യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്നു തുടങ്ങും

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ്‌വിഭജന ചര്‍ച്ചകള്‍ ഇന്ന് ആരംഭിക്കും. മുസ്‌ലിം ലീഗ്, കേരളാ കോണ്‍ഗ്രസ്(എം), ആര്‍എസ്പി, ജെഡിയു, കേരളാ കോണ്‍ഗ്രസ്(ജേക്കബ്) എന്നിവരാണ് യുഡിഎഫില്‍ നിലവിലുള്ള ഘടകകക്ഷികള്‍.
കേരളാ കോണ്‍ഗ്രസ്(ബി) മുന്നണിവിടുകയും സിഎംപി, ജെഎസ്എസ് എന്നിവരെ പുറത്താക്കുകയും ചെയ്ത സാഹചര്യത്തില്‍ അവര്‍ കൈവശം വച്ചിരുന്ന എട്ടു സീറ്റുകളിലും ഘടകകക്ഷികള്‍ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗും കേരള കോണ്‍ഗ്രസ് എമ്മും രണ്ടു സീറ്റ് വീതം കൂടുതല്‍ ചോദിച്ചിട്ടുണ്ട്. ആര്‍എസ്പി ആറു സീറ്റും ജെഡിയു 9 സീറ്റുമാണ് ആവശ്യപ്പെടുന്നത്.
കൊല്ലം, കുണ്ടറ സീറ്റുകളിലൊന്നാണ് ആര്‍എസ്പി ലക്ഷ്യമിടുന്നത്. സീറ്റുകളെ ചൊല്ലി പിളര്‍പ്പിന്റെ വക്കിലെത്തി നില്‍ക്കുന്ന കേരളാ കോണ്‍ഗ്രസ് എമ്മിനും നിലവിലെ പ്രതിസന്ധി പരിഹരിക്കണമെങ്കില്‍ അധികസീറ്റ് ആവശ്യപ്പെട്ടേ മതിയാവൂ. കഴിഞ്ഞതവണ ആകെ ലഭിച്ച 15 സീറ്റുകളില്‍ നാലെണ്ണത്തില്‍ മല്‍സരിച്ച പി ജെ ജോസഫ് വിഭാഗം ഇത്തവണ ആറു സീറ്റാണ് കെ എം മാണിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
സിഎംപിക്കും ജെഎസ്എസ്സിനും ഒാരോ സീറ്റുവീതം നല്‍കാനാണ് കോണ്‍ഗ്രസ് തീരുമാനം. അതേസമയം, സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന കടുത്ത നിലപാടിലാണ് കോണ്‍ഗ്രസ്. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് പരസ്യചര്‍ച്ചയ്ക്ക് താനില്ലെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it