Alappuzha local

വള്ളിക്കുന്നം പോസ്‌റ്റോഫിസ് ഉദ്ഘാടനം ചെയ്തു : ബിജെപി ഇടപെടല്‍ ; രാഷ്ട്രീയകക്ഷികള്‍ വിട്ടുനിന്നു



വള്ളികുന്നം: പുതുതായി പണികഴിപ്പിച്ച വള്ളികുന്നം പോസ്റ്റ് ഓഫീസ് കെട്ടിടം കേന്ദ്ര തുറമുഖഗതാഗത വകുപ്പ് മന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.  രാജ്യത്തെ പോസ്റ്റ് ഓഫിസുകള്‍ ആധുനീകരിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ മുന്തിയ പരിഗണനയാണ് നല്‍കുന്നതെന്ന് കേന്ദ്ര റോഡ്, ഗതാഗത, ഷിപ്പിംഗ് സഹമന്ത്രി  പൊന്‍ രാധാകൃഷ്ണന്‍. ഏറ്റെടുത്ത പദ്ധതികള്‍ എത്രയും വേഗത്തില്‍ പൂര്‍ത്തിയാക്കുക എന്നതാണ്‌കേന്ദ്ര ഗവണ്‍മെന്റിന്റെ നയമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം കഴിഞ്ഞതോടെ സ്വന്തം പോസ്റ്റ് ഓഫീസ് കെട്ടിടമെന്ന വള്ളികുന്നത്തിന്റെ ചിരകാലാഭിലാഷമാണു പൂവണിഞ്ഞത്.നിലവിലെ പോസ്റ്റ് ഓഫീസ് അര നൂറ്റാണ്ടായി വള്ളികുന്നത്തെ പല സ്ഥലങ്ങളിലായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. കേന്ദ്ര മന്ത്രിയുടെ അസൗകര്യം മൂലം സ്ഥലം എം.പി.കൊടിക്കുന്നില്‍ സുരേഷിനെ ഉദ്ഘാടകനായി കഴിഞ്ഞ മാസം ഇരുപത്തിനാലാം തീയതിയാണു വിപുലമായ കെട്ടിടോദ്ഘാടനം തീരുമാനിച്ചത്.എന്നാല്‍ രാഷ്ട്രീയ പക പോക്കലിന്റെ ഭാഗമായി പ്രാദേശിക ബി.ജെ.പി നേതാക്കള്‍ സംസ്ഥാന നേതൃത്വത്തെ ബന്ധപ്പെട്ട് കൊടിക്കുന്നിലിനു പകരം വകുപ്പ് മന്ത്രിയില്ലെങ്കില്‍ ഏതെങ്കിലും കേന്ദ്ര മന്ത്രി തന്നെ വേണമെന്ന നിലപാടില്‍ ഉറച്ചു നിന്നു. തുടര്‍ന്നാണു ഉദ്ഘാടന തീയതി പുനര്‍നിശ്ചയിച്ചത്. പ്രദേശത്തെ എല്ലാ രാഷ്ട്രീയ കക്ഷികളെയും പങ്കെടുപ്പിച്ചു കൊണ്ടുള്ള ഉദ്ഘാടനമായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നതെങ്കിലും, ബി.ജെ.പി.യുടെ ഇടപെടല്‍ മൂലം പ്രദേശത്തെ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ ആരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തില്ല.മൂന്നു മണിക്ക് നടക്കേണ്ടിയിരുന്ന ഉദ്ഘാടനം ഉച്ചക്ക് ഒരുമണിയോടെ കേന്ദ്ര മന്ത്രിയെത്തി നാടമുറിച്ച് നിര്‍വ്വഹിക്കുകയും പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തു.കൊടിക്കുന്നില്‍ സുരേഷ് എം.പി,മാവേലിക്കര എം. എല്‍.എ.ആര്‍.രാജേഷ്,പഞ്ചായത്ത് പ്രസിഡന്റ് ജി.മുരളി, കെ.പി.ശ്രീകുമാര്‍,ബ്ലോക്ക് പഞ്ചായത്തംഗം ഇ.റസിയ പങ്കെടുത്തു.
Next Story

RELATED STORIES

Share it