സഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.
തിരഞ്ഞെടുപ്പാനന്തരം ജെഡിഎസുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കി ബിജെപിയെ ഭരണത്തിനു പുറത്തു നിര്‍ത്തിയ കര്‍ണാടകയില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കാല്‍ലക്ഷത്തിലേറെ വോട്ടുകളോടെ ജനങ്ങള്‍ കോണ്‍ഗ്രസ്സിനെ ജയിപ്പിച്ചു. ബിജെപിക്കെതിരായ രാഷ്ട്രീയ ധ്രുവീകരണം ദേശവ്യാപകമാണെന്നതിന്റെ തെളിവാണ് പഞ്ചാബ് നിയമസഭാ ഉപതിരഞ്ഞെടുപ്പു ഫലം.
ഇത് വ്യക്തമാക്കുന്ന ഒരു ദേശീയ രാഷ്ട്രീയ ചിത്രമുണ്ട്. 2014ല്‍ ലോക്‌സഭയില്‍ 282 സീറ്റ് ഒറ്റയ്ക്കു നേടി ബിജെപി കേവല ഭൂരിപക്ഷം നേടിയതായിരുന്നു. ഭരണത്തിന്റെ അഞ്ചാം വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ 274ലേക്ക് താഴ്ന്നിരിക്കുകയാണ്.
ഈ ദേശീയ ചിത്രത്തോട് ചേര്‍ന്നുനില്‍ക്കുന്നതു മാത്രമാണ് എല്‍ഡിഎഫിനു ചെങ്ങന്നൂരില്‍ കിട്ടിയ വന്‍ ജനപിന്തുണ. യുഡിഎഫ് ബിജെപി മേഖലയിലാകെ എല്‍ഡിഎഫിനുണ്ടായ മുന്നേറ്റം മതനിരപേക്ഷ പാര്‍ട്ടികളുടെ ബിജെപിക്കെതിരായ പൊതുമുന്നേറ്റത്തിന്റെ ഭാഗമാണ്. അരനൂറ്റാണ്ടിലേറെയായി നിലനില്‍ക്കുന്ന യുഡിഎഫ്-എല്‍ഡിഎഫ് മുന്നണിരാഷ്ട്രീയത്തിന്റെ വൈരുദ്ധ്യം കേരളത്തില്‍ പ്രത്യേകമായുണ്ട് എന്നതൊഴിച്ചാല്‍. ന്യൂനപക്ഷങ്ങള്‍ കൂടുതലുള്ള മണ്ഡലത്തില്‍ ബിജെപി എന്ന അപകടത്തെ നേരിടാന്‍ ഭരിക്കുന്ന ഇടതു ജനാധിപത്യ മുന്നണിക്കു പിന്നില്‍ അവര്‍ അണിനിരന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരളത്തിലേത് മുഖ്യമന്ത്രിയുടെയും സ്ഥാനാര്‍ഥിയുടെയും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനത്തിന്റെയും ഭരണവിജയത്തിന്റെയും നേട്ടമായി കാണുന്നത് സിപിഎമ്മിനെയും ഇടതു മുന്നണിയെയും ആത്മഹത്യാ മുനമ്പിലേക്ക് നയിക്കുന്നതിനു തുല്യമായിരിക്കും. ഈ ഘടകങ്ങള്‍ തിരഞ്ഞെടുപ്പു വിജയത്തിനു സംഭാവന ചെയ്തിട്ടുണ്ടെങ്കിലും. ഗവണ്മെന്റിന്റെ- വിശേഷിച്ചും മുഖ്യമന്ത്രി കൈകാര്യം ചെയ്യുന്ന പോലിസ് ഭരണത്തിന്റെ ഏറ്റവും വലിയ പുനപ്പരിശോധനയും തിരുത്തലും നടക്കേണ്ട അടിയന്തര ഘട്ടമാണിത്. അത് നിര്‍വഹിക്കേണ്ട തലങ്ങളിലൊന്നും മുഖ്യമന്ത്രിയുടെ നയത്തിലെ തെറ്റുകള്‍ക്കും പാളിച്ചകള്‍ക്കുമെതിരേ ശബ്ദിക്കാന്‍ ആരും തയ്യാറാകില്ലെന്നത് ഇടതുപക്ഷത്തെയും അതിന്റെ സര്‍ക്കാരിനെയും അപ്രതീക്ഷിതമായ രാഷ്ട്രീയ ചതിക്കുഴികളിലേക്ക് തള്ളിവീഴ്ത്തും.
മാര്‍ക്‌സിസ്റ്റുകള്‍ക്ക് മതനിരപേക്ഷത എന്നാല്‍ മത-ജാതിനേതാക്കളെ പ്രീണിപ്പിച്ച് വോട്ടാക്കലല്ല. അതിനു ഭരണത്തെ ഉപയോഗിക്കലുമല്ല. രാഷ്ട്രീയ പ്രവര്‍ത്തനത്തിലും ഭരണത്തിലും മതനിരപേക്ഷമായി പ്രവര്‍ത്തിക്കലാണ്. തിരഞ്ഞെടുപ്പു ചട്ടം നിലനില്‍ക്കുന്ന മണ്ഡലത്തില്‍ വോട്ടെടുപ്പിനു തൊട്ടുമുമ്പ് മതനേതാക്കളെ വിളിച്ചുവരുത്തി വിശ്വാസികളുടെ പിന്തുണ തിരഞ്ഞെടുപ്പില്‍ പ്രതിഫലിപ്പിക്കുമെന്ന് അവരെക്കൊണ്ട് പത്രസമ്മേളനം നടത്തിച്ചതുപോലുള്ള തെറ്റായ നടപടികള്‍ ഉണ്ടായിട്ടുണ്ട്. യുഡിഎഫ് മുഖ്യമന്ത്രിയോ കോണ്‍ഗ്രസ്-ബിജെപി പ്രധാനമന്ത്രിമാരോ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇങ്ങനെ ചെയ്യുന്നതിനെ എതിര്‍ത്ത ചരിത്രമാണ് ഇടതുപക്ഷത്തിന്റേത്.
ചെങ്ങന്നൂരിലെ ജനവിധി അനുകൂലമായതുകൊണ്ട് പോലിസ് ഭരണത്തിലെ വീഴ്ചകള്‍ ജനങ്ങള്‍ അംഗീകരിച്ചെന്നു കരുതരുത്. തട്ടിക്കൊണ്ടുപോയ കെവിന്‍ കൊല്ലപ്പെട്ട വിവരം പോളിങ് നടക്കുമ്പോഴാണ് പുറത്തുവന്നത്. അത് വോട്ടര്‍മാര്‍ അറിയാതിരിക്കാന്‍ ടെലിവിഷന്‍ കേബിള്‍ മുറിക്കുന്ന 'ജനാധിപത്യ പ്രക്രിയ' പോലും നടന്നു.
തിരഞ്ഞെടുപ്പിലെ വിജയത്തിന്റെ ആഹ്ലാദപ്രകടനത്തിനിടയ്ക്ക് ചുവന്ന ലഡു വിതരണം ചെയ്ത് സ്ഥാനാര്‍ഥിയും കുടുംബാംഗങ്ങളും പാര്‍ട്ടിക്കാരും ആഹ്ലാദിക്കുമ്പോള്‍ മറ്റു ചില ചിത്രങ്ങള്‍ കേരളീയരുടെ കണ്ണു നനച്ച് ഹൃദയത്തില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. കെവിന്റെ ശവപ്പെട്ടിയുടെ സുതാര്യ പ്രതലത്തില്‍ ചുടുകണ്ണീര് ഒഴുക്കിനില്‍ക്കുന്ന, കുഴിമാടത്തില്‍ കണ്ണീര്‍ അര്‍പ്പിച്ച് ദുഃഖമൂകയായി മടങ്ങുന്ന വിധവയായ നവവധുവിന്റെ ചിത്രം. കെവിന്റെയും ശ്രീജിത്തിന്റെയും മധുവിന്റെയും മറ്റ് നിരവധി യുവാക്കളുടെയും ജീവനെടുത്തവരെ സംരക്ഷിക്കുന്ന, പോലിസിനും ഭരണത്തിനും നേരെ ശോകമൂകമായി പ്രതിഷേധിക്കുന്ന നിരവധി കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ചിത്രം. വിജയത്തില്‍ ആഹ്ലാദിക്കുന്നവര്‍ ഇത് മറക്കാതിരിക്കുക. ി

(കടപ്പാട്: വള്ളിക്കുന്ന് ഓണ്‍ലൈന്‍.വേര്‍ഡ്പ്രസ്.കോം)
Next Story

RELATED STORIES

Share it