Flash News

വയലില്‍ വിളയുമോ ബൈപാസ് വിപ്ലവം

സമദ്  പാമ്പുരുത്തി
നിരവധി കര്‍ഷകസമരങ്ങളിലൂടെ വിപ്ലവം പൂത്തുവിളഞ്ഞ മണ്ണാണു കേരളം. വിശാലമായ പാടവരമ്പുകളില്‍ അധ്വാനിക്കുന്നവന്റെ ചുടുനിണമൊഴുകിയ സമരപരമ്പരകള്‍. ഈ രക്തപ്പാടുകളില്‍ നിന്നാണ് ഭൂപരിഷ്‌കരണനിയമം നടപ്പായതും കൃഷിഭൂമിയിന്മേലുള്ള അവകാശം കര്‍ഷകര്‍ക്ക് അനുവദിച്ചുകിട്ടിയതും. കാലം മാറി, രാജവാഴ്ചയും ജന്മിത്തവും നാടുനീങ്ങി. ജനാധിപത്യ ഭരണകൂടങ്ങളുടെ വികസന കാഴ്ചപ്പാടുകളിലും ഉണ്ടായി മാറ്റം. നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാവും പൈങ്കിളിയേ എന്ന് പാടിപ്പുകഴ്ത്തിയവര്‍ തന്നെ കാലങ്ങള്‍ പിന്നിടവെ പാടങ്ങളില്‍ കോണ്‍ക്രീറ്റ് കൂണുകള്‍ക്കു വിത്തുവിതറി. നമ്മുടെ നെല്ലറകള്‍ മരുഭൂമിയായത് അങ്ങനെ.
കേരളം ഇപ്പോള്‍ കീഴാറ്റൂരിലൂടെയാണു കടന്നുപോവുന്നത്. കര്‍ഷകത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന, തളിപ്പറമ്പ് നഗരസഭയിലെ പച്ചപ്പിനാല്‍ സമ്പന്നമായ സ്വര്‍ഗസമാന ഗ്രാമം. എന്നാലിപ്പോള്‍ അശാന്തിക്ക് നടുവിലാണ് കീഴാറ്റൂര്‍. കാര്‍ഷിക സംസ്‌കൃതിയുടെ ഉണര്‍ത്തുഗീതമായ കൊയ്ത്തുപാട്ടുകള്‍ ഉയര്‍ന്നിരുന്ന വയലേലകളില്‍ വിളയുന്നത് വിവാദങ്ങളാണ്. നിര്‍ദിഷ്ട ദേശീയപാത ബൈപാസ് പദ്ധതി ഒരു ജനതയില്‍ സൃഷ്ടിക്കുന്ന പിരിമുറുക്കം ചെറുതല്ല. വികസന, പരിസ്ഥിതി വാദങ്ങളുടെ പോര്‍മുഖം തുറക്കുന്ന ഈ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിഗ്രാമം രണ്ടായി വിഭജിക്കപ്പെട്ടിരിക്കുന്നു. വികസനമോഹികളും പരിസ്ഥിതിസ്‌നേഹികളും എന്ന സഖ്യങ്ങള്‍ക്കു പിന്നിലായി ചെങ്കൊടിയേന്തി നാട്ടുകാര്‍ നിലയുറപ്പിച്ചിരിക്കുന്നു. സമരങ്ങളും പ്രതിസമരങ്ങളുമായി അവര്‍ പുതുവിപ്ലവം തീര്‍ക്കുകയാണ്. വമ്പന്‍ പാത വയലിലൂടെ തന്നെ പണിയുമെന്ന് ആണയിട്ട ഭരണകൂടം വെട്ടിലായതും നാം കണ്ടു. എന്നാല്‍, ഒന്നും പൂര്‍ണമായി നിഷേധിക്കാനോ അംഗീകരിക്കാനോ കഴിയാത്ത ചില വസ്തുതകള്‍ കീഴാറ്റൂരിലുണ്ട്.
250 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നു കീഴാറ്റൂര്‍ വയല്‍. ജലസസ്യങ്ങളുടെയും ജലജീവികളുടെയും സമൃദ്ധമായ ആവാസവ്യവസ്ഥ സൃഷ്ടിക്കുന്ന സവിശേഷ ഭൂപ്രകൃതി. തളിപ്പറമ്പ് നഗരസഭയിലെ ഏറ്റവും താഴ്ന്ന ഭൂപ്രദേശവും കീഴാറ്റൂര്‍ തന്നെ. വയലിന് മൂന്നുഭാഗത്തും ഉയരത്തില്‍ കുന്നുകള്‍. കുന്നുകള്‍ക്കിടയിലുള്ള വയല്‍പ്രദേശം വലിയൊരു ജലസംഭരണിയാണ്. ഇവിടെനിന്ന് മഴവെള്ളം വയലിലേക്ക് ഒഴുകിയെത്തുന്നു. വര്‍ഷക്കാലത്ത് ഒരുമീറ്ററോളം ഉയരത്തില്‍ മിക്കയിടത്തും വെള്ളം കെട്ടിനില്‍ക്കും. ഇതിലൂടെ സംഭരിക്കുന്ന ഭൂഗര്‍ഭജലത്തിന്റെ റീചാര്‍ജിങ് ആണ് ഇരുകരകളിലെയും കിണറുകളിലെ ജലനാഡി. ഒരിക്കലും വറ്റാത്ത കിണറുകളും നീരുറവകളുമാണ് കീഴാറ്റൂരിന്റെ സമ്പത്ത്. 1850ല്‍ തുടങ്ങുന്നു ഇവിടത്തെ കാര്‍ഷിക പാരമ്പര്യം. കുറ്റിക്കോല്‍, കൂവോട്, കീഴാറ്റൂര്‍ പാടശേഖരസമിതികള്‍. ഈ കൂട്ടായ്മകളിലായി 400ഓളം കര്‍ഷകര്‍. വെള്ളക്കെട്ടു കാരണം ഒന്നാംകൃഷി എല്ലായിടത്തും സാധ്യമല്ല. രണ്ടാംവിള മുടക്കമില്ലാതെ തുടരുന്നു. നെല്ല് മാത്രമല്ല, പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, മധുരക്കിഴങ്ങ്, കപ്പ, വാഴ തുടങ്ങിയ വിളകളും കൃഷിചെയ്തു വരുന്നുണ്ട്. കൂടാതെ കന്നുകാലി പരിപാലനവും.
കാര്‍ഷികസംസ്‌കൃതിയില്‍ മാത്രമല്ല, രാഷ്ട്രീയ ഭൂപടത്തിലും കീഴാറ്റൂരിന് സവിശേഷ ഇടമുണ്ട്. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരും വളക്കൂറുമുള്ള ചുവന്ന മണ്ണ്. സിപിഎമ്മിന് ശക്തമായ അടിത്തറയുള്ള ഗ്രാമം. സിപിഎം പ്രവര്‍ത്തകരോ പാര്‍ട്ടി അനുഭാവികളോ ആണ് ജനസംഖ്യയില്‍ ഭൂരിഭാഗവും. മൂന്ന് ബ്രാഞ്ചുകളാണ് തളിപ്പറമ്പ് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ളത്. കീഴാറ്റൂര്‍ വടക്ക്, കീഴാറ്റൂര്‍ തെക്ക്, സെന്‍ട്രല്‍ എന്നിവ. പാര്‍ട്ടിക്ക് കീഴിലായി കര്‍ഷകത്തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള വര്‍ഗ ബഹുജന സംഘടനകളും.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരാണ് 45 മീറ്റര്‍ ദേശീയപാത ബൈപാസ് പദ്ധതി ആവിഷ്‌കരിച്ചത്. കോഴിക്കോട് നല്ലളം മുതല്‍ കാസര്‍കോട് വരെ നീളുന്ന ആറുവരി പാതയുടെ ഭാഗമായി കുപ്പം മുതല്‍ കുറ്റിക്കോല്‍ വരെ നീളുന്ന അഞ്ചു കിലോമീറ്റര്‍ അലൈന്‍മെന്റിനായി നടപടികള്‍ തുടങ്ങിയത് 2012ല്‍. തുടര്‍ന്നു വന്ന എല്‍ഡിഎഫ് സര്‍ക്കാരും പദ്ധതിയുമായി മുന്നോട്ടുപോയി. പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തിലേറി ആറുമാസം പിന്നിട്ട ശേഷമാണ് ബൈപാസ് സംബന്ധിച്ച ആശങ്കകള്‍ കീഴാറ്റൂര്‍ വയലിനു മീതെ വട്ടമിട്ടു പറക്കാന്‍ തുടങ്ങിയത്. രണ്ടു സാധ്യതകള്‍ ദേശീയപാത അതോറിറ്റി പരിശോധിച്ചു. കുറ്റിക്കോല്‍ മുതല്‍ കൂവോട്-പ്ലാത്തോട്ടം-മാന്തംകുണ്ട് വഴി കുപ്പം വരെയും, കുറ്റിക്കോല്‍-കൂവോട്-കീഴാറ്റൂര്‍ വഴി കുപ്പം വരെയും. 5.47 കിലോമീറ്റര്‍ നീളമുള്ളതാണ് കുറ്റിക്കോല്‍-പ്ലാത്തോട്ടം-കുപ്പം റൂട്ട്. ഏറ്റെടുക്കേണ്ടത് 26.17 ഹെക്റ്റര്‍ ഭൂമി. ഇതില്‍ 17.48 ഹെക്റ്റര്‍ സ്വകാര്യ ഉടമസ്ഥതയിലുള്ള കരഭൂമിയാണ്. കുറ്റിക്കോല്‍, മാന്തംകുണ്ട് ഭാഗങ്ങളിലെ 8.19 ഹെക്റ്റര്‍ തണ്ണീര്‍ത്തടം നികത്തേണ്ടിവരും. കൂടാതെ, ജനവാസകേന്ദ്രങ്ങളും ഏറെ. കുറ്റിക്കോല്‍-കൂവോട്-കീഴാറ്റൂര്‍ റൂട്ടാണ് ആദ്യ വിജ്ഞാപനമിറക്കിയ അലൈന്‍മെന്റ്. ജനവാസം കുറഞ്ഞ പ്രദേശത്തുക്കൂടി കടന്നുപോവുന്നു എന്നതാണ് പ്രധാന മേന്മ. ആറുകിലോമീറ്റര്‍ നീളം വരും. 29.11 ഹെക്റ്റര്‍ ഭൂമി ഏറ്റെടുക്കണം. ഇതില്‍ 21.09 ഹെക്റ്ററും വയല്‍പ്രദേശമോ തണ്ണീര്‍ത്തടമോ ആണ്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2016ല്‍ വിജ്ഞാപനം പുറത്തിറങ്ങി. രണ്ട് അലൈന്‍മെന്റുകള്‍ക്കുമെതിരേ സപ്തംബറില്‍ സിപിഎമ്മിന്റെ നേതൃത്വത്തില്‍ സമരം ആരംഭിച്ചു. സര്‍വേ തടസ്സപ്പെടുത്തിയവരെ പോലിസ് അറസ്റ്റ് ചെയ്തു നീക്കി. വീടുകള്‍ നഷ്ടപ്പെടുമെന്ന വാദം നിരത്തി പൂക്കോത്ത് തെരുവു വഴിയുള്ള അലൈന്‍മെന്റിന് എതിരായായിരുന്നു ആദ്യ സമരം. അലൈന്‍മെന്റ് കീഴാറ്റൂരിന്റെ കിഴക്കു ഭാഗത്തേക്ക് മാറ്റിയപ്പോഴും സമരം തുടര്‍ന്നു. തുടര്‍ന്നാണ് അലൈന്‍മെന്റ് ഇപ്പോഴുള്ള പടിഞ്ഞാറ് ഭാഗത്തേക്കു മാറ്റിയത്.
എന്നാല്‍, കീഴാറ്റൂരുകാര്‍ അടങ്ങിയിരുന്നില്ല. നേരത്തേ സമരത്തില്‍ സജീവമായിരുന്ന പാര്‍ട്ടി നേതൃത്വത്തെ ആശങ്കയറിയിച്ചു. വരാനിരിക്കുന്ന ഭവിഷ്യത്തുകളുടെ കണക്കുകള്‍ നിരത്തി. തുടക്കത്തില്‍ ബൈപാസ് പദ്ധതിക്ക് എതിരായിരുന്നു മൂന്ന് ബ്രാഞ്ച് കമ്മിറ്റികളും. പാര്‍ട്ടിസമ്മേളനങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയാക്കി. കൃഷിയിറക്കുന്നതിന്റെ മുന്നോടിയായി ട്രാക്റ്റര്‍ എത്തിച്ച് നിലമൊരുക്കുകയും ചെയ്തു. എന്നാല്‍, പിന്നീടാണ് കളി മാറിയത്, കഥകളും.

(അവസാനിക്കുന്നില്ല)
Next Story

RELATED STORIES

Share it