kannur local

വന്ധ്യംകരണ പദ്ധതി പാളി; തെരുവുനായ്ക്കള്‍ പെരുകുന്നു



ഇരിക്കൂര്‍: തെരുവുനായകളുടെ പ്രജനനം നിയന്ത്രിക്കുന്നതിനായി ജില്ലാ പഞ്ചായത്തും മൃഗസംരക്ഷണ വകുപ്പും ചേര്‍ന്ന് ആവിഷ്‌കരിച്ച തെരുവുനായ വന്ധ്യംകരണ പദ്ധതി ഇരിക്കൂറില്‍ പാളുന്നു. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പ്രഹസനമായതോടെ ഗ്രാമങ്ങൡ തെരുനായ്ക്കള്‍ പെറ്റുപെരുകുകയാണ്. നായ്ക്കളുടെ ശല്യം കാരണം ആളുകള്‍ക്ക് ഇപ്പോള്‍ സൈ്വരമായി യാത്രചെയ്യാന്‍ പോലും കഴിയുന്നില്ല. വന്ധ്യംകരണം നടത്താനാവശ്യമായ ക്രമീകരണങ്ങളെല്ലാം അധികൃതര്‍ നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. തെരുവുനായ വന്ധ്യംകരണം നടപ്പാക്കുന്ന ആനിമല്‍ റൈറ്റ്‌സ് ഫണ്ടിന്റെ ജീവനക്കാര്‍ നേരത്തെ നിശ്ചയിച്ച പ്രകാരമുള്ള പ്രദേശങ്ങളില്‍ പുലര്‍ച്ചെ എത്തിയാണ് തെരുവുനായ്ക്കളെ വലയിട്ട് പിടിക്കുക. പ്രത്യേക വാഹനത്തില്‍ പാപ്പിനിശേരിയിലെ കേന്ദ്രത്തിലെത്തിച്ച ശേഷം പ്രത്യേകം സജ്ജമാക്കിയ ഇരുമ്പുകൂടുകളില്‍ പാര്‍പ്പിക്കും. നായകളുടെ തൂക്കത്തിനനുസരിച്ച് അനസ്തീഷ്യ നല്‍കിയ ശേഷമാണ് പ്രത്യേകമുറിയില്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കുക. ഇത് പൂര്‍ത്തിയാവാന്‍ ആണിന് 20 മിനുട്ടും പെണ്ണിന് 45 മിനുട്ടുമാണെടുക്കുക. അതിനുശേഷം പേവിഷബാധയ്‌ക്കെതിരായ വാക്‌സിന്‍ കുത്തിവയ്ക്കും. ശസ്ത്രക്രിയക്ക് മുമ്പും ശേഷവുമുള്ള ഫോട്ടോ എടുത്തുസൂക്ഷിക്കും. രണ്ടോ മൂന്നോ ദിവസം കൂട്ടില്‍ ഒന്നിച്ച് താമസിപ്പിച്ച് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ഉറപ്പുവരുത്തിയശേഷം വലതു ചെവിയില്‍ വി ആകൃതിയില്‍ അടയാളമിട്ടാണ് തിരികെ പിടികൂടിയ സ്ഥലത്ത് കൊണ്ടുവിടുക. ഗുരുതര രോഗം ബാധിച്ചവയെ ദയാവധത്തിന് വിധേയമാക്കി സംസ്‌കരിക്കും. ഒരു ഡോക്ടര്‍, നാല് നായ പിടിത്തക്കാര്‍, ഡ്രൈവര്‍, അറ്റന്‍ഡര്‍ എന്നിവരാണ് ആനിമല്‍ റൈറ്റ്‌സ് ഫണ്ട് സംഘത്തിലുള്ളത്. ആവശ്യത്തിനനുസരിച്ച് ജീവനക്കാരുടെ എണ്ണം കൂട്ടും. അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍(എബിസി) പദ്ധതിപ്രകാരം ഗ്രാമങ്ങൡ പഞ്ചായത്ത് പ്രസിഡന്റുമാര്‍, സീനിയര്‍ വെറ്റിനറി സര്‍ജന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പദ്ധതികള്‍ തീരുമാനിച്ചത്. എന്നാല്‍ ക്രമേണ പദ്ധതി പാളുകയായിരുന്നു.
Next Story

RELATED STORIES

Share it