വാളയാറില്‍ 38 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

പാലക്കാട്: വാളയാര്‍ ചെക്‌പോസ്റ്റില്‍ വാഹനപരിശോധനയ്ക്കിടെ അനധികൃതമായി കടത്തിക്കൊണ്ടുവന്ന 38 ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ എക്‌സൈസ് ടാസ്‌ക് ഫോഴ്‌സിന്റെ പരിശോധനയ്ക്കിടെ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ സമര്‍പൂര്‍ ജില്ലക്കാരനായ പ്രേംറാമി(28)നെ കസ്റ്റഡിയിലെടുത്തു.
ബസ്സില്‍ കോയമ്പത്തൂരില്‍ നിന്നു പാലക്കാട്ടേക്കു കൊണ്ടുവരുകയായിരുന്നു സ്വര്‍ണാഭരണങ്ങള്‍. മുംബൈയില്‍ നിന്ന് കോയമ്പത്തൂരിലേക്കു വിമാനത്തിലും അവിടെനിന്ന് ബസ്സില്‍ പാലക്കാട്ടേക്കും കൊണ്ടുവരുകയായിരുന്നു 1495.98 ഗ്രാം (ഏകദേശം 200 പവന്‍) വരുന്ന സ്വര്‍ണാഭരണങ്ങളെന്ന് പ്രതി മൊഴിനല്‍കി. മതിയായ രേഖകള്‍ ഇല്ലാത്തതിനാല്‍ എക്‌സൈസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തൃശൂരിലെ ഒരു ജ്വല്ലറിയുടെ പേരില്‍ കാഷ് ബില്ല് ഉണ്ടായിരുന്നെങ്കിലും വ്യാജമാണെന്ന് വ്യക്തമായി. പ്രതിയെ വാണിജ്യനികുതി ഇന്റലിജന്‍സ് വിഭാഗത്തിനു കൈമാറി. പ്രതിയില്‍ നിന്ന് 10 ശതമാനം നികുതി ഈടാക്കും. പിഴയടക്കം ഏകദേശം ആറരലക്ഷം രൂപ അടയ്ക്കാന്‍ വാണിജ്യനികുതി വകുപ്പ് നോട്ടീസ് നല്‍കി. സ്വര്‍ണാഭരണങ്ങള്‍ പാലക്കാട് ജില്ലാ ട്രഷറിയിലേക്കു മാറ്റി. പറളി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി സുരേഷ്ബാബു, പ്രിവന്റീവ് ഓഫിസര്‍ മനോഹരന്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ ജിഷു ജോസ്, എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനയ്ക്കു നേതൃത്വം നല്‍കിയത്.
Next Story

RELATED STORIES

Share it