thrissur local

വടൂക്കര റെയില്‍വേ മേല്‍പ്പാലം: സന്മാര്‍ഗ ദീപം ഗ്രാമീണ വായനശാല പ്രക്ഷോഭത്തിലേക്ക്

തൃശൂര്‍: വടൂക്കരയില്‍ റെയില്‍വേ മേല്‍പ്പാലം പണിയണം എന്നാവശ്യപ്പെട്ട് ജനകീയ പ്രക്ഷോഭത്തിന് തുടക്കം കുറിക്കാന്‍ വടൂക്കര സന്മാര്‍ഗ ദീപം ഗ്രാമീണ വായനശാല തീരുമാനിച്ചു. ഇതിന്റെ മുന്നോടിയായി നാലിന് വൈകീട്ട് നാലിന് വായനശാല ഹാളില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. പ്രക്ഷോഭം എന്ന് തുടങ്ങണമെന്നും മറ്റും കൂട്ടായ്മയില്‍ തീരുമാനിക്കുമെന്ന് വായനശാല ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വടൂക്കരയിലെ റെയില്‍വെ ഗേറ്റ് ജന ജീവിതത്തെ ദുസഹമാക്കിയിരിക്കുകയാണ്. പലപ്പോഴും രണ്ടും മൂന്നും ട്രെയിനുകള്‍ കടന്നുപോകാന്‍ ഗേറ്റ് അടച്ചിടുന്നുണ്ട്. ഇത്തരം ഘട്ടങ്ങളില്‍ അര മണിക്കുറിലേറെ വാഹനങ്ങള്‍ ഗേറ്റില്‍ കുടുങ്ങുന്നു. വാഹനനിര കിലോമീറ്ററുകള്‍ നീളുന്നു.
ഈ വാഹനങ്ങള്‍ മുഴുവന്‍ കടന്നുപോകുമ്പാഴേക്കും അടുത്ത ട്രെയനിനായി ഗേറ്റ് അടക്കാറുമുണ്ട്. ഗേറ്റിെന്റ കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങളില്‍ റോഡ് രണ്ടായി തിരിയുന്നുണ്ട്. വാഹന നിര കൂടുമ്പോള്‍ ഈ ഭാഗത്ത് ഗതാഗതക്കുരുക്ക് ഉണ്ടാന്നതും സാധാരണമായിരിക്കുകയാണ്.
ഇക്കാരണങ്ങളാല്‍ വിദ്യാര്‍ഥികളും ജോലിക്കാരുമാണ് സമയത്തിന് സ്‌കൂൡലും ജോലി സ്ഥലത്തും എത്താനാവാതെ ഏറെ പ്രയാസപ്പെടുന്നത്. അത്യാസന്ന ഘട്ടത്തില്‍ രോഗികളെ ആശുപത്രിയില്‍ എത്തിക്കാനും പറ്റാതായിരിക്കുകയാണ്. ഗേറ്റില്‍ കുരുങ്ങി പല രോഗികളും ചികല്‍സ കിട്ടാതെ മരിച്ചിട്ടുണ്ട്.
ജില്ലയുടെ തെക്ക്, കിഴക്ക് ഭാഗത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നുള്ള ജന പ്രതിനിധികളും ഉദ്യോഗസ്ഥരും കലക്ടറേറ്റിലേക്ക് പോകുന്നത് വടൂക്കര വഴിയാണ്. എംഎല്‍എമാരും മന്ത്രിമാരും അടക്കമുള്ള ജനപ്രതിനിധികള്‍ ഗേറ്റില്‍ കുടുങ്ങിയിട്ടുണ്ട്. ഈ ഭാഗങ്ങളില്‍ നിന്ന് വാടാനപ്പിള്ളി, കുന്നംകുളം ഭാഗങ്ങളിലേക്ക് പോകുന്ന വാഹനങ്ങളും തൃശൂര്‍ നഗരം കയറാതെ പോകാന്‍ വടൂക്കര വഴിയെയാണ് ആശ്രയിക്കുന്നത്.
തൃശൂര്‍ റെയില്‍വെ ഗുഡ്‌ഷെഡില്‍ നിന്നുള്ള ചരക്ക് വണ്ടികള്‍ കുരിയിച്ചിറ വെയര്‍ ഹൗസിലേക്ക് കൊണ്ടുപോകുന്നതും ഇതുവഴിയാണ്. നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടായാലും വാഹനങ്ങള്‍ കടന്നു പോകുന്നത് വടൂക്കര വഴിയാണ്. ഇക്കാരണത്താല്‍ ഇതുവഴിയുള്ള വാഹന ഗതാഗതം ക്രമാതീതമായി വര്‍ധിച്ചിരിക്കുകയാണ്. ഗേറ്റ് കേട് വന്നാല്‍ മൂന്ന് ദിവസം വരെ ഇതുവഴിയുള്ള ഗതാഗതം മുടങ്ങാറുണ്ട്. കടുത്ത ദുരിതമാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് വടൂക്കരയില്‍ മേല്‍പ്പാലം പണിയേണ്ട സമയം അതിക്രമിച്ചിരിക്കയാണ്. ഗതാഗത തിരക്ക് കണക്കിലെടുത്ത് ഈ ഗേറ്റിനെ സ്‌പെഷല്‍ ക്ലാസിലാണ് റെയില്‍വെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2014 ഡിസംബറില്‍ റെയില്‍വെ നടത്തിയ സര്‍വെയില്‍ വടൂക്കര വഴിയുള്ള ഗതാഗതം 3,81.800 ട്രാഫിക്ക് വെഹിക്കിള്‍ യൂനിറ്റാണ്. ഇത് ഒരു ലക്ഷം കവിഞ്ഞാല്‍ മേല്‍പ്പാലം പണിയണമെന്നാണ് റെയില്‍വെയുടെ മാനദണ്ഡം. എന്നാല്‍, റെയില്‍വെ ജനങ്ങളുടെ പ്രയാസം കണക്കിലെടുക്കുന്നില്ല. നഗരസഭയുടെ മാസ്റ്റര്‍ പ്ലാനില്‍ ഔട്ടര്‍ റിങ്ങ് റോഡ് കടന്നുപോകേണ്ടത് വടൂക്കര വഴിയാണ്. ഇവിടെ മേല്‍പ്പാലം യാഥാര്‍ഥ്യമാക്കുന്നതില്‍ നഗരസഭക്കും തുല്ല്യ ഉത്തരവാദിത്തമുണ്ട്. ഇക്കാര്യത്തില്‍ നഗരസഭയും അനങ്ങുന്നില്ല. ഈ സാഹചര്യത്തിലാണ്  ജനകീയ പ്രക്ഷോഭം നടത്താന്‍ വായനശാല തീരുമാനിച്ചത്. വടൂക്കരയുടെ ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹരിച്ച ചരിത്രമാണ് വായനശാലക്കുള്ളത്. റോഡ്, കുടിവെള്ളം, വൈദ്യുതി, ബസ് ഗതാഗതം, തപാല്‍ ഓഫീസ് എന്നിവ നേടിയെടുത്തത് വായനശാല നടത്തിയ സമരങ്ങളുടെ ഫലമായാണ്. ദശാബ്ദങ്ങള്‍ക്കു മുമ്പ് വടൂക്കരയില്‍ വസൂരി പടര്‍ന്നപ്പോള്‍ രോഗികളെ ശുശ്രൂഷിക്കാന്‍ രംഗത്തിറങ്ങിയതും വായനശാലയാണ്. ഈ പ്രശ്‌നവും ഏറ്റെടുക്കേണ്ടത് വായനശാലയാണെന്ന് നിര്‍വാഹക സമിതി തീരുമാനിച്ചത് ഈ പശ്ചാത്തലത്തിലാണ്. വാര്‍ത്താസമ്മേളനത്തില്‍ വായനശാല പ്രസിഡന്റ് തിലകന്‍ കൈപ്പുഴ, എന്‍ കെ ജയന്‍, മുഹമ്മദ്, സോഫി തിലകന്‍, വി വി വിനോദ് പങ്കെടുത്തു.
Next Story

RELATED STORIES

Share it